കാശ് കള്ളന്‍‌മാര്‍ കൊണ്ടുപോയി, തിരിച്ചുപിടിക്കാന്‍ പൊലീസ്!

ബുധന്‍, 1 ഒക്‌ടോബര്‍ 2014 (14:59 IST)
ഓണക്കാലത്തെ സര്‍പ്രൈസ് ഹിറ്റായിരുന്നു സപ്തമ ശ്രീ തസകരാഃ. പൃഥ്വിരാജ് നായകനായ ആ സിനിമ മമ്മൂട്ടിയുടെ രാജാധിരാജയ്ക്ക് ചെറിയ വെല്ലുവിളിയൊന്നുമല്ല ഉയര്‍ത്തിയത്. പടം സൂപ്പര്‍ഹിറ്റായതോടെ പൃഥ്വിരാജിന്‍റെ താരമൂല്യം വീണ്ടും ഉയര്‍ന്നു. ഇപ്പോഴിതാ, ആ സിനിമയുടെ ആവേശം അവസാനിക്കുന്നതിന് മുമ്പുതന്നെ വീണ്ടും ഒരു തകര്‍പ്പന്‍ സിനിമയുമായി പൃഥ്വിരാജ് വരുന്നു.
 
'ടമാര്‍ പഠാര്‍' ഒക്ടോബര്‍ മൂന്നിനാണ് പ്രദര്‍ശനത്തിനെത്തുന്നത്. ദിലീഷ് നായര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ എ സി പി പൌരന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 'തിര്വന്തോരം' ശൈലിയിലുള്ള സംഭാഷണങ്ങളായിരിക്കും ചിത്രത്തിന്‍റെ ഹൈലൈറ്റ്.
 
സുകുമാരക്കുറുപ്പിനെ പിടികൂടുക എന്ന ആഗ്രഹവുമായി ജീവിക്കുന്ന പൌരന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി പൃഥ്വിരാജ് എത്തുമ്പോള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന മറ്റ് ചില ഘടകങ്ങളുമുണ്ട്. 'ക്രോസ് ബെല്‍റ്റ് മണി' എന്ന കഥാപാത്രമായി എത്തുന്ന ചെമ്പന്‍ വിനോദ് ജോസും 'ജമ്പര്‍ തമ്പി' എന്ന കഥാപാത്രമാകുന്ന ബാബുരാജും.
 
1983ലെ 'വല്‍‌സല'യെ അനശ്വരമാക്കിയ ശ്രിന്ദ അഷാബാണ് ചിത്രത്തിലെ നായിക. സപ്തമ ശ്രീ തസകരാഃയിലെ കള്ളന്‍‌മാര്‍ ഓണക്കാലത്ത് മലയാള സിനിമയുടെ ബോക്സോഫീസ് കൊള്ളയടിച്ചെങ്കില്‍ ആ പണം തിരിച്ചുപിടിക്കാനാണ് ടമാര്‍ പഠാറിലെ പൊലീസ് എത്തുന്നത്.

വെബ്ദുനിയ വായിക്കുക