കസബ തിയേറ്ററുകളിലെത്തി അധികം വൈകാതെയാണ് മമ്മൂട്ടിയുടെ തന്നെ ‘വൈറ്റ്’ പ്രദര്‍ശനത്തിനെത്തിയത്. കസബ പോലെ ഒരു മാസ് പടമല്ല വൈറ്റ് എന്നറിയാം. അതുകൊണ്ടുതന്നെ അത്രവലിയ ഒരു ഓപ്പണിംഗ് ഈ സിനിമയ്ക്ക് ലഭിക്കില്ല. എന്നാല്‍ ഒരു മമ്മൂട്ടിച്ചിത്രത്തിന് ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത രീതിയിലുള്ള തകര്‍ച്ചയാണ് വൈറ്റ് നേരിടുന്നത്.
ഉദയ് അനന്തന്‍ സംവിധാനം ചെയ്ത ഈ പ്രണയചിത്രം രണ്ട് ദിവസം കൊണ്ട് സ്വന്തമാക്കിയത് വെറും 55 ലക്ഷം രൂപയാണ്. ആദ്യ ദിനം 29 ലക്ഷവും രണ്ടാം ദിവസം 26 ലക്ഷവുമായിരുന്നു കളക്ഷന്‍. ഒരു മമ്മൂട്ടിച്ചിത്രമാണെന്ന പരിഗണന പോലും നല്‍കാതെയാണ് പ്രേക്ഷകര്‍ വൈറ്റിനെ നിഷ്കരുണം വലിച്ചെറിഞ്ഞിരിക്കുന്നത്. ഈ സിനിമയുടെ കനത്ത പരാജയം മമ്മൂട്ടിയുടെ താരമൂല്യത്തിന് വന്‍ ഇടിവുണ്ടാക്കുമെന്ന് ആശങ്കയുണ്ട്.
എന്നാല്‍ ഇത്രയും പരിതാപകരമായ പ്രകടനം ഒരു മമ്മൂട്ടിച്ചിത്രം നടത്തുന്നത് ഇതാദ്യമല്ല. അഛാ ദിന്‍ എന്ന മമ്മൂട്ടിച്ചിത്രം ആദ്യ ദിനത്തില്‍ നേടിയത് വെറും 18 ലക്ഷം രൂപയായിരുന്നു. രണ്ടുദിവസത്തെ കളക്ഷന്‍ 50 ലക്ഷത്തില്‍ താഴെ. ഏറ്റവും കുറഞ്ഞത് അഞ്ചുകോടി രൂപയെങ്കിലും മുടക്കിയാണ് മമ്മൂട്ടിച്ചിത്രങ്ങളുടെ ജോലി പൂര്‍ത്തിയാവുക. ഇത്തരം മോശം പ്രകടനങ്ങള്‍ നിര്‍മ്മാതാവിന് വരുത്തിവയ്ക്കുന്ന നഷ്ടം എത്ര വലുതാണെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. വമ്പന്‍ നിര്‍മ്മാണക്കമ്പനിയായ ഇറോസ് ഇന്‍റര്‍നാഷണലാണ് വൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.