'കത്തി'ക്കെതിരെ പ്രതിഷേധം, തിയേറ്ററുകള്‍ തകര്‍ത്തു, റിലീസ് അനിശ്ചിതത്വത്തില്‍

Webdunia
ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (09:44 IST)
എ ആര്‍ മുരുഗദോസ് - വിജയ് ടീമിന്റെ 'കത്തി' ബുധനാഴ്ച റിലീസ് ചെയ്യാനിരിക്കെ തമിഴ്നാട്ടില്‍ ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാര്‍ രണ്ട് തിയേറ്ററുകള്‍ തകര്‍ത്തതോടെ കത്തിയുടെ തമിഴ്നാട്ടിലെ റിലീസ് അനിശ്ചിതത്വത്തിലായി.

ചെന്നൈയിലെ ഏറ്റവും പ്രധാനപ്പെട്ട തിയേറ്ററുകളായ സത്യം സിനിമാസ്, വുഡ്‌ലാന്‍ഡ്സ് എന്നിവയ്ക്കെതിരെയാണ്‌ അക്രമമുണ്ടായത്. സത്യം സിനിമാസിന്റെ ഗ്ളാസുകളെല്ലാം ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. വുഡ്‌ലാന്‍ഡ്സിന്‌ നേരെ കല്ലേറുണ്ടായി.

ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക എന്ന കമ്പനിക്ക് ശ്രീലങ്കന്‍ സര്‍ക്കാരുമായി ബന്ധമുണ്ടെന്ന ആരോപണമാണ്‌ തമിഴ് സംഘടനകളെ പ്രകോപിപ്പിച്ചിരിക്കുന്നത്. സംവിധായകന്‍ മുരുഗദോസും നിര്‍മ്മാതാക്കളും സംഘടനകളുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടും ഫലം കാണാന്‍ കഴിഞ്ഞിട്ടില്ല എന്നാണ്‌ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്.

നേരത്തേ വിജയുടെ തലൈവാ എന്ന സിനിമയ്ക്ക് നേരെയും സമാനമായ പ്രതിഷേധ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അന്ന് 10 ദിവസത്തിലേറെ വൈകിയാണ്‌  തമിഴ്നാട്ടില്‍ തലൈവയുടേ പ്രദര്‍ശനം ആരംഭിക്കാന്‍ കഴിഞ്ഞത്.

വിജയ് ഡബിള്‍ റോളില്‍ അഭിനയിക്കുന്ന കത്തിയില്‍ സമാന്തയാണ്‌ നായിക. അനിരുദ്ധ് സംഗീതം ചെയ്ത ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റാണ്‌.