തമിഴകത്ത് ഇത് ദുല്‍ക്കര്‍ സല്‍മാന്റെ കാലം. കണ്ടുമടുത്ത താരങ്ങള്‍ക്കും അഭിനയ ശൈലികള്‍ക്കും തിരിച്ചടി നല്‍കിക്കൊണ്ട് പുതുമയാര്‍ന്ന അഭിനയ രീതികളുമായി ദുല്‍ക്കര്‍ സല്മാന് തമിഴ് മനസ് കീഴടക്കുന്നു. ‘ഓ കാതല്‍ കണ്മണി’ മെഗാഹിറ്റായി മാറുകയാണ്.
സമീപകാലത്ത് തമിഴ് സിനിമ ഇത്തരമൊരു വിജയം കണ്ടിട്ടില്ല. റിലീസായി ആദ്യത്തെ അഞ്ചുദിവസത്തേക്ക് ചെന്നൈയിലെ എല്ലാ തിയേറ്ററുകളിലും എല്ലാ ഷോയും ഹൌസ് ഫുള്ളാണ്. മണിരത്നത്തിന്റെ ഊര്‍ജ്ജസ്വലമായ ആഖ്യാനമാണ് OKKയുടെ പ്രധാന ആകര്‍ഷണ ഘടകം.
എ ആര് റഹ്മാന്റെ ഗാനങ്ങള്‍, പി സി ശ്രീറാമിന്റെ ക്യാമറ, ദുല്‍ക്കര്‍-നിത്യ-പ്രകാശ്രാജ് എന്നിവരുടെ അഭിനയപ്രകടനം എന്നിവ സിനിമയെ ഗംഭീരമാക്കി. ഓരോ ദിവസവും ചിത്രത്തിന് തിരക്കേറിവരുന്ന കാഴ്ചയാണ് ചെന്നൈയില്‍ കാണാനാകുന്നത്.
ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും ഗംഭീര പ്രകടനമാണ് കാതല്‍ കണ്മണി കാഴ്ചവയ്ക്കുന്നത്. ആദ്യ രണ്ടുദിനങ്ങളില്‍ അമേരിക്കയില്‍ രണ്ടുകോടിയോളമാണ് ചിത്രത്തിന് കളക്ഷന്‍.