ഇത്തവണത്തെ ഓണത്തിന് ജനപ്രിയനായകന്റെ സിനിമയുണ്ടാകില്ല. ഓണത്തിനായി നിശ്ചയിച്ചിരുന്ന ‘ലൈഫ് ഓഫ് ജോസൂട്ടി’ സെപ്റ്റംബറിലേക്ക് മാറ്റി. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് റിലീസ് മാറ്റിവയ്ക്കുന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ഫാമിലി എന്റര്ടെയ്നര് ഓണം റിലീസായാണ് പ്ലാന്‍ ചെയ്തിരുന്നത്. ദൃശ്യത്തിനു ശേഷം ജീത്തു സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കപ്പെട്ട സിനിമയാണിത്. അതുകൊണ്ടുതന്നെ സൂപ്പര്‍താരങ്ങളുടെ സിനിമയ്ക്ക് ഈ ചെറിയ സിനിമ വന്‍ ഭീഷണിയുയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മോഹന്‍ലാല്‍ - രഞ്ജിത് ടീമിന്റെ ലോഹം, മമ്മൂട്ടി - കമല്‍ ടീമിന്റെ ഉട്ടോപ്യയിലെ രാജാവ് എന്നീ വമ്പന്‍ സിനിമകളാണ് ഓണത്തിന് പോരടിക്കാനെത്തുന്നത്. അതിനിടയില്‍ ജോസൂട്ടി കൂടി എത്തിയാല്‍ വമ്പന്‍ താരയുദ്ധം തന്നെ നടക്കുമായിരുന്നു.
ജീത്തു ജോസഫിന്റെ സ്വപ്നപദ്ധതിയാണ് ലൈഫ് ഓഫ് ജോസൂട്ടി. സാധാരണ കഥകളില്‍ നിന്ന് വ്യത്യസ്തമായി അല്‍പ്പം ഫാന്റസിയൊക്കെ കലര്‍ത്തിയാണ് ജീത്തു ഇത്തവണ സിനിമയൊരുക്കുന്നത്.
ജോസൂട്ടി എന്ന കഥാപാത്രത്തിന്റെ എട്ടുമുതല്‍ 38 വരെയുള്ള ജീവിതമാണ് ഈ സിനിമ വിഷയമാക്കുന്നത്. ജ്യോതികൃഷ്ണയും രചന നാരായണന്‍കുട്ടിയുമാണ് നായികമാര്‍. കാശ്മീരി മോഡല്‍ അക്ഷ ഭട്ട് ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാജേഷ് വര്‍മ തിരക്കഥയെഴുതുന്ന സിനിമയുടെ ഛായാഗ്രഹണം രവിചന്ദ്രന്‍.