ഒരു കട്ടന്‍ ചായ കിട്ടുമോ? - വീട്ടമ്മയോട് മമ്മൂട്ടി!

ബുധന്‍, 9 ഓഗസ്റ്റ് 2017 (11:11 IST)
പെട്ടന്നൊരു ദിവസം മെഗാസ്റ്റാര്‍ മമ്മൂട്ടി മുന്നില്‍ വന്ന് നിന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യും?. പെട്ടന്ന് ഉത്തരം നല്‍കാന്‍ കഴിഞ്ഞെന്ന് വരില്ല. ഇങ്ങനെയൊരു അനുഭവം ഒരു വീട്ടമ്മയ്ക്കാണെങ്കിലോ? അത്തരമൊരു സംഭവം വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവല്ലയില്‍ സംഭവിച്ചിട്ടുണ്ട്.
 
പവിത്രന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച ‘ഉത്തരം’ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് സംഭവം. തിരുവല്ലയിലെ ഗ്രാമപ്രദേശത്താണ് ചിത്രീകരണം നടക്കുന്നത്. ഒരു വശത്ത് കരിമ്പിന്‍ തോട്ടം. മറുവശത്ത് ഒരു വലിയ കുന്ന്. ചിത്രീകരണം നടക്കുന്ന പ്രദേശത്ത് കണ്ണെത്താ ദൂരത്തൊന്നും വീടുകള്‍ ഇല്ല. ആകെയുള്ളത് കുന്നിന്റെ മുകളില്‍ ഒരു ചെറിയ വീടാണ്. 
 
പതിവുപോലെ മമ്മൂട്ടി ഷൂട്ടിങ്ങിനായി നേരത്തേ ലൊക്കേഷനില്‍ എത്തി. പട്ടണം റഷീദും സംവിധായകനും ക്യാമറാമാനും അടക്കം വളരെ കുറച്ച് പേരെ ലൊക്കെഷനില്‍ ഉണ്ടായിരുന്നുള്ളു. ലൊക്കെഷനില്‍ ചായ നല്‍കുന്ന പ്രൊഡകഷന്‍ ബോയ്സോ ചായയോ അപ്പോള്‍ എത്തിയിരുന്നില്ല. 
 
ചായ അന്വേഷിച്ച മമ്മൂട്ടി റഷീദിനോട് ഇങ്ങനെ പറഞ്ഞു. ‘റഷീദേ, ഒരു ചായ കിട്ടിയാല്‍ തരക്കേടില്ലായിരുന്നു.’ ആവശ്യം കേട്ടതും ചായ എത്തിക്കാന്‍ വല്ല വഴിയുമുണ്ടോന്ന് റഷീദ് ആലോചിച്ചു. അങ്ങനെ കുന്നിന്‍ മുകളിലെ വീട് മാത്രമായി അവരുടെ ആശ്രയം. ആ സമയത്ത് വീടിന്റെ വാതില്‍ തുറന്ന് ഒരു സ്ത്രീ പുറത്തേക്കിറങ്ങി വന്നു. ഷൂട്ടിങ്ങും മമ്മൂട്ടിയെയും ഒക്കെ കണ്ട് ആകെ അമ്പരപ്പിലായിരുന്നു അവര്‍.
 
അവരെ കണ്ടതും മമ്മൂട്ടി ഉറക്കെ ഒരു കട്ടന്‍ ചായ കിട്ട്വോ എന്ന് ചോദിച്ചുവത്രേ! പത്തുമിനിറ്റിനുള്ളില്‍ ആ സ്ത്രീ ചായയുമായി വന്നു. ചായ കുടിച്ചുകഴിഞ്ഞതും ആ സ്ത്രീ പട്ടണം റഷീദിനോട് പറഞ്ഞു. ‘ഞാനിന്നലെ ഒരു സ്വപ്നം കണ്ടു. മമ്മൂട്ടിക്ക് ചായ കൊടുക്കുന്നതായിട്ട്.’ അതുകേട്ടതും ഒരമ്പരപ്പ് റഷീദിന്റെ മനസ്സിലും തോന്നാതിരുന്നില്ല. സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ് ഈ കഥ.

വെബ്ദുനിയ വായിക്കുക