അമല്‍ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തില്‍ തന്നെ വില്ലനാക്കാന്‍ മമ്മൂട്ടി ആദ്യം വിസമ്മതിച്ചു എന്ന് പൃഥ്വിരാജ്. പിന്നീട് ആലോചിച്ച ശേഷമാണ് അദ്ദേഹം സമ്മതം മൂളിയതെന്നും പൃഥ്വിരാജ്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ് നിര്‍മ്മിക്കുന്ന അമല്‍ നീരദ് - മമ്മൂട്ടിച്ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും.
“ഈ സിനിമയില്‍ നായകനായി മമ്മൂട്ടിയെയും വില്ലനായി ഹിന്ദി സിനിമയില്‍ നിന്ന് ആരെയെങ്കിലും കൊണ്ടുവരാനുമായിരുന്നു ആദ്യം തീരുമാനിച്ചത്. കഥാചര്‍ച്ച ഏറെ മുന്നോട്ടുപോയ ശേഷമാണ് വില്ലന്‍വേഷം പൃഥ്വിക്ക് തന്നെ ചെയ്തുകൂടേ എന്നു അമല്‍നീരദ് എന്നോടു ചോദിച്ചത്. ഉടന്‍ തന്നെ ഞാന്‍ സമ്മതം മൂളി. എന്നാല്‍ ഇക്കാര്യം മമ്മൂട്ടിയോടു പറഞ്ഞപ്പോള്‍ ‘അതു വേണോ?’ എന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്. പിന്നീട് മമ്മൂട്ടിയും ഓ കെ പറഞ്ഞു. അതോടെ ആ ചിത്രത്തിലെ വില്ലന്‍ വേഷത്തിലേക്ക് ഞാന്‍ എത്തുകയായിരുന്നു” - പൃഥ്വിരാജ് മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
1980 കളില്‍ കേരളത്തിലെ ഒരു മലയോര പട്ടണത്തില്‍ നടക്കുന്ന കഥയാണ് ഈ സിനിമ പറയുന്നത്. “അമല്‍ നീരദിന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും പുതിയ സിനിമ. ആരെന്തൊക്കെ പറഞ്ഞാലും അന്‍വര്‍ നല്ലൊരു കൊമേഴ്സ്യല്‍ പടമാണ്. അന്‍വര്‍ പരാജയപ്പെട്ടെന്നു കരുതി അമല്‍ നീരദിനെ എഴുതിത്തള്ളുന്നത് നീതികേടാണ്.” - പൃഥ്വിരാജ് പറയുന്നു.
ശങ്കര്‍ രാമകൃഷ്ണനാണ് അമല്‍ നീരദ് - മമ്മൂട്ടി - പൃഥ്വിരാജ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. മമ്മൂട്ടിയും പൃഥ്വിരാജും മേക്കപ്പില്ലാതെ അഭിനയിക്കുന്നു എന്നത് ഈ സിനിമയുടെ പ്രത്യേകതയായിരിക്കും. അമല്‍ നീരദ് തന്നെയായിരിക്കും സിനിമയുടെ ഛായാഗ്രഹണവും.
പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമയാണ് ഇത്. “മള്‍ട്ടിസ്റ്റാര്‍ ചിത്രം എന്ന നിലയിലല്ല 'പോക്കിരിരാജ' വിജയിച്ചത്. ആ പടം കാണുമ്പോള്‍ രണ്ടര മണിക്കൂര്‍ ആഘോഷമാണ് ജനങ്ങള്‍ ആഗ്രഹിച്ചിരുന്നത്. ആ ആവശ്യം സിനിമ നൂറുശതമാനം നിറവേറ്റി. പ്രമേയം ആവശ്യപ്പെടുന്ന തരത്തില്‍ വിവിധ താരങ്ങളെ ഉള്‍പ്പെടുത്തി സിനിമയെടുക്കുന്നതില്‍ തെറ്റില്ല എന്നാണെന്റെ അഭിപ്രായം. എന്നാല്‍ താരങ്ങളുടെ ഡേറ്റ് കിട്ടി എന്നതുകൊണ്ട് അവര്‍ക്കു പറ്റിയൊരു കഥയുണ്ടാക്കാം എന്നു കരുതി മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളുണ്ടാക്കിയാല് ജനത്തിനത് പെട്ടെന്ന് മടുക്കും. ഒരു ട്വന്റി ട്വന്റി വിജയിച്ചതുകൊണ്ട് ഇനിയിറങ്ങുന്ന എല്ലാ മള്‍ട്ടിസ്റ്റാര്‍ പടങ്ങളും വിജയിക്കണമെന്നില്ല.” - പൃഥ്വിരാജ് പറയുന്നു.