ആ നാട്ടിൽ മമ്മൂട്ടിയാണ് എല്ലാം!

ചൊവ്വ, 6 ഡിസം‌ബര്‍ 2016 (13:43 IST)
മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട്, ജയറാം - സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ - സത്യന്‍ അന്തിക്കാട് എന്നീ കൂട്ടുകെട്ടുകള്‍ മലയാള സിനിമാ ബോക്‌സോഫീസിനെ പണം കൊണ്ട് നിറച്ചവയാണ്‌. എന്നാല്‍ അത്രയൊന്നും വിജയിച്ച കൂട്ടുകെട്ടല്ല സത്യന്‍ അന്തിക്കാട് - മമ്മൂട്ടി കൂട്ടുകെട്ട്. വലിയ വിജയങ്ങള്‍ ഉണ്ടായില്ലെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്തിയ ഒരു സിനിമ പോലും ഈ ടീമില്‍ നിന്ന് ഉണ്ടായിട്ടില്ല എന്നത് വസ്‌തുത.
 
മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുമോ? അത്തരത്തിലുള്ള ചില വാര്‍ത്തകള്‍ അണിയറയില്‍ പ്രചരിക്കുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും സത്യനും ഒരുക്കുന്നത് നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യപ്രസക്തിയുള്ള ഒരു കുടുംബ ചിത്രമാണെന്നാണ്‌ വിവരം. ഗോളാന്തരവാര്‍ത്തയിലെ രമേശന്‍ നായരെപ്പോലെ രസകരമായ ഒരു കഥാപാത്രമാണ്‌ മമ്മൂട്ടിക്കായി അണിയറയില്‍ ഒരുങ്ങുന്നതെന്നാണ്‌ റിപ്പോര്‍ട്ട്. പൊലീസും പഞ്ചായത്ത് മെമ്പറും പഞ്ചായത്ത് പ്രസിഡൻറുമൊക്കെയുണ്ടെങ്കിലും എല്ലാ ആവശ്യങ്ങൾക്കും രമേശൻ നായർ എന്ന സാധാരണക്കാരനെ ആശ്രയിക്കുന്ന ഒരു ഗ്രാമത്തെക്കുറിച്ചായിരുന്നു ഗോളാന്തര വാർത്ത.
 
1997ല്‍ ഒരാള്‍ മാത്രം എന്ന സിനിമയാണ്‌ മമ്മൂട്ടി - സത്യന്‍ കൂട്ടുകെട്ടില്‍ അവസാനം വന്നത്. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അര്‍ത്ഥം, കളിക്കളം, കനല്‍ക്കാറ്റ്, ഗോളാന്തരവാര്‍ത്ത,  നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ളൂര്‍ നോര്‍ത്ത് എന്നിവയാണ്‌ ഈ ടീമിന്റെ മറ്റ് ചിത്രങ്ങള്. കിന്നാരം, ഗാന്ധിനഗര്‍ സെക്കന്റ് സ്‌ട്രീറ്റ് എന്നീ സത്യന്‍ അന്തിക്കാട് സിനിമകളില്‍ മമ്മൂട്ടി അതിഥി താരമായി അഭിനയിച്ചിട്ടുണ്ട്.
 
അതേസമയം, ദുൽക്കർ സൽമാനെ നായകനാക്കിയാണ്‌ സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമ. ജോമോൻറെ സുവിശേഷങ്ങൾ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ചിത്രം ക്രിസ്മസിന് പ്രദർശനത്തിനെത്തും.

വെബ്ദുനിയ വായിക്കുക