ആരും പ്രതീക്ഷിച്ചില്ല, ഭയപ്പെടുത്തി ഒരു മെഗാഹിറ്റ്!

Webdunia
ചൊവ്വ, 3 ജൂണ്‍ 2014 (13:41 IST)
അതേ, ആരും പ്രതീക്ഷിച്ചില്ല ഈ വിജയം. തമിഴിലെ ലോ ബജറ്റ് ചിത്രം 'യാമിരുക്ക ബയമേ' (ഞാന്‍ അവിടെയുള്ളപ്പോള്‍ നീ ഭയക്കണം) ഇപ്പോള്‍ തരംഗമായി മാറിയിരിക്കുകയാണ്. കോച്ചടൈയാന്‍ എന്ന രജനീകാന്ത് ചിത്രത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന വിജയമാണ് 'യാമിരുക്ക ബയമേ' നേടുന്നത്. കോച്ചടൈയാന്‍ 100 കോടിക്ക് മുകളില്‍ മുതല്‍ മുടക്കുള്ള സിനിമയാണ്. 'യാമിരുക്ക ബയമേ' അഞ്ചുകോടിയില്‍ താഴെ മാത്രം ബജറ്റുള്ള ചിത്രവും.

കൃഷ്ണ, ഓവിയ, രൂപ മഞ്ജരി, കരുണാകരന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ഈ സിനിമയുടെ സംവിധായകന്‍ ഡീകേ ആണ്. ഒന്നാന്തരം മാര്‍ക്കറ്റിംഗാണ് ഈ സിനിമയ്ക്ക് വലിയ വിജയം സമ്മാനിച്ചത്.

ഈ ഹൊറര്‍ കോമഡി ചിത്രം വിതരണത്തിനെടുക്കാന്‍ പോലും ആരും തയ്യാറായിരുന്നില്ല. ഒടുവില്‍ എല്‍‌റഡ് കുമാര്‍ ചിത്രം വിതരണത്തിനെടുത്തു. കോച്ചടൈയാന്‍ റിലീസിംഗ് നീട്ടിയപ്പോള്‍ പെട്ടെന്ന് മേയ് ഒമ്പതിന് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചു. കോച്ചടൈയാന്‍ റിലീസ് ചെയ്യാനിരുന്ന തിയേറ്ററുകള്‍ക്കെല്ലാം യാമിരുക്ക ബയമേ ലഭിച്ചു. സോളോ റിലീസ് ആണെന്നതും മികച്ച മൌത്ത് പബ്ലിസിറ്റിയും ചിത്രത്തിന് ഗുണമായി.

മൂന്നാഴ്ചകൊണ്ട് തമിഴ്നാട്ടില്‍ നിന്ന് മാത്രം 13 കോടി രൂപയാണ് യാമിരുക്ക ബയമേ വാരിക്കൂട്ടിയത്. മൂന്ന് കോടി രൂപ നല്‍കി സീ തമിഴ് ഈ സിനിമയുടെ സാറ്റലൈറ്റ് അവകാശം വാങ്ങിയിട്ടുണ്ട്. ഓവര്‍സീസ് റൈറ്റായി 75 ലക്ഷം രൂപ കിട്ടി. റീമേക്ക് റൈറ്റുകളിലൂടെ രണ്ടരക്കോടി രൂപയോളം ലഭിക്കും.