ആന്‍റണി പെരുമ്പാവൂര്‍ നായകനാകുമോ? ആന്‍റണി അഭിനയിച്ചാല്‍ പടം ഹിറ്റാകുമെന്ന വിശ്വാസമില്ലെന്ന് പ്രിയദര്‍ശന്‍!

ചൊവ്വ, 29 നവം‌ബര്‍ 2016 (16:01 IST)
നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ അഭിനയിച്ചാല്‍ സിനിമ ഹിറ്റാകുമോ? അങ്ങനെയൊരു വിശ്വാസം മലയാളത്തിലെ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമൊക്കെയുണ്ട്. മോഹന്‍ലാലിന്‍റെ ഏറ്റവും വലിയ ഹിറ്റുകളായ പുലിമുരുകന്‍, ഒപ്പം, ദൃശ്യം തുടങ്ങിയ സിനിമകളില്‍ ആന്‍റണി പെരുമ്പാവൂരിന്‍റെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് മിക്കവരും ഇത് സമര്‍ത്ഥിക്കുന്നത്.
 
എന്നാല്‍ ആന്‍റണി മുഖം കാണിച്ചാല്‍ സിനിമ ഹിറ്റാകുമെന്ന വിശ്വാസമൊന്നും തനിക്കില്ലെന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നത്.

"ഒപ്പത്തില്‍ ആന്‍റണി പെരുമ്പാവൂര്‍ അഭിനയിച്ചതില്‍ അസാധാരണമായി ഒന്നുമില്ല. ആന്‍റണി അഭിനയിച്ചാല്‍ പടം വിജയിക്കുമെന്ന അന്ധവിശ്വാസമൊന്നും എനിക്കില്ല. കിലുക്കം, തേന്മാവിന്‍ കൊമ്പത്ത്, ചന്ദ്രലേഖ തുടങ്ങി എന്‍റെ പല ചിത്രങ്ങളിലും ആന്‍റണി അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്‍റെ സിനിമകളില്‍ എവിടെയെങ്കിലും ഒരു ഷോട്ടില്‍ അഭിനയിക്കാന്‍ അവസരം നല്‍കണമെന്നാണ് ആന്‍റണി ആവശ്യപ്പെടുക. അതു നല്‍കാറുണ്ട്” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.
 
ആന്‍റണി മുഖം കാണിക്കുന്ന സിനിമകളൊക്കെ ഹിറ്റാകുമ്പോള്‍ ഇനി ആന്‍റണിയെ നായകനാക്കി ആരെങ്കിലും പ്രൊജക്ട് ആലോചിക്കുമോ എന്നാണ് പ്രേക്ഷകര്‍ ചിന്തിക്കുന്നത്. അങ്ങനെയൊരു പ്രൊജക്ടുണ്ടായാല്‍, അത് നല്ല സിനിമയാണെങ്കില്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

വെബ്ദുനിയ വായിക്കുക