ഇങ്ങനെ തീ പറക്കുന്ന ഡയലോഗുമായി ‘ലേലം’ എന്ന മെഗാഹിറ്റിലെ ആനക്കാട്ടില്‍ ചാക്കോച്ചി ഒരിക്കല്‍ കൂടി വന്നാലോ? എങ്കില്‍ കേട്ടോളൂ... ആനക്കാട്ടില്‍ ചാക്കോച്ചി ഒരു വരവുകൂടി വരും. രണ്‍ജി പണിക്കര്‍ ഇപ്പോള്‍ ലേലം 2ന്‍റെ തിരക്കഥ രചിച്ചുകൊണ്ടിരിക്കുകയാണ്. സുരേഷ്ഗോപി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നതും രണ്‍ജി പണിക്കര്‍ തന്നെയാണ്. ജോസ് റോസ് സൈമണാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വാക്കുകളില്‍ വെടിമരുന്ന് നിറച്ച് അത് നായകകഥാപാത്രങ്ങളുടെ നാവിന്‍തുമ്പിലെത്തിച്ച് തിയേറ്ററുകളില്‍ സ്ഫോടനം സൃഷ്ടിക്കുന്ന തിരക്കഥാകൃത്താണ് രണ്‍ജി പണിക്കര്‍. സ്ഥിരമായി ഷാജി കൈലാസിന് വേണ്ടി എഴുതിക്കൊണ്ടിരുന്ന രണ്‍ജി പണിക്കര്‍ ആ പതിവ് വിട്ട് ജോഷിക്ക് ഒരു തിരക്കഥ എഴുതി നല്‍കാന്‍ തീരുമാനിക്കുന്നിടത്താണ് ‘ലേലം’ എന്ന സിനിമയുടെ തുടക്കം.
1997 ലാണ് ജോഷിക്ക് രണ്‍ജി തിരക്കഥ നല്‍കിയത്. കുറ്റാന്വേഷണവും പൊലീസ് കഥയുമൊക്കെ വിട്ട് വ്യത്യസ്തമായ രീതിയിലുള്ള ഒരു കഥയാണ് രണ്‍ജി തയ്യാറാക്കിയത്. മദ്യവ്യാപാരം നടത്തുന്ന രണ്ട് കുടുംബങ്ങളുടെ ശത്രുതയായിരുന്നു ചിത്രത്തിന്‍റെ കേന്ദ്രബിന്ദു. കേരളത്തിലെ സ്പിരിറ്റ് മാഫിയയുടെ പശ്ചാത്തലത്തിലുള്ള കഥയ്ക്ക് വലിയ രാഷ്ട്രീയമാനവുമുണ്ടായിരുന്നു. സിനിമയിലെ പല രാഷ്ട്രീയ കഥാപാത്രങ്ങളുടെയും യഥാര്‍ത്ഥമുഖങ്ങളെ കേരളരാഷ്ട്രീയത്തില്‍ തന്നെ കണ്ടെത്താം.
പശ്ചാത്തലം ഇതൊക്കെയാണെങ്കിലും, ഫ്രാന്‍സിന്‍ ഫോര്‍ഡ് കപ്പോളയുടെ ‘ദി ഗോഡ്ഫാദര്‍’ എന്ന സിനിമയുടെ മലയാള ആവിഷ്കാരം കൂടിയായിരുന്നു ലേലം. അച്ഛനും മകനുമായി എം ജി സോമനും സുരേഷ്ഗോപിയും സ്ക്രീനില്‍ ജീവിക്കുക തന്നെ ചെയ്തു. സിനിമയുടെ ആദ്യപകുതിയില്‍ സ്കോര്‍ ചെയ്തത് സോമനായിരുന്നു. ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന കഥാപാത്രമായി സോമന്‍ ജ്വലിച്ചു. അദ്ദേഹത്തിന് മരണത്തിന് തൊട്ടുമുമ്പ് ലഭിച്ച ഈ കഥാപാത്രം അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവുമായി മാറി.
സോമന്‍ അഭിനയിച്ചുതകര്‍ത്ത ആദ്യപകുതിയുടെ ഹാംഗ്‌ഓവറില്‍ നില്‍ക്കുന്ന പ്രേക്ഷകരെ അതിന് മുകളിലുള്ള ആവേശത്തിലേക്ക് നയിക്കുകയാണ് സുരേഷ്ഗോപിയുടെ ആനക്കാട്ടില്‍ ചാക്കോച്ചി ചെയ്തത്. തകര്‍പ്പന്‍ ഡയലോഗുകളും ഉഗ്രന്‍ ആക്ഷന്‍ പെര്‍ഫോമന്‍സുമായി സുരേഷ്ഗോപി കസറി. ഭരത് ചന്ദ്രന്‍ കഴിഞ്ഞാല്‍ സുരേഷ്ഗോപിയുടെ ഏറ്റവും മികച്ച കഥാപാത്രം ചാക്കോച്ചി തന്നെയാണ്.
“ലേലം റിലീസായി ഉടന്‍ തന്നെ അതിന്‍റെ രണ്ടാം ഭാഗം ചെയ്യാനുള്ള ഓഫറുകള്‍ വന്നുതുടങ്ങിയതാണ്. എനിക്ക് ബോധ്യപ്പെട്ട ഒരു കഥ ലഭിച്ചത് ഇപ്പോഴാണെന്ന് മാത്രം” - രണ്‍ജി പണിക്കര്‍ വ്യക്തമാക്കുന്നു.