ആദാമിന്‍റെ മകന്‍ അബു ഹിന്ദിയിലേക്ക്

ശനി, 28 മെയ് 2011 (15:01 IST)
PRO
ആദാമിന്‍റെ മകന്‍ അബു വീണ്ടും അത്ഭുതം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. കൊമേഴ്സ്യല്‍ മസാലകള്‍ മാത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുമ്പോള്‍, ഡബ്ബ് ചെയ്യപ്പെടുമ്പോള്‍ അബു ചരിത്രം തിരുത്തിയെഴുതുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രമായി രാജ്യം ആദരിച്ച ഈ സിനിമ മറ്റ് ഭാഷകളിലേക്കും എത്തുകയാണ്. ആദ്യം എത്തുന്നത് ബോളിവുഡിലേക്ക്!

ആദാമിന്‍റെ മകന്‍ അബു ഹിന്ദിയില്‍ പുറത്തിറക്കാന്‍ ചിലര്‍ സമീപിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ സലിം അഹമ്മദ് അറിയിച്ചു. എന്നാല്‍ റീമേക്ക് ചെയ്യാനാണോ ഡബ്ബ് ചെയ്യനാണോ തീരുമാനിക്കുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ചിത്രം റീമേക്ക് ചെയ്യപ്പെടുകയാണെങ്കില്‍ അബുവിനെ അവതരിപ്പിക്കാനായി ഹിന്ദിയിലെ ചില പ്രമുഖ താരങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചതായാണ് സൂചനകള്‍.

അതേസമയം, ആദാമിന്‍റെ മകന്‍ അബു ജൂണ്‍ 17ന് കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. മമ്മൂട്ടിയുടെ പ്ലേഹൌസ് അല്ല ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നതെന്നാണ് സൂചന. സിനിമയ്ക്ക് ടാക്സ് ഫ്രീയാക്കണമെന്ന് അണിയറപ്രവര്‍ത്തകര്‍ മന്ത്രി കെ ബി ഗണേഷ്കുമാറിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അവാര്‍ഡ് മാത്രമല്ല, സിനിമയെക്കുറിച്ച് ഉയര്‍ന്ന വിവാദങ്ങളും ആദാമിന്‍റെ മകന്‍ അബുവിന്‍റെ ബോക്സോഫീസ് വിജയത്തിന് സഹായകമാകും എന്നാണ് സിനിമാലോകം കരുതുന്നത്. ഈ ചിത്രത്തിന്‍റെ കഥ മോഷണമാണെന്ന് ആരോപിച്ച് ഒരാള്‍ രംഗത്തെത്തിയതും സലിംകുമാറും സലിം അഹമ്മദും അതിന് മറുപടി നല്‍കിയതും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക