അസിനെ ഒതുക്കാന്‍ റാണി

Webdunia
വ്യാഴം, 19 ഫെബ്രുവരി 2009 (12:15 IST)
IFMIFM
റാണി മുഖര്‍ജിയും യഷ് രാജ് ഫിലിംസ് ഉടമ ആദിത്യ ചോപ്രയും തമ്മിലുള്ള ബന്ധം ബോളിവുഡിലെ പരസ്യമായ രഹസ്യമാണ്. യഷ് രാജ് നായികയെന്ന പേരില്‍ സ്വയം അഭിമാനിക്കുന്ന റാണി തന്‍റെ സ്വാധീനം ഉപയോഗിച്ച് ബോളിവുഡിലെ പുതുമുഖ നായികമാരെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന് ദീര്‍ഘകാലമായുള്ള ആരോപണവുമാണ്.

ഒടുവില്‍ റാണിയുടെ അസൂയയ്ക്ക് പാത്രമാവേണ്ടി വന്നത് മലയാളികളുടെ സ്വന്തം അസിനാണെന്ന് മാത്രം. ഗജിനിയിലൂടെ അസിന്‍ നേടിയ താരമൂല്യം ചെറുതായൊന്നുമല്ല റാണിയെ ഞെട്ടിച്ചത്. യഷ് രാജിന്‍റെ സ്വന്തം ചിത്രമായ ‘റബ്നെ ബനാ ദി ജോഡി’യില്‍ കിംഗ് ഖാന്‍റെ നായികാ പദവി അസിനില്‍ നിന്ന് തട്ടിത്തെറിപ്പിച്ചാണ് റാണി അസിനോട് കണക്ക് തീര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.

ആദ്യം കത്രീനയെയാണ് നായികയായി പരിഗണിച്ചത്. എന്നാല്‍ സല്‍മാന്‍റെ സ്വന്തം നായികയായതിനാല്‍ കത്രീനയെ യഷ് രാജ് ഒഴിവാക്കുകയായിരുന്നു. അടുത്ത നറുക്ക് വീണത് അസിനായിരുന്നു. എന്നാല്‍ അസിനെ വളരാന്‍ വിടുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ റാണി ആദിത്യ ചോപ്രയുമായുള്ള അടുപ്പം മുതലെടുത്ത് അസിന്‍റെ പേര് മുളയിലേ നുള്ളുകയായിരുന്നുവത്രെ.

ഒടുവില്‍ അനുഷ്ക ശര്‍മയാണ് ഷാരൂഖിന്‍റെ ജോഡിയായത്. എന്നാല്‍ അനുഷ്കയെ മൂന്ന് ചിത്രങ്ങളില്‍ കൂടി നായികയാക്കാന്‍ ആദിത്യ തീരുമാനിച്ചതോടെ റാണിക്ക് വീണ്ടും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് ബോളിവുഡ് റിപ്പോര്‍ട്ട്.