അശോകനെ മാത്രം മാറ്റിനിര്‍ത്തുന്നതെന്തിന്? ‘തോമസുകുട്ടി’യോടുള്ള വിവേചനം അവസാനിപ്പിക്കണം!

കാണി
വ്യാഴം, 3 മാര്‍ച്ച് 2016 (15:40 IST)
‘ഇന്‍ ഹരിഹര്‍ നഗര്‍’ എല്ലാവര്‍ക്കും പ്രിയപ്പെട്ട സിനിമയാണ്. അതിന്‍റെ രണ്ടും മൂന്നും ഭാഗങ്ങളും പ്രേക്ഷകര്‍ക്കിഷ്ടമാണ്. മുകേഷ് അവതരിപ്പിച്ച മഹാദേവനും ജഗദീഷ് അവതരിപ്പിച്ച അപ്പുക്കുട്ടനും സിദ്ദിക്ക് അവതരിപ്പിച്ച ഗോവിന്ദന്‍‌കുട്ടിയും അശോകന്‍ അവതരിപ്പിച്ച തോമസുകുട്ടിയും ഏവരുടെയും പ്രിയ കഥാപാത്രങ്ങളായി ഇപ്പോഴും ജീവിക്കുന്നു.
 
എന്തിനാണ് ഇപ്പോള്‍ ഇത് പറയുന്നത് എന്നാണോ? വ്യക്തമാക്കാം. നിയമസഭാ തെരഞ്ഞെടുപ്പൊക്കെ വരുകയാണല്ലോ. പല പാര്‍ട്ടികളും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും തുടങ്ങി. യു ഡി എഫ് പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ജഗദീഷും സിദ്ദിക്കും ഉണ്ടെന്നാണ് വിവരം.
 
സി പി ഐയുടെ സ്ഥാനാര്‍ത്ഥിയായി മുകേഷും വരുമെന്ന് കേള്‍ക്കുന്നു. അങ്ങനെ, ഇന്‍ ഹരിഹര്‍ നഗറിലെ നാലില്‍ മൂന്നു നായകന്‍‌മാരും സ്ഥാനാര്‍ത്ഥികളാകുമെന്ന് ഏകദേശം ഉറപ്പായി. ജഗദീഷിനെ പത്തനാപുരത്തും സിദ്ദിക്കിനെ അരൂരിലും മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
 
കൊല്ലത്തെ ഏതെങ്കിലും സീറ്റിലാണ് മുകേഷിന്‍റെ സാധ്യത സി പി ഐ ആരായുന്നത്. എന്തായാലും അന്തിമ തീരുമാനം വന്നിട്ടില്ല.
 
എന്നാല്‍ ഇപ്പോള്‍ ഇന്‍ ഹരിഹര്‍ നഗറിന്‍റെ ആരാധകര്‍ ചോദിക്കുന്ന ചോദ്യം ഇതാണ്. മുകേഷിനെയും ജഗദീഷിനെയും സിദ്ദിക്കിനെയും സ്ഥാനാര്‍ത്ഥികളായി രാഷ്ട്രീയ പാര്‍ട്ടികള്‍ പരിഗണിക്കുന്നു. എന്തുകൊണ്ട് അശോകനെ ഒഴിവാക്കി?
 
അശോകനെയും ഈ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ഏതെങ്കിലും പാര്‍ട്ടികള്‍ ആലോചിക്കണമെന്നാണ് ഹരിഹര്‍ നഗര്‍ ഫാന്‍സിന്‍റെ പക്ഷം. ഇനി രാഷ്ട്രീയപാര്‍ട്ടികള്‍ ഇക്കാര്യം ചെവിക്കൊണ്ടില്ലെങ്കില്‍ ഹരിഹര്‍നഗര്‍ ഫാന്‍സ് തന്നെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി അശോകനെ രംഗത്തിറക്കാനും സാധ്യതയുണ്ട്. (ഹരിഹര്‍ നഗറില്‍ അതിഥിവേഷം ചെയ്ത സുരേഷ്ഗോപിയെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാന്‍ ബി ജെ പിയില്‍ ധാരണയായിട്ടുണ്ട് എന്നും കേള്‍ക്കുന്നു).
 
പോസ്റ്ററൊട്ടിച്ചും കൊടിപിടിച്ചും തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ചും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നവര്‍ ആ ജോലിയില്‍ തന്നെ തുടരട്ടെ. ഹരിഹര്‍ നഗറുകളില്‍ നിന്ന് സ്ഥാനാര്‍ത്ഥികള്‍ ഇറക്കുമതി ചെയ്യപ്പെടട്ടെ. അധികാരം ജനങ്ങളിലേക്ക് എന്ന് ആരാണ് പറഞ്ഞത്? അധികാരം സെലിബ്രിറ്റികളിലേക്ക് എന്നതാണ് പുതിയ വിപ്ലവ മുദ്രാവാക്യം!