ആഭരണങ്ങളില്‍ ഇനി വെള്ള സ്വര്‍ണ്ണവും

Webdunia
മലയാളിയുടെ അഭിരുചി കാലത്തിനനുസരിച്ച് മാറുന്നു. ഒപ്പം ആഭരണ സങ്കല്പവും. മഞ്ഞലോഹം സ്വപ്നം കണ്ടിരുന്ന സ്ത്രീ മനസ്സുകളുടെ ആഭരണ സ്വപ്നങ്ങള്‍ക്ക് ഇനി വെള്ള നിറം.

വജ്രത്തിളക്കമുള്ള വെള്ള സ്വര്‍ണ്ണം മലയാളി മനസ്സിനെ കവര്‍ന്നുകഴിഞ്ഞു. ഇത് ലളിതവും മൂല്യമേറിയതുമായതിനാല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഉദ്യോഗസ്ഥകള്‍ക്കിടയിലും വെള്ള ആഭരണങ്ങള്‍ക്ക് പ്രിയമേറി. വിവാഹം പോലെ മറ്റ് ആഘോഷവേളകളില്‍ വൈറ്റ് ഗോള്‍ഡ് അണിയുന്നതിപ്പോള്‍ ഫാഷനായി.

വജ്രം പതിച്ച മഞ്ഞ സ്വര്‍ണ്ണത്തേക്കാള്‍ ശോഭ പ്ളാറ്റിനത്തിലോ വൈറ്റ് ഗോള്‍ഡിലോ വജ്രം പതിച്ച ആഭരണങ്ങള്‍ക്കാണ്. നെക്ലസ്, കമ്മല്‍, ബ്രേസ്ലറ്റ്, വള, മോതിരം തുടങ്ങി മൂക്കുത്തിവരെ ഇപ്പോള്‍ വെള്ളനിറത്തില്‍ വിപണിയില്‍ സുലഭമായിക്കഴിഞ്ഞു. എന്നാല്‍ വെള്ളപ്പാദസരത്തിനു മാത്രം ഡിമാന്‍ഡില്ല.

അമേരിക്ക തുടങ്ങി മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന വെള്ള ആഭരണങ്ങളോടുള്ള ഭ്രമം നമ്മുടെ നാട്ടിലെത്തിയിട്ട് അധിക നാളായിട്ടില്ല.

പ്ളാറ്റിനം ആഭരണങ്ങള്‍ക്ക് സ്വര്‍ണത്തേക്കാള്‍ മൂന്നിരട്ടി വില വരും. അതുകൊണ്ടാവാം സംശുദ്ധമായ പ്ളാറ്റിനം ആഭരണങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ കുറയുന്നത്. പ്ളാറ്റിനത്തോളം വെണ്‍മതോന്നുന്ന വൈറ്റ് ഗോള്‍ഡാണ് കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നത്. 1920 കളില്‍തന്നെ പ്ളാറ്റിനത്തിനു പകരം വൈറ്റ് ഗോള്‍ഡ് ഉപയോഗിച്ചിരുന്നു.


വെള്ള സ്വര്‍ണ്ണം പലവിധം

വൈറ്റ് ഗോള്‍ഡില്‍ 75 ശതമാനം സ്വര്‍ണ്ണമാണ് അടങ്ങിയിട്ടുള്ളത്. നിക്കല്‍ ചേര്‍ന്ന വൈറ്റ് ഗോള്‍ഡും വിപണിയിലുണ്ട്. വെള്ള ലോഹവും സ്വര്‍ണ്ണവും യോജിപ്പിച്ചാല്‍ ഇളം മഞ്ഞ നിറം ലഭിക്കും. ഈ മഞ്ഞ നിറം ബ്ളീച്ചു ചെയ്യാന്‍ നിക്കലിനു കഴിയും.

എന്നാല്‍ നിക്കല്‍ അലര്‍ജിയുള്ളവര്‍ നിക്കല്‍ ഫ്രീ അല്ലെങ്കില്‍ നിക്കല്‍ സേഫ് വൈറ്റ് ഗോള്‍ഡ് ഉപയോഗിക്കുന്നതാവും നല്ലത്. അമേരിക്ക, ഇറ്റലി എന്നിവിടങ്ങളില്‍ ലഭിക്കുന്ന വൈറ്റ് ഗോള്‍ഡ് നിക്കല്‍ അടങ്ങിയതാണ്.

പല്ലേഡിയം ചേര്‍ത്ത വൈറ്റ് ഗോള്‍ഡിന് വില കൂടും. സ്വര്‍ണ്ണത്തില്‍ റോഡിയം പ്ളേറ്റ് ചെയ്ത വൈറ്റ് ഗോള്‍ഡും ലഭ്യമാണ്.

വൈറ്റ് ഗോള്‍ഡ് സൂക്ഷിക്കാന്‍

പൊടിപറ്റാതെ ഈര്‍പ്പം തട്ടാതെ മൃദുലമായ തുണിയിലോ പഞ്ഞിയിലോ നന്നായി പൊതിഞ്ഞ് സൂക്ഷിക്കുക.

വൈറ്റ് ഗോള്‍ഡ് കഴുകുമ്പോള്‍ ചെറു ചൂടുവെള്ളം ഉപയോഗിക്കണം. അല്ലെങ്കില്‍ സ്വര്‍ണക്കടയില്‍ കൊണ്ടുപോയി നീരാവിയില്‍ വൃത്തിയാക്കണം.

പ്ളാറ്റിനം ആഭരണങ്ങള്‍ ഓരോന്നും പ്രത്യേകം പ്രത്യേകം ബോക്സില്‍ സൂക്ഷിക്കുക.

പ്ളാറ്റിനം ആഭരണങ്ങള്‍ സോപ്പു വെള്ളത്തില്‍ കഴുകി മൃദുവായ തുണികൊണ്ട് തുടച്ചെടുക്കാം.

ഫാഷന്‍റെ കടന്നുവരവ് തന്നൊയാവും സ്ത്രീ മനസ്സിന്‍റെ ആഭരണഭ്രമത്തിലും വന്ന മാറ്റത്തിനു കാരണം. സ്വര്‍ണ്ണാഭരണങ്ങള്‍ സ്വപ്നംകണ്ടിരുന്ന നവവധു വെള്ള ആഭരണങ്ങളിലാവും ഇനി വിവാഹപ്പന്തലില്‍ മിന്നിത്തിളങ്ങുക.