സ്വീഡനെ എഴുതിത്തള്ളരുത്

Webdunia
PROPRO
അഞ്ചാമത്തെ തവണയാണ് സ്വീഡന്‍ യൂറോ കളിക്കാന്‍ ഓസ്ട്രിയ സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തുന്നത്. നല്ല ഫുട്ബോള്‍ കളിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രാപ്തിയില്‍ എത്തിക്കാനാകുന്നില്ല എന്നതാണ് സ്വീഡന്‍റെ പ്രധാന പ്രശ്‌നം. എന്നാല്‍ ലാര്‍സ് ലാര്‍ജര്‍ബെക്കിന്‍റെ കുട്ടികള്‍ക്ക് അത്‌ഭുതം നടത്താനുള്ള ശേഷി ഉണ്ടെന്നത് വാസ്തവം തന്നെ.

സ്ലാട്ടന്‍ ഇബ്രാമോവിക്ക് തന്നെ പ്രധാന താരം, ജോഹാന്‍ എല്‍മാണ്ടറും മാര്‍ക്കസ് ഓള്‍ബാക്കും മാര്‍ക്കസ് റോസന്‍ ബര്‍ഗും ഫ്രെഡറിക് ലുംഗ്ബര്‍ഗും ഒക്കെ കളിക്കാനുണ്ടെങ്കിലും അത്ര വിശ്വാസം പോരാത്ത ലാര്‍ജെര്‍ ബെക്ക് വിരമിച്ച മുന്നേറ്റക്കാരന്‍ ഹെന്‍‌റിക്ക് ലാര്‍സനെ കൂടി തിരിച്ചു വിളിച്ചിരിക്കുകയാണ്.

മഞ്ഞക്കുപ്പായത്തില്‍ 10 വര്‍ഷമായി സ്വീഡനൊപ്പം കളിക്കുന്ന പരിചയസമ്പന്നന്‍ ലുംഗ്‌ബെര്‍ഗാണ് നായകന്‍. വിംഗുകളിലൂടെ പറന്ന് കളിക്കുന്ന ലുംഗ് ബര്‍ഗിനൊപ്പം ഒട്ടേറെ സംഭാവന ഇനിയും കഴിയുന്ന ചില സീനിയര്‍ താരങ്ങള്‍ കൂടിയുണ്ട്. മികേല്‍ നീത്സണ്‍, നിക്ലോസ് അലക്‍സാന്‍ഡേഴ്‌സണ്‍, ആന്‍ഡെര്‍ സ്വെന്‍സണ്‍, ഒലോഫ് മെല്‍ബെര്‍ഗ്, ദാനിയേല്‍ മജെസ്റ്റോറൊവിക് എന്നിവരും നില്‍ക്കേ സ്വീഡനെ വില കുറച്ച് കാണാനാകില്ല.

ഇറ്റാലിയന്‍ സീരി എയിലെ ഗോളടി വീരന്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിക്ക് തന്നെയാണ് പ്രമുഖ താരം. 26 കാരനായ ഈ ഇന്‍റര്‍മിലാന്‍ സ്ട്രൈക്കര്‍ ഗോളടിച്ചില്ലെങ്കില്‍ സ്വീഡന്‍ നേരത്തെ തന്നെ മടങ്ങും. മികച്ച മുന്നേറ്റനിര തന്നെയാണ് സ്വീഡന്‍റെ ശക്തി. ഒരറ്റത്ത് ഇബ്രാഹിമോവിക്ക് കളിക്കുമ്പോള്‍ മറുവശത്തുള്ള ജോഹാന്‍ എല്‍മാണ്ടറും മികച്ച ഗോള്‍ വേട്ടക്കാരനാണ്. മദ്ധ്യനിരയില്‍ വിംഗുകളില്‍ ആക്രമണം നയിക്കുക ഫ്രെഡറിക് ലുംഗ് ബെര്‍ഗും ക്രിസ്ത്യന്‍ വിലെംസണുമാണ്. സെബാസ്റ്റ്യന്‍ ലാര്‍സന്‍ ഇവര്‍ക്കിടയിലേക്കും വരും.

ആക്രമണം തടയുന്നതിനായി തോബിയാസ് ലിന്‍ഡേറോത്ത് നയിക്കുന്ന പ്രതിരോധനിരയുണ്ട്. നീണ്ട നാളത്തെ പരുക്കിനു ശേഷം ശക്തമായി തോബിയാസ് തിരിച്ചു വന്നിരിക്കുകയാണ്. എന്നാല്‍ മോശം കാര്യം ഒന്നാം ഗോളീ ആന്ദ്രീയാസ് ഇസാക്സണിനു ഏറ്റ പരുക്കാണ്. കഴിഞ്ഞ സീസണില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ആകെ കളിച്ചത്.

ഗ്രീസും സ്പെയുനും റഷ്യയും നിരക്കുന്ന ഗ്രൂപ്പിലാണ് സ്വീഡന്‍റെ കളി. 2004 യൂറോയില്‍ ക്വാര്‍ട്ടര്‍ വരെ കുതിച്ചെത്തിയ ശേഷം നെതര്‍ലന്‍ഡുമായി സമനിലയില്‍ കുരുങ്ങുകയും ഷൂട്ടൌട്ടില്‍ പുറത്താകുകയുമായിരുന്നു സ്വീഡന്‍.

യോഗ്യതാ റൌണ്ട് മത്സരങ്ങള്‍ ഉള്‍പ്പടെ 92 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സ്വീഡന്‍ യൂറോയില്‍ കണ്ടെത്തിയത് 43 ജയങ്ങളായിരുന്നു. 24 സമനിലയും 25 പരാജയങ്ങളും റെക്കോഡിലുള്ള സ്വീഡന്‍ അടിച്ചു കൂട്ടിയ ഗോളുകള്‍ 137 ഉം വാങ്ങിയത് 91ഉം ആണ്. ഗ്രൂപ്പ് എഫില്‍ സ്പെയിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു യോഗ്യത സമ്പാദിച്ചത്.