കാലൊടിയുന്നത് പോലെയുള്ള ദുരന്തങ്ങള്‍ ആരും ഇഷ്ടപ്പെടുന്ന ഒന്നല്ല. എന്നാല്‍ ചെല്‍സിയന്‍ ഗോളി പീറ്റര്‍ കെച്ചിന്‍റെ കാല്‍ പത്താം വയസ്സില്‍ ഒടിഞ്ഞതില്‍ സന്തോഷിക്കുന്നത് ചെക്ക് റിപ്പബ്ലിക്ക് ദേശീയ ടീമായിരിക്കും. യൂറോ 2008 ല്‍ ആദ്യ മത്സരത്തില്‍ ആതിഥേയരായ സ്വിസ് മുന്നേറ്റനിര ചിന്തിക്കുന്നത് ചെക്ക് ഗോളിയെ മറികടക്കാനുള്ള തന്ത്രങ്ങളാകും.
കാരണം ലോകത്തിലെ ഏറ്റവും മിടുക്കനായ ഒരു ഗോള്‍ കീപ്പറെ വലയ്‌ക്ക് മുന്നിലേക്ക് എത്തിച്ചത് ഈ ദാരുണ സംഭവം ആയിരുന്നു. ചെല്‍സിയുടെ ഗോളി പീറ്റര്‍ കെച്ചിന്‍റെ ചോരാത്ത കൈകളിലാണ് ചെക്ക് റിപ്പബ്ലിക്കിന്‍റെ വിശ്വാസം. ചെക്ക് പ്രൊഫഷണല്‍ ലീഗില്‍ രണ്ട് തവണയും പ്രീമിയര്‍ ലീഗില്‍ ഒരു തവണയും കൂടുതല്‍ സമയം ഗോള്‍ വഴങ്ങാതിരുന്നു.
ചെക്ക് ലീഗില്‍ ആദ്യം 855 മിനിറ്റ് ഗോള്‍ വഴങ്ങാതിരുന്ന താരം 2004-05 സീസണീല്‍ പ്രീമിയര്‍ ലീഗില്‍ 1025 മിനിറ്റാണ് നിന്നത് അതായത് സീസനീലെ 25 മത്സരത്തോളം. 2001-02 ചെക്ക് സീസണില്‍ എല്ലാ മത്സരങ്ങളിലും കൂടി 928 മിനിറ്റും ഗോള്‍ വീഴാതെ വല കാക്കാന്‍ താരത്തിനായി. സ്വന്തം നഗരത്തിലെ എഫ് സി വിക്ടോറിയയ്‌ക്ക് സ്ട്രൈക്കറായി കളി തുടങ്ങിയ കെച്ച് അപ്രതീക്ഷിതമായ ഒരു സാഹചര്യത്തില്‍ ഗോളിയുടെ വേഷം കെട്ടുകയായിരുന്നു.
പിന്നീട് കാലൊടിഞ്ഞ ശേഷം സ്ഥിരമായി ഗോള്‍ കീപ്പറായി മാറി. ചെക്ക് സെമി കളിച്ച 2004 ല്‍ ഗോളിയായിരുന്ന കെച്ച് ഓള്‍ സ്റ്റാര്‍ ടീമിലും അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2004-05 സീസണീലും 2006-07 സീസണീലെയും യുവേഫയിലെ മികച്ച ഗോളി കെച്ചായിരുന്നു. 2006 ഒക്ടോബര്‍ 14 ന് റീഡിംഗ് താരം സ്റ്റെഫാന്‍ ഹണ്ടുമായി കൂട്ടിയിടിച്ച കെച്ച് തലയ്‌ക്ക് സാരമായി പരുക്കേറ്റു.
അതിനു ശേഷം 2007 ജനുവരി 20 നാണ് താരം മൈതാനത്തേക്ക് തിരിച്ചെത്തിയത്. 2005,2006, 2007 വര്‍ഷങ്ങളിലെ മികച്ച ചെക്ക് താരമായിരുന്നു കെച്ച്. ആദ്യ മത്സരത്തില്‍ ചെക്ക് പ്രതിരോധത്തെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞാലും ഈ വല കാക്കും ഭൂതത്തെ കീഴ്പ്പെടുത്തുക എന്നതാവും സ്വിസ് ടീം ആദ്യ മത്സരത്തില്‍ നേരിടുന്ന ഏറ്റവും വലിയ പരീക്ഷണം.
കോളറിന്‍റെ ഗോളടിയില്‍ വിശ്വസിച്ച്
സ്ട്രൈക്കറില്‍ നിന്നും ഗോളിയായ താരമാണ് കെച്ചെങ്കില്‍ ഗോളിയില്‍ നിന്നും സ്ട്രൈക്കറിലേക്ക് മാറിയ കഥയാണ് യാന്‍ കോളറിന്‍റെത്. ഗോളിയായി തുടങ്ങിയെങ്കിലും പ്രൊഫഷണല്‍ കരിയര്‍ തുടങ്ങിയപ്പോള്‍ യാന്‍ കോളര്‍ സ്ട്രൈക്കറുടെ വേഷത്തിലെത്തി. ബുണ്ടാസ് ലീഗില്‍ ഗോളിയായി നിന്ന് അരങ്ങ തകര്‍ത്ത ചരിത്രവും കോളര്‍ക്കുണ്ട്.
ബയേണ്‍ മ്യൂണിക്കില്‍ 2002-03 സീസണീലെ ഒരു മത്സരത്തില്‍ ബോറൂഷ്യാ ഡോര്‍ട്ട് മുണ്ടിനായി ബയേണിനെതിരെ കളിക്കുമ്പോള്‍ ഒന്നാം പകുതിയില്‍ ഗോളടിച്ച കോളര്‍ രണ്ടാം പകുതിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട ഗോളി ലേമാന് പകരക്കാരനായി വല കാക്കാനെത്തി. ഉജ്വല പ്രകടനം നടത്തിയ കോളര്‍ ബെല്ലാക്കിനെയും കൂട്ടരെയും തടഞ്ഞു കളഞ്ഞു.
നല്ല ഉയരവും കരുത്തുറ്റ ശരീരവും ഉള്ള യാന്‍ കോളര്‍ പ്രതിരോധക്കാരനെ പോലെ ഇരിക്കുമെങ്കിലും കളിക്കുന്നത് മുന്നേറ്റ നിരയിലാണ്. ചെക്ക് റിപ്പാബ്ലിക്കിന്‍റെ വിശ്വസ്തനായ കോളര്‍ 86 കളിയില്‍ 54 ഗോളുകള്‍ അടിച്ചു കഴിഞ്ഞു. 35 കാരനായ ഈ എഫ് സി ന്യൂറംബര്‍ഗ് താരത്തെ ഗോളടിയില്‍ ഇപ്പോഴും വിശ്വസിക്കുകയാണ് ചെക്ക്.