ദൈവം തന്ന നടന്‍-രാമന്‍കുട്ടി നായര്‍

കഥകളിക്ക് ദൈവം തന്ന നടനാണ് കലാമണ്ഡലം രാമന്‍കുട്ടി നായര്‍. അരങ്ങില്‍ രാമന്‍ കുട്ടി നായരെ കണ്ടവര്‍ക്ക്, കഥകളിയിലെ ആചാര്യനായ കീഴ്പ്പടം കുമാരന്‍ നായരുടെ ഈ വാക്കുകളില്‍ അവാസ്തവികത തോന്നാനിടയില്ല.

1925 ഇടവത്തില്‍ പൂയം നക്ഷത്രത്തില്‍ ഒറ്റപ്പാലത്തെ വെള്ളിനേഴിയില്‍ പിറന്ന രാമന്‍കുട്ടി നായര്‍ക്ക് 2005 ല്‍ 80 വയസ് തികഞ്ഞു. 2008 ല്‍ 83 വയസ്സായി അടുത്ത കൊല്ലം ശതാഭിഷേകം.ഇക്കൊല്ലം ഹൈന്ദവാചാര പ്രകാരമുള്ള പിറന്നാളാഘോഷം നക്ഷത്രവും നാഴികയും വച്ച് നോക്കിയാല്‍ ജൂണ്‍ 7 നാണ്.

വൃത്തിയുള്ള പ്രവൃത്തി, അത് മറ്റാരേക്കാള്‍ കൂടുതല്‍ രാമന്‍ കുട്ടി നായര്‍ അരങ്ങില്‍ സാധിക്കുന്നു. കഥകളി വടക്കന്‍ ചിട്ടയുടെ ശൈലിയും ശീലങ്ങളും ലാവണ്യശാസ്ത്ര നിയമമായി മാറിയത് കലാമണ്ഡലം രാമന്‍ കുട്ടി നായര്‍ എന്ന മഹാനടന്‍റെ പതിറ്റാണ്ടുകളുടെ അഭിനയം കൊണ്ടാണ്.

രാമന്‍കുട്ടി നായരെ ഒരു മാനകമായി സ്വീകരിച്ചാണ് വടക്കന്‍ കളി ഭ്രാന്തുകാര്‍ അഭിനയത്തേയും വേഷത്തേയും ചമയത്തേയുമെല്ലാം അളക്കുന്നത് പോലും.

രാവണോല്‍ഭവത്തിലെയും ബാലിവിജയത്തിലെയും രാവണന്‍, തോരണയുദ്ധത്തിലെ ഹനുമാന്‍, നരകാസുരന്‍, ദുര്‍വാസാവ്, കിര്‍മ്മീരവധത്തിലെ ധര്‍മ്മപുത്രര്‍, കാലകേയവധത്തിലെയും സുഭദ്രാഹരണത്തിലെയും അര്‍ജുനനന്‍ തുടങ്ങിയവയാണ് രാമന്‍കുട്ടിനായരുടെ പ്രധാന വേഷങ്ങള്‍.


പരശുരാമന്‍റെ വേഷം ഒരിക്കല്‍ കെട്ടി. പിന്നീട് 25 കൊല്ലത്തിന് ശേഷം-കഴിഞ്ഞ ജൂലയില്‍ ഗുരുവായൂരില്‍ വച്ച് വീണ്ടും അദ്ദേഹം പരശുരാമനായി.

പാരമ്പര്യമായ പല കഥകളി നിയമങ്ങളേയും രാമന്‍കുട്ടി നായര്‍ അനുസരിച്ചില്ല. കാഴ്ച തഴക്കങ്ങളെ അദ്ദേഹം പലപ്പോഴും വെല്ലുവിളിച്ചു. പക്ഷെ കാലാന്തരത്തില്‍ അദ്ദേഹത്തിന്‍റെ രീതി കഥകളിയുടെ പുതിയ വ്യാകരണമായി കാഴ്ചക്കാര്‍ സ്വീകരിക്കുകയാണുണ്ടായത്.

തെങ്ങിന്‍തോട്ടത്തില്‍ കുഞ്ഞിമാളു അമ്മയുടെയും നാരായണന്‍ നായരുടെയും മകനാണ് രാമന്‍ കുട്ടി നായര്‍. സരസ്വതിയമ്മയാണ് ഭാര്യ. നാരായണന്‍കുട്ടി, വിജയലക്ഷ്മി, അപ്പുക്കുട്ടന്‍ എന്നിവര്‍ മക്കള്‍. രാമന്‍കുട്ടിനായരുടെ ഷഷ് ഠിപൂര്‍ത്തി വരെയുള്ള ആത്മകഥാകുറിപ്പായ തിരനോട്ടം ഒരു കാലഘട്ടത്തിന്‍റെ കഥകളി ചരിത്രമാണ്.

എണ്‍പത്തിമൂന്നാം വയസിലും രാമന്‍കുട്ടി നായര്‍ തിരക്കിലാണ്. യാത്രയും കുറവല്ല. പത്രക്കാരുമായുള്ള അഭിമുഖങ്ങള്‍, അടൂര്‍ നിര്‍മ്മിക്കുന്ന ഡോക്യുമെന്‍ററിക്കു വേണ്ടിയുള്ള വേഷം കെട്ടല്‍, ഇടയ്ക്കിടയുള്ള പരിശോധനയ്ക്കായി തിരുവനന്തപുരത്ത് പോകല്‍ എന്നിങ്ങനെ കൂസലില്ലാതെ ജീവിക്കുകയാണ് അദ്ദേഹം.

പൂര്‍ണ്ണതയ്ക്ക് വേണ്ടിയുള്ള പരിശ്രമമാണ് രാമന്‍കുട്ടി നായരുടെ മികവ്. അതോടൊപ്പം എന്തിനേയും അതിജീവിക്കാനുള്ള ഉള്‍ക്കരുത്തുമുണ്ട്. അര്‍ബുദം പോലുള്ള രോഗങ്ങള്‍ പിടിമുറുക്കിയിട്ടും രാമന്‍കുട്ടി നായര്‍ തളരാതിരുന്നത് മനോബലം ഒന്നുകൊണ്ടു മാത്രമാണ്


കേരളത്തിലെ എക്കാലത്തെയും മികച്ച കത്തിവേഷക്കാരില്‍ ഒരാളായി രാമന്‍കുട്ടി നായര്‍ നിലനില്‍ക്കും. കത്തി വേഷത്തില്‍ അദ്ദേഹത്തോട് സമം നില്‍ക്കാന്‍ ഒരാളില്ല. അദ്ദേഹത്തെ അനുകരിച്ചവരില്‍ പലരും വീണുപോയി. ഗുരുവിന്‍റെ തോളൊപ്പമെത്താന്‍ പോലും അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ക്കായതുമില്ല.

കുറിയ മനുഷ്യനാണ് രാമന്‍കുട്ടിനായര്‍. ഉയരക്കുറവ് വേഷം കെട്ടലിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. എന്നാല്‍ കത്തിവേഷത്തില്‍ രാമന്‍കുട്ടിനായരുടെ ഉയരമാണ് മതിയായ ഉയരം എന്ന് വിലയിരുത്തപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്‍റെ ഉയരവും കണ്ണുകളും കത്തിവേഷങ്ങളുടെയും വെള്ളത്താടി വേഷങ്ങളുടെയും ദൃശ്യ ചാരുതയായി മാറുന്നു.

കഥകളി രംഗത്തെ നിത്യവിസ്മയമായ കലാമണ്ഡലം രാമന്‍ കുട്ടി നായര്‍ പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍റെ ശിഷ്യനാണ്. കറകളഞ്ഞ അഭ്യാസവും അര്‍പ്പണബോധവും വാടാത്ത അത്മവീര്യവും അദ്ദേഹത്തിന് ഗുരുവില്‍ നിന്ന് കിട്ടി.

പതിമൂന്നാം വയസില്‍ കലാമണ്ഡലത്തില്‍ കഥകളി വിദ്യാര്‍ത്ഥിയായി ചേര്‍ന്ന രാമന്‍കുട്ടി നായര്‍ അദ്ധ്യാപകനായും പ്രിന്‍സിപ്പാളായും നാല്‍പതിലേറെ കൊല്ലം അവിടെ പ്രവര്‍ത്തിച്ചു. കഥകളിയുടെ കേളീ പതാക പാറിച്ച് അദ്ദേഹം ഇന്ത്യയിലും വിദേശത്തും രംഗാവതരണങ്ങള്‍ നടത്തി.

മൂന്നു തവണ വീരശൃംഖല ലഭിച്ചു. കാളിദാസ പുരസ്കാരവും സംസ്ഥാനത്തിന്‍റെ കഥകളീ പുരസ്കാരവും ലഭിച്ചു. കേരള, കേന്ദ്ര സംഗീത നാടക അക്കാഡമി അവാര്‍ഡുകളും ഫെലോഷിപ്പുകളും ലഭിച്ചു.

വെബ്ദുനിയ വായിക്കുക