സിന്ധു ചോദിക്കുന്നു “കൂടിയാട്ടത്തെ ശ്രദ്ധിക്കാത്തതെന്തേ?”

ശനി, 22 ജനുവരി 2011 (15:17 IST)
WD
WD
അനുഷ്ഠാനങ്ങളുടെ കൂത്തമ്പലത്തില്‍ മാത്രം ഒരുകാലത്ത് അരങ്ങേറിയിരുന്ന കൂടിയാട്ടം എന്തെന്നറിയാനുള്ള കൗതുകമാണ് കലാമണ്ഡലം സിന്ധുവിന്റെ വീട്ടിലേക്ക് വഴികാട്ടിയായത്. വടക്കന്‍ മലബാറുകാരുടെ സ്വകാര്യ അഹങ്കാരമായ തെയ്യപ്പെരുമയെക്കുറിച്ച് വാതോരാതെ പറഞ്ഞുകൊണ്ടിരുന്ന വൈകുന്നേരങ്ങളിലെപ്പോഴൊ ആണ് സുഹൃത്ത് പ്രവീണ്‍ സിന്ധുവിനെ കുറിച്ച് പറഞ്ഞത്. മാര്‍ഗിയില്‍ അധ്യാപികയും പെര്‍ഫോര്‍മറുമാണ് സിന്ധു.

സിന്ധുവിന്റെ ഭര്‍ത്താവും തികഞ്ഞ കലാസ്വാദകനുമായ ശശികുമാറിന്റെ ബൈക്കിനു പിന്നാലെ പ്രവീണിന്റെ വാഹനത്തില്‍ തിരുവനന്തപുരത്തെ അവരുടെ വീട്ടിലെത്തി. ശ്രീഹരിയെന്ന മൂന്നുവയസ്സുകാരന്‍ തൊണ്ടയോളമെത്തിയ കരച്ചിലില്‍ ഞങ്ങളുടെ വരവ് സിന്ധുവിനെ അറിയിച്ചു.

അഭിമുഖത്തിന്റെ ഔപചാരികത വേണ്ടെന്ന് നേരത്തെ മനസ്സിലുറപ്പിച്ചിരുന്നു. ചായ കുടിക്കുന്നതിനിടയില് സിന്ധു തന്നെ പറഞ്ഞുതുടങ്ങി: "അച്ഛനാണ് കൂടിയാട്ടം പഠിക്കാന്‍ കലാമണ്ഡലത്തിലേക്കയച്ചത്. അച്ഛന്‍ മുകുന്ദന്‍ നായര്‍ ഒരു നാടകനടനായിരുന്നു. നാട്ടിലെ കൂട്ടായ്മകള്‍ ഒരുക്കുന്ന നാടകങ്ങളില്‍ പ്രധാനവേഷം ചെയ്തിരുന്നത് അച്ഛനായിരുന്നു. നാടക റിഹേഴ്സല്‍ കാണാന്‍ ഞാന്‍ എപ്പോഴും പോകും. അവതരണകലയോട് എനിക്കുണ്ടായിരുന്ന താത്പര്യം അച്ഛന് അന്നേ മനസ്സിലാക്കിയിരുന്നു."

അപ്പോള്‍ കൂടിയാട്ടം പഠിക്കാന്‍ പോയതെങ്ങനെ എന്നായി ഞങ്ങള്‍ക്ക് സംശയം.

"നാട്ടില്‍ വടക്കാഞ്ചേരിക്കടുത്ത് നെല്ലുവായ അമ്പലത്തില്‍ കഥകളിയും കൂത്തും അരങ്ങേറാറുണ്ടായിരുന്നു. അത് കാണാന് അച്ഛന്‍ എപ്പോഴും പോകും. ഡാന്‍‌സിനോടായിരുന്നു എനിക്ക് താത്പര്യമെങ്കിലും കൂടിയാട്ടം പഠിക്കാന് അച്ഛന്‍ നിര്‍ബന്ധിച്ചു. കൂടിയാട്ടം അവതരിപ്പിക്കുന്ന സ്ത്രീകള്‍ താരതമ്യേന കുറവാണല്ലോ. അതും കൂടിയാട്ടം പഠിക്കണമെന്ന് തോന്നാന്‍ കാരണമായി. കലാമണ്ഡലത്തില്‍ ചേരണമെന്ന് ആഗ്രഹവുമുണ്ടായിരുന്നു. അങ്ങനെ 1992ല്‍ പതിനഞ്ചാം വയസ്സില്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നു - കലാമണ്ഡലത്തിലെ പഠനകാലത്തിലേക്ക് സിന്ധു ഞങ്ങളെയും ഒപ്പം കൂട്ടി.

“ആ ബാച്ചില്‍ രണ്ട് പെണ്‍കുട്ടികളാണുണ്ടായിരുന്നത്. ഞാനും ഒരു സോഫിയും. സോഫി ഇപ്പോള്‍ ഈ രംഗത്ത് സജീവമല്ല. അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കലാമണ്ഡലത്തില്‍ പ്രവേശനം. കലാമണ്ഡലം രാമചാക്യാര്‍, ശിവന്‍ നമ്പൂതിരി, ഗിരിജാ ദേവി, ശൈലജ എന്നിവരായിരുന്നു ഗുരുക്കന്‍‌മാര്‍. ചാക്യാര്‍ സമുദായത്തില് നിന്ന് അല്ലാതെ കൂടിയാട്ടം പഠിക്കുന്ന ആദ്യത്തെ ആളാണ് ശിവന്‍ നമ്പൂതിരിയാശാന്‍. സമുദായത്തില് നിന്ന് അല്ലാതെ കൂടിയാട്ടം പഠിക്കുന്ന ആദ്യത്തെ സ്ത്രീയാണ് ഗിരിജ ടീച്ചര്‍” - സിന്ധു ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടിരിക്കെ ശശികുമാര്‍ പതുക്കെ സംസാരിക്കൂ എന്നു പറഞ്ഞ് ഇടപെട്ടു. അപ്പോഴാണ് ഞങ്ങളും കുറച്ച് ഉറക്കെയാണല്ലോ സംസാരിക്കുന്നത് ഓര്‍ത്തത്.

"നമ്മള്‍ പറയുന്നത് മൈക്കിന്‍റെ സഹായമില്ലാതെ പ്രേക്ഷകര്‍ക്ക് കേള്‍ക്കാനാകണമെന്ന് ആചാര്യന്‍‌മാര്‍ പറയും. അതിനാല്‍ ശ്ലോകം ഉരുവിട്ട് പഠിക്കുന്നത് ഉച്ചത്തിലായിരുന്നു. അതുകൊണ്ട് ഉച്ചത്തില് സംസാരിക്കുന്നത് ശീലമായി. ഇതുപോലെ താത്പര്യമുള്ള വിഷയമാണെങ്കില് പറയുകയും വേണ്ട. ശശിയേട്ടന്‍ പറയുമ്പോഴാണ് ഞാന്‍ വളരെ ഉച്ചത്തിലാണല്ലോ സംസാരിക്കുന്നത് എന്ന് ഓര്‍ക്കുക"- കലാമണ്ഡലത്തിലെ പഠനരീതികള്‍ സിന്ധു പറയുമ്പോള്‍ മനസ്സില്‍ ഞങ്ങളും അവിടത്തെ വിദ്യാര്‍ഥികളായി.

"കലാമണ്ഡലത്തില്‍ എനിക്ക് വേറൊരു ഭാഗ്യവും കിട്ടി. ചേര്‍ന്ന വര്‍ഷം തന്നെ വേദിയില്‍ ശാകുന്തളം കൂടിയാട്ടം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. ശകുന്തളയുടെ സഖി അനസൂയയുടെ വേഷമിടാന്‍ ആളില്ല. അതിനാല്‍ എന്നോട് ആ വേഷം കെട്ടാന്‍ പറഞ്ഞു. എന്താണ് ചെയ്യേണ്ടതെന്ന് ഒരു ധാരണയുമുണ്ടായിരുന്നില്ല. പക്ഷേ വേദിയില്‍ ഞാന്‍ രണ്ട് വാക്യം അവതരിപ്പിച്ചു - എന്‍റെ ആദ്യ അവതരണമായിരുന്നു അത്.

WD
WD
പിന്നീടും ഇതേ സന്ദര്‍ഭമുണ്ടായി. ഊരകത്ത് ദേവീ ക്ഷേത്രത്തില്‍ ഭഗവദഞ്ജുകം അവതരിപ്പിക്കേണ്ടി വന്നു. ഭഗവദഞ്ജുകത്തില്‍ നായികയുടെ സഖിയെ അവതരിപ്പിക്കേണ്ടിയിരുന്നത് ശൈലജ ടീച്ചറാണ്. പക്ഷേ അന്ന് ടീച്ചര്‍ക്ക് അമ്പലത്തില്‍ പ്രവേശിക്കാന്‍ പറ്റില്ല. അന്ന് രാവിലെയാണ് ടീച്ചര്‍ക്ക് വരാന്‍ പറ്റില്ലെന്ന് അറിയുന്നത്. എന്നോട് ആ വേഷം അവതരിപ്പിക്കാന്‍ ഗുരുക്കന്‍‌മാര്‍പറഞ്ഞു. എനിക്ക് അതിലെ കാര്യങ്ങള്‍ അറിയില്ലായിരുന്നു. ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേയാണ് എന്നെ പഠിപ്പിച്ചത്. നന്നായി അവതരിപ്പിക്കാന്‍ പറ്റി."

കൂടിയാട്ടം പോലുള്ള ഒരു കല കാര്യമായ റിഹേഴ്സലില്ലാതെ അവതരിപ്പിച്ച കാര്യം അറിഞ്ഞപ്പോള്‍ ആ കലാകാരിയെ മനസാ നമിച്ചു. ആ സംഭവമായിരുന്നോ അരങ്ങേറ്റമെന്ന് ചോദിച്ചതിനു ശേഷമാണ് അതിലെ വൈരുദ്ധ്യം മനസ്സിലായത്. ജന്‍‌മനാ പ്രതിഭയുള്ള കലാകാരിയുടെ അരങ്ങേറ്റം എന്നേ കഴിഞ്ഞിരിക്കണം.

WD
WD
"കൂടിയാട്ടത്തില്‍ പുറപ്പാട് ആയിരിക്കണം അരങ്ങേറ്റമെന്നുണ്ട്. അതിനാല്‍ ഒരു വിജയദശമി ദിവസത്തില്‍ എന്റെയും സോഫിയുടെയും അരങ്ങേറ്റം കലാമണ്ഡലത്തില്‍ വച്ചുതന്നെ നടത്തി. വളരെ അപൂര്‍‌വമായിട്ടായിരുന്നു ഒരേദിവസം ഒരുവേദിയില്‍ രണ്ടുപേരുടെ അരങ്ങേറ്റം നടത്തിയിരുന്നത്. നാലു വര്‍ഷമായിരുന്നു കലാമണ്ഡലത്തിലെ പഠനകാലം. ഡിപ്ലോമ കോഴ്സായിരുന്നു. പിന്നീട് ഒരു വര്‍ഷം പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞു. സോഫിക്ക് ഫസ്റ്റ് ക്ലാസും എനിക്ക് സെക്കന്‍‌ഡ് ക്ലാസുമായിരുന്നു. സാഹിത്യത്തില്‍ ഒരുമാര്‍ക്ക് കുറഞ്ഞതിനാലാണ് എനിക്ക് ഫസ്റ്റ് ക്ലാസ് നഷ്ടപ്പെട്ടത്. സോഫി പക്ഷേ എന്തുകൊണ്ടോ ഈ രംഗത്തു തുടര്‍ന്നില്ല.

കലാമണ്ഡലത്തില്‍ എനിക്ക് ഒരു വര്‍ഷം കൂടുതല്‍ പഠിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അവതരണകല അഭ്യസിച്ചവരില്‍ നിന്ന് ഓരോ ആളെ തിരഞ്ഞെടുത്ത് പ്രത്യേകം പരിശീലനം നല്‍‌കുന്ന പദ്ധതിയായിരുന്നു അത്. കൂടിയാട്ടത്തില്‍ എന്നെയാണ് തിരഞ്ഞെടുത്തത്."

സിന്ധുവിനെ കേള്‍ക്കവേ, അധികം പഴക്കമില്ലാത്ത ചില പത്രവാര്‍ത്തകള്‍ കലാമണ്ഡലത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ചോദിക്കാന്‍ പ്രേരിപ്പിച്ചു.

"ഇന്നത്തേക്കാള്‍ നല്ല അവസ്ഥയായിരുന്നു ഞങ്ങള്‍പഠിച്ചുകൊണ്ടിരുന്നപ്പോള്‍. ഒരു യഥാര്‍ഥ കലാകാരിയായാണ് കലാമണ്ഡലത്തില്‍ നിന്ന് പഠിച്ചിറങ്ങുന്നത്. അടിസ്ഥാനകാര്യങ്ങള്‍ നന്നായി പഠിച്ചിറങ്ങുന്നതിന്റെ ചിട്ടയും വൃത്തിയും ഒന്നു വേറെ തന്നെയാണ്. കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങുന്നവരെ മറ്റുള്ളവര്‍ക്ക് പുച്ഛമാണ്. പക്ഷേ ഒരവസരം വരുമ്പോള്‍ അവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയവരെ മാത്രം പരിഗണിക്കും. അതില്‍ നിന്ന് മനസ്സിലാക്കാമല്ലോ കലാമണ്ഡലത്തില്‍ പഠിച്ചവര്‍ക്ക് കിട്ടുന്ന പരിശീലനമികവ്. വളരെ വാത്സല്യത്തോടെയാണ് ഗുരുനാഥര്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നത്. ഈ കലയോട് ഇഷ്ടം തോ‍ന്നിയതും ഇത് തുടര്‍ന്ന് കൊണ്ടുപൊകാന്‍ സാധിക്കുന്നതും ഞങ്ങളോടുള്ള അവരുടെ സ്നേഹവാത്സല്യസമീപനവും ആത്മാര്‍ഥതയും കൊണ്ടുതന്നെയാണ്."

കലാമണ്ഡലത്തിലെ പഠനത്തിനു ശേഷം എന്തുചെയ്തു? സംഭാഷണത്തിനിടയില്‍ ചെറിയ ഔപചാരികത കയറിവന്നു.

"കലാമണ്ഡലത്തില്‍ നിന്നിറങ്ങിയതിനു ശേഷം എന്തുചെയ്യണമെന്നറിയില്ലായിരുന്നു. ഉഷാ നങ്ങ്യാരുടെ അടുത്ത് ഇടയ്ക്ക് പോകും. വല്ലപ്പോഴും ഉഷ ചേച്ചിയോടൊപ്പം പ്രോഗ്രാമുണ്ടാകും. ഉഷ ചേച്ചിയുടെ കീഴില്‍ നങ്ങ്യാര്‍കൂത്ത് പഠിക്കാന്‍ 2002ല്‍ കേന്ദ്ര സര്ക്കാരിന്റെ ഫെല്ലോഷിപ്പ് കിട്ടി. അതിനു ശേഷം ചേച്ചിയുടെ വീട്ടില്‍ താമസിച്ചുതന്നെയായിരുന്നു പഠനം. 217 ശ്ലോകങ്ങളുള്ള ശ്രീകൃഷ്ണചരിതം കഥ വിശദമായി പഠിക്കാന്‍ പറ്റി. 50 ശ്ലോകങ്ങള്‍ ശരിക്കും പഠിച്ചു. 75ലധികം ശ്ലോകങ്ങള്‍ അറിയാം. കേന്ദ്രസര്‍ക്കാരിന്റെ ഫെല്ലോഷിപ്പ് കിട്ടിയതും ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്‍ പുരസ്കാരം ലഭിച്ചതും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

നങ്ങ്യാര്‍കൂത്ത് കലാമണ്ഡലത്തില്‍ നിന്ന് പഠിച്ചിരുന്നെങ്കിലും ഉഷ ചേച്ചിയുടെ അടുത്തു നിന്നാണ് വിശദമായി പഠിക്കാന്‍ സാധിച്ചത്. ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ആവശ്യമായ മുഴുവന്‍ കാര്യങ്ങളും ഉഷചേച്ചിയുടെ അടുത്തുള്ള പഠനം കൊണ്ടാണ് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിച്ചത്. എന്നോട് ചേച്ചിക്ക് നല്ല സ്നേഹമായിരുന്നു. അതുകൊണ്ട് എല്ലാവശങ്ങളും മനസ്സിലാക്കിത്തന്നിരുന്നു. ഉഷചേച്ചിയുടെ നങ്ങ്യാര്‍കൂത്ത് അരങ്ങുകള്‍ കുറേ കണ്ടിട്ടുണ്ട്. അതും എന്നിലെ കലാകാരിക്ക് ഗുണം ചെയ്തു. നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കാന്‍ ധൈര്യം വന്നതും അതുകൊണ്ടാണ്.

ചേച്ചിയുടെ അടുത്ത് പഠനം നടത്തുന്നതിനു മുമ്പ് ഒരു സ്കൂളില്‍ നൃത്താധ്യാപികയായിരുന്നു. കലാമണ്ഡലത്തില്‍ നൃത്തവും പഠിപ്പിച്ചിരുന്നു. നൃത്താധ്യാപികയായി ജോലിനോക്കുന്നതിനിടയില് കലാമണ്ഡലത്തില്‍ താത്കാലിക ഒഴിവുവന്നു. പഠിച്ച വിദ്യാലയത്തില്‍ അധ്യാപികയാകുക എന്നത് ഏതൊരാളുടെയും ആഗ്രഹമാണല്ലോ. അതിനാല്‍ അവിടെ പോകാന്‍ തുടങ്ങി. രണ്ടാംവര്‍ഷം എന്നെ വിളിച്ചിരുന്നില്ല. വേറൊരാള്‍ക്ക് ആ ജോലി കിട്ടി. എവിടെയും ശുപാര്‍ശകള്‍ക്ക് സ്ഥാനമുണ്ടല്ലോ?"

"കലാമണ്ഡലത്തില്‍ നിന്നിറങ്ങിയപ്പോള്‍ നല്ല സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് പൈങ്കുളം ചാക്യാര്‍ സ്മാരകവിദ്യാലയത്തില്‍ അധ്യാപികയാകാന്‍ ക്ഷണം ലഭിച്ചത്. ആ ക്ഷണം സ്വീകരിച്ചു. അവിടെ അധ്യാപികയായി. യുവജനോത്സവത്തില്‍ വിദ്യാര്‍ഥികളെ കൂടിയാട്ടം പഠിപ്പിക്കലായിരുന്നു ജോലി. ഒട്ടും താത്പര്യമില്ലാതിരുന്ന ജോലിയായിരുന്നു അത്. കാരണം കുട്ടികളെ മത്സരത്തിനു വേണ്ടിമാത്രം ഒരു പാക്കേജായി കൂടിയാട്ടം പഠിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു. വളരെ ദൈര്‍ഘ്യമുള്ള കല എഡിറ്റ് ചെയ്തു പഠിപ്പിക്കുക എന്നു പറഞ്ഞാല്‍ തന്നെ ബുദ്ധിമുട്ടല്ലേ. നല്ല പ്രതിഭയുള്ളതുകൊണ്ടു കുട്ടികള്‍ നന്നായി അവതരിപ്പിച്ചേക്കും. പക്ഷേ മത്സരം കഴിഞ്ഞാല്‍ പിന്നീട് അതിന് പ്രസക്തിയില്ലാതാകും. ഒരു വര്‍ഷം വെറുതെ പോയെന്നു പറഞ്ഞാല്‍ മതിയല്ലോ. സാമ്പത്തികലാഭം ഉണ്ടാകും നമ്മള്‍ നേരിട്ട് ഏറ്റെടുക്കുകയാണെങ്കില്‍. മറ്റൊരാളുടെ കീഴിലാകുമ്പോള്‍ അതുമില്ല. അതുകൊണ്ട് അത് നിര്‍ത്തി" - സിന്ധുവിന്റെ വാക്കുകളില്‍ നിരാശ.

WD
WD
"പിന്നീട്, ലക്കിടിയില്‍ മാണിമാധവ ചാക്യാര്‍ ഗുരുകുലത്തില്‍ അധ്യാപികയായിരിക്കെയാണ് 2006ല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നത്. എന്റെ കലാജീവിതത്തില്‍ മാറ്റമുണ്ടാക്കിയ സംഭവുമതാണ്. കേരള സര്‍‌വകലാശാലയിലെ ഡോ. വേണുഗോപാലാണ് എനിക്ക് അമ്പലപ്പുഴ ക്ഷേത്രത്തില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കാന്‍ അവസരം നല്കിയത്. അമ്പലപ്പുഴ ക്ഷേത്രത്തില്‍ പണ്ട് നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കാറുണ്ടായിരുന്നു. അത് ഇടക്കാലത്ത് നിന്നുപോയതാണ്. വേണുഗോപാല്‍ സാര്‍ മുന്‍‌കൈയെടുത്താണ് ക്ഷേത്രത്തില്‍ വീണ്ടും 12 ദിവസം നങ്ങ്യാര്‍കൂത്ത് സംഘടിപ്പിക്കുന്നത് .

ജരാസന്ധയുദ്ധം എന്ന കഥയിലെ ഭാഗമായിരുന്നു ഞാന്‍ അവതരിപ്പിച്ചത്. എനിക്ക് അതിനെ കുറിച്ച് അത്ര ധാരണയുണ്ടായിരുന്നില്ല. നങ്ങ്യാര്‍കൂത്തിനെക്കുറിച്ചുള്ള പുസ്തകമൊന്നും അന്ന് ലഭ്യവുമായിരുന്നില്ല. പക്ഷേ ക്ഷേത്രത്തില്‍ ഞാന്‍ പ്രോഗ്രാം അവതരിപ്പിച്ചു. എന്റെ പ്രോഗ്രാമായിരുന്നു ഏറ്റവും നന്നായതെന്ന് പിന്നീട് വേണുഗോപാല്‍ സാര്‍ പറഞ്ഞു. അതിനാല്‍ പിന്നീട് തുടര്‍ച്ചയായി ക്ഷേത്രത്തില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചു.

2000ത്തില്‍ വിവാഹം കഴിഞ്ഞെങ്കിലും കുട്ടികളില്ലാതെ വിഷമിച്ചിരിക്കുന്ന കാലത്താണ് അമ്പലപ്പുഴ ക്ഷേത്രത്തില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചത്. അവിടെ പ്രോഗ്രം അവതരിപ്പിച്ച വര്‍ഷം മോനുണ്ടായതിനാല്‍ പിന്നീട് അമ്പലപ്പുഴക്ഷേത്രത്തില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കുന്നതില്‍ പ്രത്യേകസന്തോഷം തോന്നി. മോനുണ്ടായതിന്റെ എഴുപത്തിരണ്ടാമത്തെ ദിവസം ഞാന്‍ അമ്പലപ്പുഴയില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്.”

“മോന് അഞ്ച് വയസ്സുള്ളപ്പോഴാണ് മാര്‍ഗിയില്‍ അധ്യാപികയാകാന്‍ അവസരം ലഭിക്കുന്നത്. മാര്‍ഗി സതി കലാമണ്ഡലത്തിലേക്ക് പോയ ഒഴിവിലേക്കായിരുന്നു എന്നെ വിളിച്ചത്. 2007ലാണ് ഞാന്‍ മാര്‍ഗിയില്‍ സ്റ്റാഫായി ജോയിന്‍ ചെയ്യുന്നത്. വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനൊപ്പം മാര്‍ഗിയില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കുകയും ചെയ്യും.

മാര്‍ഗിയില്‍ ജോലി ചെയ്യുമ്പോള്‍ പുറത്തും നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കാന്‍ പോകുന്നുണ്ട്. വലിയ ഒരു സദസിനു മുമ്പില്‍ ഭംഗിയായി നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ച സംതൃപ്തിയോടെ സംസാരം തുടര്‍ന്നപ്പോള് സിന്ധു എഴുതി അവതരിപ്പിച്ച കൂത്തിനെക്കുറിച്ചായി ഞങ്ങളുടെ കൗതുകം.

"അക്കാര്യം ഞാന്‍ പറഞ്ഞു തുടങ്ങുകയായിരുന്നു. ഒരിക്കല്‍ എന്റെ കാലൊടിഞ്ഞ് പ്ലാസ്റ്റര്‍ ഇട്ട് കിടക്കുന്ന സമയത്ത് ആറ്റുകാലമ്മയ്ക്ക് ഞാന്‍ നേര്‍ന്ന നേര്‍ച്ചയായിരുന്നു അത്. ദേവീമഹാത്മ്യത്തിലെ ഭദ്രകാളിചരിതം - ദാരികവധം കഥയാണ് ഞാനെടുത്തത്. സംശയമുള്ള മുദ്രകള്‍ മാര്‍ഗി സജി നാരായണ ചാക്യാരോട് ചോദിച്ചു മനസ്സിലാക്കി. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വളരെ ഭംഗിയായി ഇത് അവതരിപ്പിക്കാന് സാധിച്ചു".

കൂടിയാട്ടത്തിന് വേണ്ടത്ര പ്രാമുഖ്യം ലഭിക്കുന്നില്ലെന്ന പരാതിയുണ്ടോ എന്ന സന്ദേഹത്തിനു സിന്ധുവും ഒപ്പം കൂടി.

WD
WD
"അഭിനയം ഏറ്റവും കൂടുതലുള്ളതാണു കൂടിയാട്ടം. നാട്യധര്‍മ്മിയില്‍ അധിഷ്ഠിതമാണ് മുദ്രകള്‍. ഒരിക്കല്‍ അനുഷ്ഠാനകലയായി നിന്നിരുന്ന കൂടിയാട്ടത്തില്‍ മാറ്റമുണ്ടാകുന്നത് പൈങ്കുളം രാമ ചാക്യാരുടെയൊക്കെ ശ്രമഫലമായിട്ടാണ്. അതില്‍ മാണി മാധവചാക്യാരും അമ്മന്നൂര്‍ മാധവ ചാക്യാരുമൊക്കെ നല്കിയ സംഭാവനകളും ചെറുതല്ല. അതിന്റെയൊക്കെ ഫലമായിട്ടാണ് കൂടിയാട്ടത്തിന് യുനെസ്കോയുടെ അംഗീകാരം കിട്ടിയത്. അതിനു ശേഷം കേന്ദ്രസര്‍ക്കാര്‍ കൂടിയാട്ടത്തിന് പരിഗണന നല്‍കുന്നുണ്ട്.

പക്ഷേ അവ വേണ്ടത്ര ജനശ്രദ്ധ നേടുന്നുണ്ടോയെന്ന കാര്യത്തിലാണ് സംശയം. ഒരു ഉദാഹരണം പറയാം. കുറച്ച് മാസങ്ങള്‍ക്കു മുന്‍‌പ് വെഞ്ഞാറമൂട് സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ സോദാഹരണ പ്രഭാഷണത്തിന് പോയിരുന്നു. ഓരോ മുദ്രയും രീതികളും കാണിച്ചുകൊടുത്ത് വിശദീകരിക്കുകയായിരുന്നു ചെയ്തത്. അന്ന് അവിടെ 44 സ്കൂളുകളില്‍ നിന്നുള്ള അധ്യാപകരുണ്ടായിരുന്നു. അവരുടെ സ്കൂളുകളില്‍ അവസരമൊരുക്കിയാല്‍ സൗജന്യമായി സോദാഹരണ പ്രഭാഷണം നടത്താമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എല്ലാവരും വളരെ കാര്യമായിട്ട് എന്റെ നമ്പറൊക്കെ വാങ്ങിവച്ചു. പക്ഷേ ഒരാളും വിളിച്ചില്ല. ഇതാണ് ഇവിടത്തെ അവസ്ഥ. പിന്നെ ഞങ്ങളെപ്പോലുള്ളവര്‍ എന്തുചെയ്യും?" - പ്രതിഫലം പോലും വേണ്ടെന്നുവച്ചു കല പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്ന സിന്ധുവിന്റെ ചോദ്യത്തിന് ഞങ്ങള്‍ക്ക് മറുപടിയില്ലായിരുന്നു.

"പണ്ടൊക്കെ ചാക്യാര്‍ക്കും നങ്ങ്യാര്‍ക്കും സമൂഹത്തില്‍ നല്ല മതിപ്പുണ്ടായിരുന്നു. പറക്കുന്ന ചാക്യാരെയും ഒഴുകുന്ന നങ്ങ്യാരെയും കണ്ടാല്‍ തൊഴണമെന്നാണ് പണ്ടുള്ളവര്‍ പറയുക. അതായത് വേദിയില്‍ നന്നായി കൂത്ത് അവതരിപ്പിക്കുന്നവരെ ബഹുമാനിക്കണമെന്ന് സാരം. വേദിയില്‍ അവതരിപ്പിക്കുമ്പോള് അപകടസാധ്യതയുള്ള കഥയുമുണ്ട്. വേദിയില്‍ കെട്ടിത്തൂങ്ങി മരിക്കുന്നതായി അഭിനയിക്കേണ്ട രംഗമുള്ളത്. 44 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്തിരുന്ന നാഗാനന്ദം എന്ന കൂടിയാട്ടം കലാമണ്ഡലം രാമചാക്യാര്‍ ചിട്ടപ്പെടുത്തിയിരുന്നു. നേരത്തെ പറഞ്ഞ രംഗമുള്ള കഥയാണത്. ഉഷാ നങ്ങ്യാരായിരുന്നു ഇതിലെ നായികയെ അവതരിപ്പിച്ചത്. രണ്ടാമത് ആ വേഷം അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഏറെ ശ്രദ്ധയോടെ ചെയ്യേണ്ട വേഷം അവതരിപ്പിക്കാനായത് എന്റെ ആത്മവിശ്വാസം തെല്ലൊന്നുമല്ല വര്‍ദ്ധിപ്പിച്ചത്."

2007ല്‍ കുഞ്ഞുണ്ണി തമ്പുരാന്‍ അവാര്‍ഡ് പഠിച്ച കലാലയത്തില്‍ നിന്ന് എന്നെ തേടിയെത്തത് എന്റെ അര്‍പ്പണബോധവും ഉത്തരവാദിത്വവും വര്‍ദ്ധിപ്പിച്ചു. ഗുരുക്കന്‍‌മാരുടെ വാത്സല്യപൂര്‍ണമായതും ചിട്ടയോടുകൂടിയതുമായ കളരിയില്‍ പഠിക്കാന്‍ പറ്റിയതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. എന്നെ ആ കളരിയിലെത്തിച്ചത് നെല്ലുവായ നാരായണന്‍ നായര്‍ എന്ന മദ്ദള വിദഗ്ദനാണ്. അദ്ദേഹവും എന്റെ അച്ഛനും എന്നെ കൈപിടിച്ച് അയച്ചത് ഇത്ര വിശിഷ്ടമായ കലയില്‍ കണ്ണിയായി ചേര്‍ക്കാനാണെന്നത് കുറേക്കാലം കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്. എന്നിലെ കലാകാരിക്ക് വേണ്ട പ്രോത്സാഹനം തന്ന ഡോ. വേണുഗോപാല്‍ സാറിനെ പോലുള്ളവരെയും ഞാന്‍ മനസാ നമിക്കുന്നു.

"കൂടിയാട്ടം പ്രചരിപ്പിക്കാന്‍ ഒരു പദ്ധതി ഇപ്പോള്‍ മനസ്സിലുണ്ട്. സഹൃദയരായ കുറെ സുഹൃത്തുക്കള്‍ സഹായിക്കാമെന്നേറ്റിട്ടുണ്ട്. നിങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നു." ''തീര്‍ച്ചയായും''- ഞങ്ങള്‍ ഒരേസമയമാണ് മറുപടി പറഞ്ഞത്.

ചമയമില്ലാതെ, വാക്കുകളുടെയും ഭാവങ്ങളുടെയും അകമ്പടിയോടെ ആ കലാകാരി ഞങ്ങള്ക്ക് മുമ്പില്‍ ഓരോ കഥാപാത്രങ്ങളായി പകര്‍ന്നാടിയപ്പോള്‍ സമയം പോയതറിഞ്ഞില്ല. ഒരു നല്ല നങ്ങ്യര്‍കൂത്ത് കണ്ട സംതൃപ്തിയുടെ ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഭര്‍ത്താവ് ശശികുമാറിനൊപ്പം വീട്ടുമുറ്റത്തേക്കിറങ്ങിയ കലാമണ്ഡലം സിന്ധുവിനെ പുരാണകഥയിലെ ഏതോ നായികയെപ്പോലെ തോന്നിച്ചു.

വെബ്ദുനിയ വായിക്കുക