കെ.ടി. നാടകങ്ങള്‍-ജീവിതത്തിന്‍റെ പിടയ്ക്കുന്ന കഷണങ്ങള്‍

Webdunia
WDWD
മലയാള നാടക നാടകത്തിന്‍റെ ഒരു രംഗത്തിനു കൂടി തിരശ്ശീല വീണു. നാടകത്തിനു വേണ്ടി ഒരു ജീവിതം സമര്‍പ്പിച്ച കെ.ടി.മുഹമ്മദ് ലോകനാടക (തിയേറ്റര്‍) ദിനത്തിന് രണ്ട് ദിവസം മുമ്പ് നമ്മളോട് വിടചൊല്ലി പിരിഞ്ഞു.

നിത്യ ജീവിതത്തില്‍ നിന്നും പിടയ്ക്കുന്ന ഒരു കഷണം മുറിച്ചെടുത്ത് രംഗത്തവതരിപ്പിച്ച നാടകമെന്നാണ് വിമര്‍ശകര്‍ കെടിയുടെ നാടകങ്ങളെ വിശേഷിപ്പിച്ചത്.

‘’നാടകം എന്‍റെ ജീവിതമാണ്, പക്ഷെ ഒരിക്കലും ജീവിതത്തിനു വേണ്ടി ഞാന്‍ നാടകത്തെ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല. എന്‍റെ നാടക ജീവിതം അങ്ങനെയായിരുന്നു‘’ ആറ് പതിറ്റാണ്ട് നാടക വേദിയില്‍ നിറഞ്ഞുനിന്ന കെ.ടി ഒരിക്കല്‍ പറഞ്ഞിരുന്നു.

ജീവിതത്തിന്‍റെ ചവിട്ടുപടികളെ നാടകത്തിന്‍റെ ആണിക്കല്ലാക്കിയ വ്യക്തിയായിരുന്നു കെ.ടി. അദ്ദേഹമില്ലെങ്കിലും അദ്ദേഹത്തിന്‍റെ നാടകങ്ങള്‍ കേരളത്തിന്‍റെ മണ്ണിലും മലയാളിയുടെ മനസ്സിലും നിറഞ്ഞുനില്‍ക്കും.

നാടകത്തില്‍ ജീവിതവും വേദിയില്‍ പരീക്ഷണവും സൃഷ്ടിയില്‍ പുതുമയും നിലനിര്‍ത്തിയാണ് കെ.ടി.രചന നടത്തുന്നത്. ഓരോ നാടകവും അദ്ദേഹത്തിന്‍റെ സ്വയം കണ്ടെത്തലും ജീവിതവ്യാഖ്യാനവും ആയിരുന്നു. മറ്റ് നാടക കൃത്തുക്കളില്‍ നിന്നും തികച്ചും വേറിട്ട ദര്‍ശനമാണ് കെ.ടി ക്ക് ഉണ്ടായിരുന്നത്.


WDWD
സംഭാഷണങ്ങളിലെ സൂക്ഷ്മതയും കുപ്പിച്ചില്ലിന്‍റെ മൂര്‍ച്ചയും പ്രേക്ഷകര്‍ അനുഭവിച്ചറിഞ്ഞു. പണ്ഡിതരായ നാടകകൃത്തുക്കള്‍, നാടകാചാര്യന്‍‌മാര്‍ നമുക്കുണ്ടായിട്ടുണ്ട്. എന്നാല്‍ പാമരനായ നാടകകൃത്തുക്കള്‍ കുറവായിരുന്നു.

വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാകാതിരുന്ന കൂലിപ്പണിയെടുത്ത് ജീവിതം തുടങ്ങിയ കെ.ടി പണ്ഡിതരായ നാടകാചാര്യന്‍‌മാരേക്കാള്‍ ഉന്നത ശ്രേണിയിലേക്ക് എത്തിയത് ജീവിതാനുഭവങ്ങള്‍ പകര്‍ന്ന കരുത്തിലൂടെ ആയിരുന്നു.
സ്വാതന്ത്ര്യാനന്തരം പാകിസ്ഥാനിലേക്ക് നാടുകടത്താന്‍ സര്‍ക്കാര്‍ നല്‍കിയ ഉത്തരവിനെ മറികടന്ന് സ്വന്തം മണ്ണില്‍ ഉറച്ചുനിന്ന ധീരനായ പോരാളിയായിരുന്നു കെ.ടി.

സ്വന്തം സമുദായത്തെ പരിഷ്കരിക്കാനുള്ള അഭിവാഞ്ഛയായിരുന്നു അദ്ദേഹത്തിന്‍റേത്. പാവപ്പെട്ടവരുടെ മോചനവും വിപ്ലവാഭിമുഖ്യവും ആണ് എഴുത്തുകാരന്‍, സംവിധായകന്‍ എന്നീ നിലകളില്‍ കെ.ടി ഉയര്‍ത്തിപ്പിടിച്ചതെന്ന് മുഖ്യമന്ത്രി അച്യുതാനന്ദന്‍ അനുസ്മരിച്ചു.

കെ.ടിയുടെ സംവിധാന ചാതുര്യം മുഴുവന്‍ പ്രകടമായത് സൃഷ്ടി എന്ന നാടകത്തിലൂടെയായിരുന്നു എന്ന് അദ്ദേഹത്തോടൊപ്പം കാളിദാസ കലാകേന്ദ്രത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന പ്രമുഖ നടന്‍ തിലകന്‍ അഭിപ്രായപ്പെട്ടു. കെ.ടിയുടെ കറവറ്റ പശു എന്ന നാടകത്തിലാണ് തിലകന്‍ ആദ്യം അഭിനയിച്ചത്.

വളരെ എളിമയോടെ ഏത് സദസ്സിലും പ്രത്യക്ഷപ്പെടുകയും കൃതികളില്‍ പക്ഷെ ധീരമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ് കെ.ടി മുഹമ്മദ് എന്ന് എം.ടി.വാസുദേവന്‍ നായര്‍ പറഞ്ഞു.

ഉന്നത സമുദായങ്ങള്‍ ജനങ്ങളോട് കാണിക്കുന്ന അനീതികളെ കെ.ടി നാടകങ്ങളിലൂടെ വിമര്‍ശിച്ചു.1949 ല്‍ എഴുതിയ ഊരും പേരുമായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യത്തെ സൃഷ്ടി. ഇതിനു ശേഷം നാല്‍പ്പതിലേറെ നാടകങ്ങള്‍ അദ്ദേഹം എഴുതി. കറവറ്റ പശു എന്ന നാടകത്തിന് മലബാര്‍ കേന്ദ്ര സമിതി അവാര്‍ഡ് ലഭിച്ചതോടെ കെ.ടി നാടക രംഗത്ത് സ്വന്തം മേല്‍‌വിലാസം ഉണ്ടാക്കിയെടുത്തു.

WDWD
നാടകത്തെ പ്രോത്സാഹിപ്പിക്കാന്‍ ബ്രദേഴ്സ് മ്യൂസിക് ക്ലബ്, ഗ്രീന്‍ റൂം, എക്സ്പെരിമെന്‍റല്‍ ആര്‍ട്സ് സെന്‍റര്‍, സംഗമം തിയറ്റേഴ്സ്, കലിംഗാ തിയറ്റേഴ്സ് എന്നിവയ്ക്ക് അദ്ദേഹം രൂപം നല്‍കിയിരുന്നു. കെ.പി.എ.സി., കാളിദാസ കലാകേന്ദ്രം എന്നിവയ്ക്ക് വേണ്ടിയും കെ.ടി ധാരാളം നാടകങ്ങള്‍ എഴുതിയിട്ടുണ്ട്.

അധികം പഠിക്കാന്‍ കഴിയാതെ പോയ കെ.ടി പച്ചക്കറി ചന്തയിലെ ജീവനക്കാരനായാണ് ജീവിതം തുടങ്ങിയത്. പിന്നീട് തപാല്‍ വകുപ്പിലെ പാക്കിംഗ് വിഭാഗത്തില്‍ ജോലി കിട്ടി. അക്കാലത്താണ് നാടക രചന തുടങ്ങിയത്. മനുഷ്യന്‍ കാരാഗ്രഹത്തിലാണ്, ഇത് ഭൂമിയാണ് തുടങ്ങിയ നാടകങ്ങള്‍ ജനപക്ഷത്തു നിന്നുള്ള രചനകളായിരുന്നു. ഇതിനെതിരെ യാഥാസ്ഥിതികര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, സംഗീത നാടക അക്കാഡമി ചെയര്‍മാന്‍, പുരോഗമന കലാസാഹിത്യ സംഘം വൈസ് പ്രസിഡന്‍റ് തുടങ്ങിയ ഒട്ടേറെ പദവികള്‍ കെ.ടി.മുഹമ്മദ് വഹിച്ചിട്ടുണ്ട്.

കേന്ദ്ര സംഗീത അക്കാഡമിയുടെ അവാര്‍ഡ്, കേരള സംഗീതനാടക അക്കാഡമി അവാര്‍ഡ്, 2003 ലെ പത്മപ്രഭാ പുരസ്കാരം, പുഷ്പശ്രീ ട്രസ്റ്റ് അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് തുടങ്ങിയ ഒട്ടേറെ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.

ശ്വാസകോശ അസുഖത്തെ തുടര്‍ന്ന് കുറേക്കാലമായി കെ.ടി. ചികിത്സയിലായിരുന്നു. നാടക സിനിമാ നടി സീനത്തായിരുന്നു ഭാര്യ. ഇവര്‍ തമ്മില്‍ വളരെ പ്രായവ്യത്യാസമുണ്ടായിരുന്നു. ജിതിന്‍ മുഹമ്മദാണ് മകന്‍. സീനത്തുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം മകനോടൊപ്പമായിരുന്നു കെ.ടി യുടെ താമസം.

ഭര്‍ത്താവ് എന്നതിലുപരി ഗുരുസ്ഥാനീയനായാണ് സീനത്ത് കെ.ടി യെ കണ്ടിരുന്നത്. അദ്ദേഹം മരിച്ചപ്പോഴും ദൈവത്തെപ്പോലെ എപ്പോഴും അദ്ദേഹം എന്‍റെ മനസ്സില്‍ ഉണ്ടായിരിക്കും എന്ന് സീനത്ത് പറഞ്ഞു.

WDWD
നന്പൂതിരി സമുദായത്തില്‍ വി.ടി.ഭട്ടതിരിപ്പാടിന്‍റെ 'അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്" ഉണ്ടാക്കിയ അതേ വിപ്ളവമാണ് മുസ്ളീം സമുദായത്തിനുള്ളില്‍ കെ.ടിയുടെ 'ഇതു ഭൂമിയാണ്" നാടകവുമുണ്ടാക്കിയത്.

സമുദാത്തിനകത്തെ പ്രമാണിമാരുടെ തോന്നിവാസങ്ങള്‍ക്കും മതത്തിന്‍റെ പേരില്‍ നടത്തുന്ന ചൂഷണങ്ങള്‍ക്കുമെതിരെ കെ.ടിയുടെ നാടകം ശക്തമായി പ്രതികരിച്ചപ്പോള്‍ സമുദായത്തിനുള്ളില്‍ അതുണ്ടാക്കിയ കലാപം കുറച്ചൊന്നുമായിരുന്നില്ല.

കേരളത്തിലങ്ങോളം ഏതെങ്കിലും നാടകം പ്രദര്‍ശിപ്പിക്കാന്‍സംരക്ഷണം വെണമായിരുന്നുവെങ്കില്‍ അത് കെ.ടിയുടെ നാടകത്തിന് മാത്രമായിരുന്നു. കമ്മ്യൂണിസ്റ്റുകാരായ യുവാക്കളുടെ കാവലിലായിത്ധന്നു അന്ന് കെ.ടിയുടെ മിക്ക നാടകങ്ങളും പ്രദര്‍ശിപ്പിച്ചു പോന്നത്.

ഇത് ഭൂമിയാണിന് ശേഷം വന്ന 'മനുഷ്യന്‍ കാരാഗ്രഹത്തിലാണ്", 'ഉറങ്ങാന്‍ വൈകിയ രാത്രികള്‍, ഞാന്‍ പേടിക്കുന്നു തുടങ്ങിയ നാടകങ്ങളുമെല്ലാം ഇത്തരത്തില്‍ കടുത്ത സാമൂഹിക യാതാര്‍ഥ്യങ്ങള്‍ പങ്കുവെക്കുന്നതായിരുന്നു.

നാടക രചയിതാവ് എന്നതിനപ്പുറത്ത് സംവിധായകന്‍, കവി, ഗായകന്‍, രംഗസജ്ജീകാരകന്‍ തുടങ്ങി നാടകത്തില്‍ കെ.ടി കൈവെക്കാത്ത മേഖലകളില്ലായിരുന്നു. കലാമൂല്യം ഒട്ടും തന്നെ ചോരാതെ എന്താണോ നാടകത്തിലൂടെ പറയേണ്ടത് അത് പ്രക്ഷകന് എളുപ്പം ഗ്രഹിക്കത്തക്കരീതിയിലായിരുന്നു കെ.ടിയുടെ നാടകങ്ങള്‍.