വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് എൻ ഡി എക്ക് അത്ര സുഖകരമായിരിക്കില്ല എന്നാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും, വിവിധ പ്രാദേശിക തിരഞ്ഞെടുപ്പുകളും തെളിയിക്കുന്നത്, അതിനാൽ തന്നെ ജനങ്ങൾക്കിടയിൽ സ്വാധീനം ഉണ്ടക്കാൻ സാധിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളെ തിരഞ്ഞെടുപ്പിൽ തങ്ങളോടൊപ്പം അണിനിരത്താനുള്ള തന്ത്രം മെനയുകയാണ് ബി ജെ പി.
ഇപ്പോഴിത ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗിനെയും കളത്തിലിറക്കി മത്സരിപ്പിക്കാൻ ബി ജെ പി ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സെവാഗിനെ ഹരിയാനയിലെ റോതക് മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് ബി ജെ പിയുടെ നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽനിന്നും മത്സരിക്കുന്നവരുടെ സാധ്യതാ പട്ടികയിൽ സെവാഗ് ഇടംപിടിച്ചതായാണ് റിപ്പോർട്ടുകൾ.
എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകളിലും അഭ്യൂഹങ്ങളിലും സെവാഗ് ഒരു പ്രതികരണവും നടത്തിയിട്ടില്ല എന്നതും അഭ്യൂഹങ്ങളുമായി കൂട്ടിവായിക്കണം. സിനിമാ കായിക രംഗത്തുള്ള പ്രമുഖരെ മത്സരത്തിലിറക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി. മാധുരി ദീക്ഷിതിനെ മത്സരിക്കാൻ നേരത്തെ ബി ജെ പി ശ്രങ്ങൾ നടത്തിയിരുന്നു. അമിത് ഷാ നേരിട്ട് മാധുരിയുടെ വീട്ടിലെത്തി ചർച്ച നടത്തുകയും ചെയ്തിരുന്നു.