സംസ്ഥാന കോണ്‍ഗ്രസിലെ വേറിട്ട ശബ്ദവും കറകളഞ്ഞ നേതാവുമായ വിഎം സുധീരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എത്തിയപ്പോഴും ഒടുവില്‍ സ്ഥാനം ഒഴിയുമ്പോഴും നാടകീയതയ്‌ക്ക് യാതൊരു കുറവുമില്ല. അപ്രതീക്ഷിതമായി കോണ്‍ഗ്രസിനെ നയിക്കാന്‍ നിയോഗിക്കപ്പെടുകയും ആരുമറിയാതെ പടിയിറങ്ങുകയും ചെയ്‌ത സുധീരന്‍ പുതിയ കീഴ്‌വഴക്കങ്ങള്‍ സ്രഷ്‌ടിക്കുകയും ചെയ്‌തു.
എ ഗ്രൂപ്പ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയും ഐ ഗ്രൂപ്പ് നേതാവും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുമുള്‍പ്പെടെയുള്ള നേതാക്കള്‍ അറിയാതെയാണ് സുധീരന്‍ രാജി പ്രഖ്യാപനം നടത്തിയത്. സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്‌ട്രീയം സജീവമായിരിക്കുമ്പോള്‍ എഐസിസിയുടെ ആശിര്‍വാദത്തോടെ കെപിസിസി അധ്യക്ഷസ്ഥാനം സുധീരന്‍ ഏറ്റെടുത്തത്.
മുതിര്‍ന്ന നേതാവ് എകെ ആന്റണി മാത്രമാണ് സുധീരന്റെ തീരുമാനം മുന്‍ കൂട്ടി അറിഞ്ഞിരുന്നതെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന നേതാക്കളെ തന്റെ തീരുമാനം അറിയിക്കാതിരുന്നതിന് കാരണം നില നില്‍ക്കുന്ന തര്‍ക്കങ്ങളാണ്. ഏതു തീരുമാനവും ചര്‍ച്ച ചെയ്‌താകണം സ്വീകരിക്കേണ്ടതെന്ന് ആവര്‍ത്തിക്കുന്ന അദ്ദേഹം ഏകപക്ഷീയമായി എടുത്ത തീരുമാനം പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തും.
ബാര്‍ കോഴയും, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത് സ്വീകരിച്ച തീരുമാനങ്ങള്‍ക്കെതിരെയും നയം വ്യക്തമാക്കി സുധീരന്‍ രംഗത്തെത്തിയത് ഗ്രൂപ്പുകളുടെ എതിര്‍പ്പിന് കാരണമായി. തുടര്‍ന്ന് ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി കെപിസിസി പ്രസിഡന്റിനെതിരെ നീങ്ങുന്നതുമാണ് കണ്ടത്. ചുരുക്കം നേതാക്കളൊഴിച്ച് എല്ലാവരും എതിര്‍ പാളയത്തില്‍ എത്തിയപ്പോഴും സമ്മര്‍ദ്ദത്തിലകപ്പെടാതിരുന്ന സുധീരന്‍ ഇപ്പോള്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപന തീരുമാനം അറിയിക്കാന്‍ കാരണം കോണ്‍ഗ്രസിലെ പടല പിണക്കങ്ങളും ഒറ്റപ്പെടലുമാണെന്നാണ് പുറത്തുവരുന്ന വിവരം.
കെപിസിസി സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തുക എന്നത് വെല്ലുവിളിയാണ്.