ട്രാഫികും മിലിയും വേട്ടയും സമ്മാനിച്ച രാജേഷ് പിള്ളയെ ഇനി ഹൃദയത്തില്‍ സൂക്ഷിക്കാം
ശനി, 27 ഫെബ്രുവരി 2016 (14:08 IST)
മലയാളസിനിമയുടെ ദിശാബോധം അടിമുടി മാറ്റിമറിച്ച ചിത്രമായിരുന്നു ‘ട്രാഫിക്’. ആദ്യ ചിത്രത്തിനു ശേഷം ആറു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രാജേഷ് പിള്ളയെന്ന സംവിധായകന്‍ തന്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്തത്. അത് മലയാളസിനിമയുടെ ചരിത്രത്തെ തന്നെ തിരുത്തിക്കുറിക്കുന്നത് ആയിരുന്നു. പ്രേക്ഷകര്‍ ഇരുകൈയും നീട്ടി ചിത്രം സ്വീകരിച്ചു. ട്രാഫികിലെ രംഗങ്ങള്‍ക്ക് സമാനമായ രംഗങ്ങള്‍ പിന്നെ പലപ്പോഴും നമ്മള്‍ അനുഭവിച്ചറിഞ്ഞു. അവയവദാനത്തിന് പുതിയ ഒരു സന്ദേശം നല്കിയ ചിത്രം കൂടിയായിരുന്നു ഇത്.
‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’ എന്ന ചിത്രമായിരുന്നു രാജേഷ് പിള്ള ആദ്യമായി സംവിധാനം ചെയ്തത്. 2005ല്‍ ആയിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. എന്നാല്‍, സാമ്പത്തികമായി വന്‍ പരാജയമായിരുന്നു ‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’ എന്ന ചിത്രം. പിന്നീട് പലപ്പോഴും മിക്ക അഭിമുഖങ്ങളിലും രാജേഷ് തന്നെ ആദ്യചിത്രത്തില്‍ ചില തെറ്റുകള്‍ സംഭവിച്ചിരുന്നു എന്ന് പറഞ്ഞിരുന്നു. ചിത്രം സംവിധായകന്റേത് ആയിരുന്നില്ലെന്നും പലപ്പോഴും രാജേഷ് പിള്ള തന്നെ പറഞ്ഞിരുന്നു.
യുവതാരങ്ങളായ കുഞ്ചാക്കോ ബോബന്‍, ഭാവന, നിത്യദാസ് എന്നിവരായിരുന്നു ഈ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത്. പക്ഷേ, ചിത്രം വന്‍ പരാജയമായിരുന്നു. സാമ്പത്തികമായും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുന്നതിലും എല്ലാം. ആദ്യചിത്രം സംവിധാനം ചെയ്യുന്ന സമയത്ത് പുറത്തുനിന്നുള്ള ഇടപെടലുകള്‍ ഉണ്ടായിരുന്നതായും അതിന്റെ പാളിച്ച ചിത്രത്തില്‍ ഉണ്ടായെന്നും രാജേഷ് പിള്ള പറഞ്ഞിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് പൂര്‍ണതൃപ്‌തി നല്കിയ ചിത്രമായിരുന്നു ‘ട്രാഫിക്’.
മലയാളസിനിമയില്‍ മാത്രമല്ല മലയാളിയുടെ ആരോഗ്യ-ബോധ മണ്ഡലത്തിലും അത് ചില മാറ്റങ്ങള്‍ ഉണ്ടാക്കി. ട്രാഫിക് ചിത്രത്തിലേതിനു സമാനമായ രംഗങ്ങള്‍ മലയാളി പിന്നീട് പലതവണ യഥാര്‍ത്ഥ ജീവിതത്തിലും കണ്ടു. ‘ട്രാഫിക്’ സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം അവരുടെ കരിയറില്‍ ഒരു വഴിത്തിരിവ് ആയിരുന്നു ഈ ചിത്രം, അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടെ.
‘മിലി’ എന്ന ചിത്രവുമായാണ് പിന്നീട് അദ്ദേഹം എത്തിയത്. ആണിലും പെണ്ണിലുമുള്ള അന്തര്‍മുഖത്തെ, ഭയത്തെ ഒതുങ്ങിക്കൂടലിനെ ആയിരുന്നു രാജേഷ് പിള്ള മിലിയിലൂടെ പറഞ്ഞത്. അമല പോളും നിവിന്‍ പോളിയും നായികാനായകന്മാരായ ചിത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അവനവനിലെ അവനവനെ കണ്ടെത്തേണ്ടതിനെക്കുറിച്ചായിരുന്നു സിനിമ ചര്‍ച്ച ചെയ്തത്.
അദ്ദേഹത്തിന്റെ അവസാനചിത്രമായ ‘വേട്ട’ വെള്ളിയാഴ്ചയായിരുന്നു റിലിസ് ചെയ്തത്. സിനിമ റിലീസ് ചെയ്തതിന്റെ പിറ്റേദിവസം അദ്ദേഹം മരണത്തിന്റെ തണുപ്പിലമരുകയും ചെയ്തു. ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമ ആയിരുന്നു വേട്ട. രണ്ടാംവരവില്‍ നടി മഞ്ജു വാര്യരിന് മികച്ച വേഷമാണ് ചിത്രം സമ്മാനിച്ചത്. മഞ്ജുവിനൊപ്പം ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍ എന്നിവരും ചിത്രത്തിലുണ്ട്. എന്നാല്‍, ചിത്രം പ്രേക്ഷകര്‍ ഏതു രീതിയില്‍ സ്വീകരിക്കുമെന്നറിയാന്‍ പോലും കാത്തു നില്‍ക്കാതെ രാജേഷ് യാത്രയായി.