തമിഴ് രാഷ്‌ട്രീയത്തിന് നിരവധി ബലഹീനതകളുണ്ട്. രാഷ്‌ട്രീയത്തിനൊപ്പം സിനിമയും ദ്രാവിഡവികാരവും ഇടകലർന്ന തമിഴകം ധാരാളം സമാനതകൾ വെച്ചുപുലർത്തുന്നുണ്ട്. എംജി ആറിനുശേഷം ജയലളിത തമിഴകം അടക്കിവാണപ്പോൾ രജനീകാന്ത് എന്ന നടൻ സൂപ്പർ സ്‌റ്റാറിന്റെ കുപ്പായമെടുത്തണിഞ്ഞു.
തമിഴ്‌രാഷ്‌ട്രീയം അണ്ണാ ഡിഎംകെയിലേക്ക് മാത്രമായി ഒതുങ്ങുമെന്നു രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുമ്പോഴാണ് അപ്രതീക്ഷിതമായ ജയയുടെ മരണം. ഇതിനു ശേഷം തമിഴകത്ത് പല സംഭവ വികാസങ്ങളും നടന്നു. പ്രതിഷേധങ്ങളിൽ നിന്ന് അകന്നു നിന്നിരുന്ന ജനം ജെല്ലിക്കെട്ട് വിഷയത്തിൽ തെരുവിലിറങ്ങി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബസ് തൊഴിലാളികൾ മൂന്ന് ദിവസം ചെന്നൈ നഗരത്തിൽ പണിമുടക്കി. ഇതെല്ലാം തമിഴകത്തിന് സുപരിചിതമായ സംഭവങ്ങളായിരുന്നില്ല.
ജയലളിതയുടെ മരണവും ഡിഎംകെ പ്രസിഡന്റ് എം കരുണാനിധി സജീവരാഷ്‌ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്‌തതോടെ തമിഴ്‌നാടിന് ശക്തനായ ഒരു നേതാവിന്റെ കുറവുണ്ടായി. ഇവിടെയണ് രജനീകാന്തിന്റെ രാഷ്‌ട്രീയ പ്രവേശനത്തിനുള്ള വഴി തെളിഞ്ഞത്. എന്നാല്‍, നയിക്കാൻ രജനി വരണമെന്ന ആവശ്യം ആരണ് ഉയർത്തിയതെന്നത് വ്യക്തമല്ല.
ജയലളിതയുടെ ഭരണകാലത്ത് കേൾക്കാതിരുന്ന എതിർശബ്ദങ്ങൾ ഇന്നു കേൾക്കാൻ തുടങ്ങിയതു തന്നെ ഒരു നേതാവിന്റെ അഭാവം മൂലമാണ്. തന്റെ ആരാധകരെല്ലാം താൻ പറയുന്ന വഴിയിലൂടെ സഞ്ചരിക്കുമെന്ന തോന്നലണ് രജനിക്കിപ്പോൾ. സ്വന്തം നിലപാടുകളിൽ നിന്ന് വ്യതിചലിക്കാറുള്ള രജനിയോട് യുവാക്കൾക്ക് താൽപ്പര്യമില്ല. രാഷ്‌ട്രീയത്തിന്റെ സകല ചേരുവകളും മനസിലാക്കിയ ശേഷമാണ് എംജിആര്‍ എ ഐഎഡിഎംകെ എന്ന പാര്‍ട്ടിക്ക് രൂപം നല്‍കിയത്. എംജി ആറില്‍ നിന്ന് രാഷ്‌ട്രീയ പരിശീലനം നേടിയ ശേഷമാണ് ജയലളിത രാഷ്‌ട്രീയത്തിലിറങ്ങിയത്. ഇതാണ് തമിഴ്‌രാഷ്‌ട്രീയത്തില്‍ രജനി പരാജയമാകുമെന്ന് വിലയിരുത്താനുള്ള കാരണം.
രജനിയുടെ രാഷ്‌ട്രീയ പ്രവേശനം ബിജെപിയിലുടെ ആകുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് സൂപ്പർ സ്‌റ്റാറിന്റെ ഇമേജിന് കോട്ടം വരുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന രജനി ബിജെപിക്ക് പിന്തുണ നൽകുകയോ അവർക്കൊപ്പം ചേരുകയോ ചെയ്‌താൽ തിരിച്ചടി ഉണ്ടാകുമെന്നുറപ്പണ്. തമിഴ് ജനതയ്‌ക്ക് നോര്‍ത്ത് ഇന്ത്യന്‍ പൊളിറ്റിക്‍സിനോടും ബിജെപിയോടും വെറുപ്പാണെന്നറിഞ്ഞിട്ടും 2004 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പരസ്യമായി പറഞ്ഞ വ്യക്തിയാണ് രജനി.
ജന മനസുകളില്‍ ജയലളിതയ്‌ക്കണ്ടായിരുന്ന സ്ഥാനവും പരിഗണനയും രജനിക്ക് ഇന്നില്ല. സിനിമയിലെ ആക്ഷന്‍ പരിവേഷം രാഷ്‌ട്രീയത്തില്‍ നേട്ടമുണ്ടാക്കി തരുമെന്നു കരുതിയിറങ്ങി പരാജിതനായ ക്യാപ്‌റ്റൻ എന്ന വിളിപ്പേരുള്ള വിജയകാന്തിന്റെ അവസ്ഥയാകും അദ്ദേഹത്തിനും ഉണ്ടാകുക എന്ന വിലയിരുത്തലുമുണ്ട്.
1996ൽ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ജയലളിത ഭരണത്തെ പുറത്താക്കണമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ജനങ്ങളെ സ്വാധീനിച്ചതോടെ ഡിഎംകെ നേട്ടമുണ്ടാക്കി. 2001ൽ ജയം ആണ്ണാ ഡിഎംകെ അധികാരം തിരിച്ചു പിടിച്ചപ്പോൾ പ്രതികാര നടപടികൾക്ക് തനിക്ക് താൽപ്പര്യമില്ലെന്ന് ജയ വ്യക്തമാക്കി. 1996 മുതൽ 2000 വെരെയുള്ള കാലയളവിൽ സ്വാധീനമുറപ്പിക്കാൻ കഴിയുമായിരുന്നിട്ടും ജനങ്ങളിൽ നിന്ന് അകന്നു നിന്ന രജനി 2001ഓടെ ദുർബലനായി.
ജയലളിതയുടെ മരണത്തിന് ശേഷം ആണ്ണാ ഡിഎംകെയിലുണ്ടായ രാഷ്‌ട്രീയ ശൂന്യതയും പ്രതിസസന്ധിയുമാണ് രജനീകാന്തിനെ കളത്തിലിറങ്ങാന്‍ ഇപ്പോള്‍ പ്രേരിപ്പിക്കുന്നത്. ബിജെപി ക്യാമ്പ് ലക്ഷ്യമിട്ടാണ് സൂപ്പര്‍ താരം നീങ്ങുന്നതെന്ന വാര്‍ത്തകളെ കോണ്‍ഗ്രസ് തള്ളിക്കളയുമ്പോഴും ഉള്ളില്‍ ആശങ്ക ഉയരുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ രജനി എന്ന വ്യക്തിയുടെ വ്യക്തിപ്രഭാവത്തിന് കോട്ടം തട്ടും. ഇത് മുന്‍ കൂട്ടി കാണാന്‍ സാധിച്ചാല്‍ അദ്ദേഹം പുതിയൊരു പാര്‍ട്ടി രൂപീകരിച്ച് 2019ലെ ലോക്‍സഭ തെരഞ്ഞെടുപ്പ് നേരിട്ട് കരുത്ത് തെളിയിക്കാനുള്ള ശ്രമമാകും പുറത്തെടുക്കുക.
കാര്യങ്ങള്‍ രജനിക്ക് അനുകൂലമാകില്ല എന്ന വിലയിരുത്തലാണ് ഇതുവരെയുള്ളത്. തമിഴനല്ലാത്തവര്‍ തമിഴ്‌നാട് ഭരിക്കാന്‍ ശ്രമിക്കേണ്ട എന്നാണ് തമിഴ് അനുകൂല സംഘടനയായ തമിഴ് മുന്നേറ്റ പട വ്യക്തമാക്കുന്നത്. ബിജെപി പാളയത്തിലേക്കാണ് അദ്ദേഹം നീങ്ങുന്നതെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ വാര്‍ത്തകള്‍ രജനിയുടെ നീക്കങ്ങള്‍ക്ക് വിഘാതമാകും.
യുവാക്കളടക്കമുള്ളവര്‍ രജനിയുടെ രാഷ്‌ട്രീയ പ്രവേശനം പരാജയമാകുമെന്നാണ് പറയുമ്പോള്‍ കോണ്‍ഗ്രസും ചില ദ്രാവിഡ് പാര്‍ട്ടികളും താര രാജാവിനെ പാട്ടിലാക്കാന്‍ ഒളിഞ്ഞു തെളിഞ്ഞും നീക്കം നടത്തുന്നുണ്ട്. ഇതെല്ലാം കൂടി ചെരുമ്പോള്‍ തമിഴകത്ത് കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നുറപ്പാണ്.