രണ്ടാം ഇന്ദിരയാവാൻ തയ്യാറെടുത്ത് പ്രിയങ്ക, രാഹുൽ പ്രഭാവം പ്രിയങ്കക്ക് മുന്നിൽ മങ്ങുന്നുവോ ?
വെള്ളി, 25 ജനുവരി 2019 (13:30 IST)
പ്രിയങ്കാ ഗാന്ധിയുടെ സജീവ രഷ്ട്രീയത്തിലേക്കുള്ള പ്രവേശനമാണ് ഇപ്പോൾ രാജ്യത്തെ വലിയ രാഷ്ട്രീയ ചർച്ചാ വിഷയം. ഉത്തർ പ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറിയായി സ്ഥാനം ഏറ്റെടുത്തതോടെ അണിയറയിൽ ഒതുങ്ങിയിരുന രാഷ്ട്രീയ നീക്കങ്ങൾ ഇനി അരങ്ങത്തേക്ക് മാറും.
എല്ല തിരഞ്ഞെടുപ്പ് കാലത്തും പ്രിയങ്കയെ കോൺഗ്രസ് കളത്തിലിറക്കാറുണ്ടായിരുന്നു എങ്കിലും സജീവ രാഷ്ട്രീയത്തിനുള്ള കാർഡ് കോൺഗ്രസ് പ്രിയങ്കക്ക് നൽകിയിരുന്നില്ല. പ്രിയങ്കക്ക് ജനങ്ങളിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ സാധിക്കും എന്ന് അറിയാവുന്നതുകൊണ്ടാണ് തിരഞ്ഞെടുപ്പ് സമയങ്ങളിൽ പ്രിയങ്ക പ്രചരണങ്ങളുടെ ഭാഗമായി മാറാറുള്ളത്.
ഇന്ദിരാ ഗാന്ധിയുടെ രൂപ സദൃശ്യമുള്ള പ്രിയങ്ക സജീവ രാഷ്ട്രീയത്തിലിറങ്ങിയാൽ രാഹുൽ ഗന്ധിയുടെ പ്രഭാവത്തിൽ മങ്ങലേൽക്കും എന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രിയങ്കയെ സജീവ രഷ്ട്രീയത്തിൽനിന്നും അകറ്റി നിർത്തിയത് എന്ന് നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു.
രൂപംകൊണ്ടും ജീവിതരീതികൊണ്ടും ഇന്ദിര ഗാന്ധിയെ പിന്തുടരുന്ന വ്യക്തിത്വമാണ് പ്രിയങ്ക. ഇന്ത്യൻ രാഷ്ട്രീയത്തിലെ രണ്ടാം ഇന്ദിരയായി പ്രിയങ്ക ഗാന്ധിയെ കാണുന്നവരും ഉണ്ട്. ഇതു തന്നെയാണ് കോൺഗ്രസും ഇപ്പോൾ പ്രയോചനപ്പെടുത്താൻ ശ്രമിക്കുന്നത്. രാഷ്ട്രീയ നീക്കങ്ങളും തീരുമാനങ്ങളുമൊന്നും പ്രിയങ്കക്ക് അന്യവുമല്ല. അണിയറയിൽ കോൺഗ്രസിനുവേണ്ടി തന്ത്രങ്ങൾ മെനഞ്ഞിരുന്നയാൾ തന്നെയാണ് പ്രിയങ്ക.
പ്രിയങ്കയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള വരവ് ഏറ്റവും ദോഷം ചെയ്യുക സഹോദരൻ രാഹുൽ ഗാന്ധിക്ക് തന്നെയാണ് എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നതിൽ കാര്യമുണ്ട്. ആളുകൾ പ്രിയങ്കയെ ഇന്ദിരക്ക് സമാനമായി കാണാൻ തുടങ്ങിയാൽ രാഹുൽ ഗാന്ധിയുടെ വ്യക്തി പ്രഭാവത്തിൽ മങ്ങലേൽക്കും. പ്രിയങ്ക സജീവ രാഷ്ട്രീയത്തിന് പുറത്തുനിന്നപ്പോൾ തന്നെ വലിയ ശ്രദ്ധാകേന്ദ്രമായിരുന്നു. അപ്പോൾ സജീവമായി തുടരുമ്പോൾ കോൺഗ്രസിലെ വലിയ ശ്രദ്ധാകേന്ദ്രമായി പ്രിയങ്ക മാറും സ്വഭാവികമായും പ്രധാന്യവും പ്രിയങ്കയിലേക്ക് നീങ്ങും.
അങ്ങനെയെങ്കിൽ കോൺഗ്രസിൽ രണ്ടാം സ്ഥാനത്തേക്ക് രാഹുൽഗാന്ധിക്ക് ഒതുങ്ങേണ്ടി വരും. ബി ജെപിക്കെതിരെ ശക്തമായ പോർമുഖം തുറക്കാൻ മറ്റു പാർട്ടികളെ ഒപ്പം കൂട്ടേണ്ടതുള്ളതിനാൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിപ്പിടിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഈ സാഹചര്യത്തിൽ പ്രിയങ്ക ശ്രദ്ധാകേന്ദ്രമായി മാറുന്നത് രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയപരമായി ഗുണകരമാകില്ല.