എന്നാൽ ദേശീയ മധ്യമങ്ങളിലേക്ക് ചെല്ലുമ്പോൾ നിലപാട് നേരെ തിരിച്ചിടുകയാണ് ബി ജെ പി. ഭക്തരായ യുവതികൾ ശബരിമലയിൽ കയറിയാൽ സംരക്ഷണം നൽകുക തന്നെ വേണമെന്നാണ് ബി ജെ പി നേതാവ് വി മുരളീധരൻ ന്യൂസ് 18 ചാനലിൽ ചർച്ചയിൽ പങ്കെടുക്കവെ വ്യക്തമാക്കിയത്. എന്തുകൊണ്ട് ഇതേ നിലപാട് വി മുരളീധരനും ബി ജെ പിയും കേരളത്തിൽ സ്വീകരിക്കുന്നില്ല.
ഇതിൽ നിന്നും ശബരിമല വിഷയത്തിൽ ബി ജെ പിയുടെ നിലപാടില്ലായ്മ തന്നെയാണ് വ്യക്തമാകുന്നത്. ആദ്യ ഘട്ടത്തിൽ ശബരിമല സ്ത്രീ പ്രവേസനത്തെ അനുകൂലിക്കുകയാണ് ബി ജെ പി, ആർ എസ് എസ് സംസ്ഥാന ദേശീയ നേതൃത്വങ്ങൾ ചെയ്തത്. ആർ എസ് എസ് മുഖപത്രം ഇതിനെ അനുകൂലിച്ച് മുഖപ്രസംഗം പ്രസിദ്ധീകരിച്ചു. ബി ജെ പിയുടെ മുഖപത്രം സുപ്രീം കോടതിയുടെ വിധിയെ ചരിത്രപരമായ വിധിയെന്ന് വാഴ്ത്തി.
നേരത്തെ ശബരിമലയിൽ സ്ത്രീകൾ കയറുന്നതല്ല എൽ ഡി എഫ് സർക്കാരിനെ എതിരിടുകയാണ് തങ്ങളുടെ ലക്ഷ്യം എന്നായിരുന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധർൻപിള്ളയുടെ നിലപാട്. ഇപ്പോൾ അതിൽ അൽപം കൂടി മാറ്റം വരുത്തിയിരിക്കുന്നു. ഭക്തയായ യുവതികൾ കയറുന്നതിൽ പ്രശ്നമില്ല. അതിൽ സർക്കാർ സുരക്ഷ നൽകുന്നതിലും പ്രശനമില്ല. പക്ഷേ അടുത്ത ആരോപനം ഭക്തരല്ലാത്തവരെ മനപ്പൂർവം ശബരിമലയിൽ എത്തിക്കുന്നു എന്നതാണ്.
ഇവിടെ ശബരിമല വിഷയത്തിൽ സംസ്ഥാന ബി ജെ പി നേതൃത്വം വ്യക്തമാക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ശബരിമലയിൽ ഭക്തരായ യുവതികൾ കയറുന്നതിൽ നിങ്ങൾക്കെതിർപ്പില്ലെങ്കിൽ, അവർക്ക് സംസ്ഥാന സർക്കാരിന് എതിർപ്പില്ലെങ്കിൽ പിന്നീട് എന്തിന് പ്രതിഷേധങ്ങളും അക്രമങ്ങളും സംഘടിപ്പിക്കുന്നു ? ശബരിമലയിൽ ദർശനം നടത്താൻ എത്തുന്ന യുവതികളുടെ ഭക്തി നിങ്ങൾ ഏത് അളവ് കോല് വച്ച് അളക്കും. ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകിയാൽ ശബരിമലയുടെ പേരിൽ നടക്കുന്ന മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരമാകും.