ദേശീയ പാത വികസനത്തിന് വേണ്ടിയുള്ള മുറവിളിയും എതിരെയുള്ള രാഷ്ട്രീയ പ്രതിഷേധങ്ങളും!

ബുധന്‍, 8 മെയ് 2019 (16:36 IST)
ദേശീയ പാത വികസനത്തിന് വേണ്ടിയുള്ള മുറവിളിയും അതിന് എതിരെയുള്ള പ്രതിഷേധവും നാളുകളായി കേരളത്തില്‍ ചര്‍ച്ചയാണ്. യുഡിഎഫ് ഭരണത്തില്‍  തുടങ്ങി വച്ച ഭൂമി ഏറ്റെടുക്കല്‍ നടപടി പ്രതിഷേധം കാരണം മുന്നോട്ട് നീങ്ങിയിരുന്നില്ല. നാലു വരി പാതയ്ക്കായി 45 മീറ്റര്‍ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ജനകീയ സമരങ്ങള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ വലിച്ചിരുന്നു.
 
പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ദേശീയ പാത വികസനത്തിന് മുന്‍തൂക്കം കൊടുത്തു സ്ഥലം ഏറ്റെടുക്കല്‍ വേഗത്തിലാക്കി. എതിര്‍പ്പുകള്‍ മറികടന്ന് വികസം എന്നതായിരുന്നു പിണറായിയുടെ പ്രഖ്യാപനം.  2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പദ്ധതി പൂര്‍ണമാക്കാനുള്ള ശ്രമത്തിലായിരുന്നു എല്‍ഡിഎഫ് സര്‍ക്കാർ.
 
സ്ഥലം ഏറ്റെടുക്കല്‍ വേഗത്തിലാക്കിയതിനെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പിണറായി വിജയനെ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കാസര്‍കോട്  ഒഴികെയുള്ള സ്ഥലങ്ങളിലെ സ്ഥലമെടുപ്പ് നിര്‍ത്തി വയ്ക്കാന്‍  കേന്ദ്രം ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. 
 
വടക്കന്‍ കേരളത്തില്‍ ദേശീയ പാത വികസനത്തിനായി ആവശ്യമുള്ള 80 ശതമാനത്തോളം ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. തെക്കന്‍ കേരളത്തില്‍ ഇത് 50-60 ശതമാനത്തോളം സ്ഥലമെടുപ്പ് പൂര്‍ത്തിയായി. ദേശീയ പാത  വികസന പദ്ധതിക്കായി 1111 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമായി വരുന്നത്.  
 
കാസര്‍കോട് ജില്ലയിലെ തലപ്പാടി-ചെങ്ങള, ചെങ്ങള-നീലേശ്വരം പാതകളാണ് ദേശീയ പാത വികസനത്തിനായി ഒന്നാം മുന്‍ഗണന പട്ടികയില്‍ ഉള്ളത്.  ഇതിനായി 1600 കോടി രൂപ കിട്ടും. എന്നാല്‍ ബാക്കിയുള്ള എന്‍എച്ച് 66 ഉള്‍പെടുള്ള ദേശീയ പാതകളുടെ വികസനം പെരുവഴിയിലാണ്.
 
തലപാടിയെയും ഇടപ്പള്ളിയെയും കളിയിക്കാവിളയെയും ബന്ധിപ്പിക്കുന്നതാണ് എന്‍ എച്ച് 66. ഇടപ്പള്ളിയെയും വാളയാറിനെയും ബന്ധിപ്പിക്കുന്നതാണ് എന്‍ എച്ച് 544. രാജ്യത്തെ ദേശീയ പാത നെറ്റ്വര്‍ക്കിന്റെ  വെറും 2.3 ശതമാനം മാത്രമാണ് കേരളത്തിലുള്ള ദേശീയ പാത. 
 
കേരളത്തിലെ കാസര്‍കോട് ഒഴികെയുള്ള  ജില്ലകളെ രണ്ടാം മുന്‍ഗണന പട്ടികയിലേക്ക് മാറ്റിയതോടെയാണ് ദേശീയ പാത വികസനം അവതാളത്തിലായത്. ആദ്യത്തെ പട്ടികയില്‍ ഉള്ളവയ്ക്കാണ് പണം അനുവദിക്കുക. കേരളത്തിലെ ബാക്കിയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് പുതിയ തീരുമാനപ്രകാരം രണ്ട് വര്‍ഷത്തോളം നീണ്ടേക്കും. ഇതിനിടയില്‍ സ്ഥല വില കൂടാനുള്ള സാധ്യതയുമുണ്ട്. നേരത്തെ, ഭൂമി വില കൂടുതല്‍ ആണെന്ന് ചൂണ്ടിക്കാണിച്ചു  ദേശീയ പാത വികസന അതോറിറ്റിയും കേരള സര്‍ക്കാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. 
 
കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ടയാണ് ദേശീയ പാത വികസന പദ്ധതി നീണ്ടു പോകുന്നതിന്  പിന്നിലെന്നാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ആരോപിച്ചത്. കൂടാതെ, ഇടത് സര്‍ക്കാരിന്റെ കാലത്ത് ദേശീയ പാതവികസനം പൂര്‍ത്തിയാക്കുവാനുള്ള നീക്കം ബിജെപി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും പറഞ്ഞിരുന്നു. കേരളത്തെ രണ്ടാം പട്ടികയില്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ മന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. സ്ഥലമെടുപ്പ്  80 ശതമാനത്തോളം പൂര്‍ത്തിയായ കേരളത്തെ ഒന്നാം മുന്‍ഗണന പട്ടികയില്‍ ഉള്‍പെടുത്തണമെന്നാണ് ആവശ്യം.
 
കേരളത്തിലെയും കര്‍ണാടകയിലെയും ദേശീയ പാത വികസനത്തിനായുള്ള പദ്ധതികള്‍ മാത്രമാണ് രണ്ടാം മുന്‍ഗണന  പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബിജെപി ഭരണകക്ഷിയല്ലാത്ത ഈ സംസ്ഥാനങ്ങളെ മനപൂര്‍വം പിന്തള്ളാനുള്ള നീക്കമാണിതെന്ന ആരോപണമുയരുന്നുണ്ട്. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കേരളത്തില്‍  എത്തിയ ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളം വികസന പദ്ധതികള്‍ക്ക് സ്ഥലം നല്‍കുന്നില്ല എന്നാരോപിച്ചിരുന്നു.
 
ഈ സാഹചര്യത്തില്‍  80 ശതമാനത്തോളം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായ കേരളത്തെ എന്ത് കൊണ്ടാണ് രണ്ടാം മുന്‍ഗണന  പട്ടികയില്‍ ഉള്‍പെടുത്തിയതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. മുന്‍പ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി  ദേശീയ പാത വികസനത്തിനായി കേരളം വേഗത്തില്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കുന്നതിനെ പ്രശംസിച്ചിരുന്നു. എന്നാല്‍ യാതൊരു കാരണവും നല്‍കാതെയാണ് കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ കേന്ദ്രം മുന്‍ഗണക്രമത്തില്‍ പിന്നിലാക്കിയത്. 
 
ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടുന്നതാണ് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ നിലപാട്. ശ്രീധരന്‍ പിള്ള നിതിന്‍ ഗഡ്കരിക്ക് എഴുതിയ കത്ത് പുറത്തുവിട്ട്  ധനമന്ത്രി തോമസ് ഐസക് 'കേരളത്തോടുള്ള മോദി സര്‍ക്കാരിന്റെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നത്' എന്നാണ്  ഫേസ്ബുക്കില്‍ കുറിച്ചത്. 2018 സെപ്റ്റംബര്‍ 14 ന് ശ്രീധരന്‍ പിള്ള എഴുതിയ കത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ കുറച്ചു നാളത്തേക്ക് നിര്‍ത്തിവെക്കാന്‍ ആവശ്യപെടുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍