വോട്ട് ചെയ്യാൻ മുഖ്യമന്ത്രി എത്തി; പിണറായിൽ വോട്ടിങ് യന്ത്രം തകരാറിലായി

ചൊവ്വ, 23 ഏപ്രില്‍ 2019 (09:53 IST)
മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയപ്പോള്‍ വോട്ടിംഗ് യന്ത്രം തകരാറിലായി. ഇതുമൂലം ഏറെ നേരെ കാത്തിരുന്ന ശേഷമാണ് പോളിംഗ് തുടര്‍ന്നത്. പിണറായിയിലെ ആര്‍സി അമല സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച മുഖ്യമന്ത്രി തന്നെയാണ് തന്റെ ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായ വിവരം അറിയിച്ചത്.
 
 
തൊട്ടടുത്ത മറ്റൊരു ബൂത്തിലെയും അടുത്ത പഞ്ചായത്തിലെയും വോട്ടിംഗ് യന്ത്രങ്ങളും തകരാറിലായെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത് അടുത്തുള്ള സ്ഥലങ്ങളിലെ മാത്രം കാര്യമാണെന്നും കേരളത്തിലങ്ങോളമിങ്ങോളം നിരവധി ഇടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആറ് മണിയോടെ മിക്ക ബൂത്തുകളിലും മോക് പോളിംഗ് ആരംഭിച്ചിരുന്നു. അതോടൊപ്പം തന്നെ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തുകയും ചെയ്തു. കോഴിക്കോട്ടാണ് മോക് പോളിംഗില്‍ ആദ്യം പാകപ്പിഴ കണ്ടെത്തിയത്. കൊല്ലത്തും വിവിപാറ്റ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തി. മലപ്പുറത്ത് വൈദ്യുതിയില്ലാത്തതിനാല്‍ പലയിടങ്ങളിലും മെഴുകുതിരി വെട്ടത്തിലാണ് മോക് പോളിംഗ്. ജില്ലയുടെ പലഭാഗങ്ങളിലും വൈദ്യുതിയില്ല. മൊബൈലിന്റെയും മെഴുകുതിരിയുടെയും വെളിച്ചത്തിലാണ് മോക് പോളിംഗ് നടത്തുന്നത്. എന്നാല്‍ ഇതുമൂലം പോളിംഗ് തടസ്സപ്പെടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മഴ മൂലം പോളിംഗ് സാമഗ്രികള്‍ നനഞ്ഞതിനാല്‍ മലപ്പുറം മുണ്ടുപറമ്പില്‍ 113, 109 ബൂത്തുകള്‍ മാറ്റി ക്രമീകരിക്കുകയാണ്.
 
വോട്ടിംഗ് യന്ത്രങ്ങളുടെ തകരാറിനെ കുറിച്ച് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ ഇതൊഴിവാക്കാന്‍ നേരത്തെ തന്നെ നടപടി സ്വീകരിക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറപ്പുവരുത്തണമായിരുന്നെന്ന് പിണറായി പറഞ്ഞു. വോട്ടിംഗ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുന്നത് ഗൗരവമായി എടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലാകെ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായത് ഗൗരവമായെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍