മാണിസാറ് വന്നിട്ടെന്തായി? യു ഡി എഫില്‍ കല്ലുകടി; ആര്‍ത്തുചിരിച്ച് സി പി ഐ!

കെ അമ്പിളി ശീതള്‍
വ്യാഴം, 31 മെയ് 2018 (14:26 IST)
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പിന്തുണയ്ക്കാന്‍ കെ എം മാണിയും സംഘവും തീരുമാനിച്ചപ്പോള്‍ അല്‍പ്പമൊരു ആശങ്ക സി പി എമ്മിനുണ്ടായിരുന്നു എന്നത് വ്യക്തം. എന്നാല്‍ സി പി ഐ അചഞ്ചലരായി നിന്നു. തേങ്ങയുടയ്ക്ക് സാമീയെന്ന് അട്ടഹസിച്ച് ജഗതി ഓടുമ്പോള്‍ അക്ഷോഭ്യനായി നിന്ന ഇന്നസെന്‍റിനെപ്പോലെ. 
 
എന്തായാലും തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കാറ്റുപോയ ബലൂണ്‍ പോലെയായി കെ എം മാണി ക്യാമ്പ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല. മാണിയുടെ വരവ് യാതൊരു പ്രയോജനവും യു ഡി എഫിന് ചെയ്തില്ലെന്ന് മാത്രമല്ല, പരമാവധി ദോഷവും ചെയ്തു എന്നാണ് കോണ്‍ഗ്രസുകാര്‍ പോലും ഇപ്പോള്‍ വിലയിരുത്തുന്നത്.
 
രണ്ടായിരത്തിലധികം വോട്ടുകള്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെതായി ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഉണ്ടെന്നായിരുന്നു അവരുടെ അവകാശവാദം. അത് സത്യമാണെന്ന് വിശ്വസിച്ചാണ് യു ഡി എഫിന്‍റെ നേതാക്കളെല്ലാം മാണിയെ വീട്ടില്‍ പോയി കണ്ടതും പിന്തുണ അഭ്യര്‍ത്ഥിച്ചതും. എന്നാല്‍ ആ വോട്ടുകള്‍ എവിടെപ്പോയി എന്ന് ഇപ്പോള്‍ ആര്‍ക്കും അറിയില്ല. എന്നുമാത്രമല്ല, റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി ജയിക്കുകയും ചെയ്തു.
 
ബാര്‍ കോഴയില്‍ ആരോപണവിധേയനായ കെ എം മാണിയെ ഒപ്പം കൂട്ടിയത് ഇടതുമുന്നണിയുടെ ഭൂരിപക്ഷം കൂട്ടാനിടയായി എന്നാണ് ഇപ്പോള്‍ യു ഡി എഫില്‍ പോലുമുള്ള ചിന്ത. അക്ഷരാര്‍ത്ഥത്തില്‍ കേരള രാഷ്ട്രീയത്തില്‍ കെ എം മാണിയും പാര്‍ട്ടിയും അപ്രസക്തമാകുന്ന കാഴ്ചയാണ് കാണാനാകുന്നത്. മാണിയുടെ രാഷ്ട്രീയഭാവി ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ ചോദ്യചിഹ്നത്തിലുമായി.
 
മാണിയെ ഇടതുമുന്നണിയിലെടുക്കുന്നതിനെ അവസാനനിമിഷം വരെ നഖശിഖാന്തം എതിര്‍ത്ത സി പി ഐക്ക് ഇത് ആര്‍ത്തുചിരിച്ച് ആഘോഷിക്കേണ്ട സമയമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article