വിദ്യാര്‍ത്ഥിരാഷ്‌ട്രീയത്തിലൂടെ ആയിരുന്നു കെ ബാബു കേരളരാഷ്‌ട്രീയത്തിലേക്ക് എത്തിയത്. 1966ല്‍ കെ എസ് യുവിലൂടെ രാഷ്‌ട്രീയരംഗത്ത് എത്തിയ അദ്ദേഹം 1977ൽ കേരള യൂണിവേഴ്‌സിറ്റി യൂണിയൻ വൈസ് ചെയർമാനായി. അതേ വര്‍ഷം തന്നെ യൂത്ത് കോൺഗ്രസിന്റെ ജില്ല പ്രസിഡന്റായും അതിനുശേഷം യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായും പ്രവർത്തിച്ചു. 1982 മുതൽ 1991 വരെ അദ്ദേഹം ഡി സി സി ജനറൽ സെക്രട്ടറിയായിരുന്നു. ഐ എൻ ടി യു സി സംസ്‌ഥാന കമ്മിറ്റി അംഗമായിരുന്ന ബാബു നിരവധി ട്രേഡ് യൂണിയൻ പ്രസ്‌ഥാനങ്ങളുടെ കരുത്തുറ്റ നായകനായിരുന്നു.
അങ്കമാലി നഗരസഭ രൂപീകരിച്ചപ്പോള്‍ ആ നഗരസഭയുടെ ആദ്യ ചെയർമാനായിരുന്നു ബാബു. കൂടാതെ കോൺഗ്രസ് നിയമസഭാകക്ഷി വിപ്പായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അങ്കമാലി ഫൈൻ ആർട്‌സ് സൊസൈറ്റി സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ കഠിന പ്രയത്നം കൊണ്ടായിരുന്നു. എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റു കൂടിയാണ് ബാബു.
1991ൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നും എംഎം ലോറൻസ് എന്ന പ്രമുഖ സിപിഐ(എം) നേതാവിനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. തുടർന്നു 1991,1996, 2001, 2006, 2011 എന്നീ വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലും അതേ മണ്ഡലത്തിൽ നിന്നു തന്നെ ഉജ്ജ്വല വിജയത്തോടെ നിയമസഭയിലേക്കെത്താനും അദ്ദേഹത്തിനു കഴിഞ്ഞു.
കെ കെ കുമാരന്റെയും പൊന്നമ്മയുടെയും മകനായി 1951 ജൂൺ രണ്ടിന് അങ്കമാലിയിലാണ് കെ ബാബു ജനിച്ചത്. അങ്കമാലിയിലെ സെന്റ് ജോസഫ് സ്കൂളില്‍ നിന്നും ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബാബു, കാലടി ശങ്കരാചാര്യ കോളേജില്‍ നിന്നു ബിരുദവും കരസ്ഥമാക്കി. മുൻമന്ത്രി അഡ്വ. കെ എൻ വേലായുധന്റെ മകള്‍ ഗീതയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഐശ്വര്യ, ആതിര എന്നിവര്‍ മക്കളാണ്.