മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ക്ക് ഇന്നുള്ള പകിട്ട് അവര്‍ സ്വയം സൃഷ്ടിച്ചതാണോ? ഒരിക്കലുമല്ല എന്ന് ആരും നിസംശയം പറയും. അവര്‍ പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ തിളക്കമാണ് അവര്‍ക്ക് ലഭിച്ചത്.
ഒന്നാലോചിച്ചുനോക്കൂ, ചന്തുവും ബാലഗോപാലന്‍ മാഷും വാറുണ്ണിയും ഭാസ്കര പട്ടേലരും മാടയും അറയ്ക്കല്‍ മാധവനുണ്ണിയുമൊന്നുമില്ലായിരുന്നെങ്കില്‍ മമ്മൂട്ടി എന്ന താരചക്രവര്‍ത്തിക്ക് ഇപ്പോഴത്തെ തിളക്കം ലഭിക്കുമായിരുന്നോ? സേതുമാധവനും നീലകണ്ഠനും ആടുതോമയും കല്ലൂര്‍ ഗോപിനാഥനും വിന്‍സന്‍റ് ഗോമസുമൊന്നും ഇല്ലായിരുന്നെങ്കില്‍ മോഹന്‍ലാലിനും ഇപ്പോഴത്തെ പ്രഭ കിട്ടില്ല. അപ്പോള്‍ താരങ്ങളേക്കാള്‍ നമ്മള്‍ അവരുടെ കഥാപാത്രങ്ങളെ സ്നേഹിക്കുന്നു എന്ന് സാരം.
അങ്ങനെയെങ്കില്‍, രാമലീലയില്‍ നമ്മള്‍ ദിലീപ് എന്ന താരത്തെ കാണുന്നതെന്തിന്? ദിലീപ് വേറെ, ആ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ രാമനുണ്ണി വേറെ. മലയാളികളെ സന്തോഷിപ്പിക്കുന, സങ്കടപ്പെടുത്തുന്ന, ആവേശം കൊള്ളിക്കുന്ന ഒരു കഥാപാത്രമാണ് രാമനുണ്ണിയെങ്കില്‍ ‘രാമലീല’ കൈയും നീട്ടി സ്വീകരിക്കാന്‍ നാം എന്തിന് മടിക്കണം?!
മഞ്ജു വാര്യര്‍ പറഞ്ഞതുപോലെ, ഒരൊറ്റയാളുടെ പ്രയത്നമല്ല ഒരു സിനിമ. അത് നൂറുകണക്കിന് പേരുടെ അധ്വാനത്തിന്‍റെയും വിയര്‍പ്പിന്‍റെയും കണ്ണീരിന്‍റെയും ഫലമാണ്. അരുണ്‍ ഗോപി എന്ന സംവിധായകന്‍റെ സ്വപ്നമാണ്. ടോമിച്ചന്‍ മുളകുപാടം എന്ന നിര്‍മ്മാതാവിന്‍റെ പ്രതീക്ഷയാണ്.
രാമലീല 28ന് റിലീസ് ചെയ്യുമ്പോള്‍ മറ്റൊരു മാനദണ്ഡവും ആ സിനിമയെ അളക്കുന്നതില്‍ ഉപയോഗിക്കരുത്. ആ ചിത്രം നല്ലതാണോ എന്ന് മാത്രം നോക്കുക. നല്ലതാണെങ്കില്‍ സ്വീകരിക്കുക. നല്ല സിനിമകളെ സ്വീകരിച്ച പാരമ്പര്യമാണ് എന്നും മലയാളികള്‍ക്ക്. രാമലീലയും മറിച്ചൊരു കീഴ്വഴക്കം സൃഷ്ടിക്കില്ലെന്ന് കരുതാം.
രാമലീല ഒരു രാഷ്ട്രീയ ചിത്രമാണ്. അതിലുപരി ഒരു നല്ല കഥ പറയുന്ന കുടുംബചിത്രമാണ്. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തി ഈ സിനിമ എഴുതിയത് സച്ചി എന്ന തിരക്കഥാകൃത്താണ്. വര്‍ഷങ്ങള്‍ക്ക് ശേഷം രാധിക ശരത്കുമാറിന് മലയാളത്തിലേക്കുള്ള മടങ്ങിവരവ് സാധ്യമാക്കിയ സിനിമയാണ്.
അതുകൊണ്ടുതന്നെ രാമലീലയ്ക്കൊപ്പം നില്‍ക്കുന്നതാവട്ടെ നല്ല സിനിമയെ സ്നേഹിക്കുന്നവരുടെ മനസ്. രാമലീലയ്ക്ക് വിജയം ആശംസിക്കാനും കരങ്ങളുയരട്ടെ.