'അമ്മ' എന്നത് ഒരു ജോലിയാണോ? അതിനു ശമ്പളം നൽകേണ്ടതുണ്ടോ?

അപർണ ഷാ

തിങ്കള്‍, 20 നവം‌ബര്‍ 2017 (14:50 IST)
17 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം തിരികെ കൊണ്ടുവന്ന സുന്ദരിയാണ് മാനുഷി ഛില്ലർ. അറുപത്തിയേഴാമത് ലോകസുന്ദരിപ്പട്ടം കഴിഞ്ഞ വർഷത്തെ ലോകസുന്ദരി മിസ് പ്യൂർ‌ട്ടറിക്ക സ്റ്റെഫാനി മാനുഷിയുടെ തലയിൽ വെയ്ക്കുമ്പോൾ ആശ്ചര്യവും അമ്പരപ്പും സന്തോഷവുമായിരുന്നു ആ മുഖത്ത്. സ്ക്രീനിൽ സാക്ഷിയായി മാനുഷിയുടെ കുടുംബവും. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാൽ മാനുഷിയുടെ അമ്മയുടെ മുഖത്ത് സന്തോഷത്തേക്കാൾ അഭിമാനമല്ലേ എന്ന് തോന്നും. 
 
മാനുഷി കിരീടം ചൂടിയപ്പോൾ അവരുടെ അമ്മയ്ക്കൊപ്പം ലോകത്തെ അമ്മമാർ ഒന്നടങ്കം സന്തോഷിച്ചു, അഭിമാനിച്ചു. അതിനൊരു കാരണമേ ഉള്ളു. ലോകസുന്ദരിയെ തെരഞ്ഞെടുക്കാനുള്ള അവസാന റൗണ്ടിൽ വിധികർത്താക്കൾ ചോദിച്ച ചോദ്യത്തിനു മാനുഷി നൽകിയ ഉത്തരം!. 
 
ചോദ്യമിതായിരുന്നു -  ലോകത്തിൽ ഏറ്റവും അധികം പ്രതിഫലം അർഹിക്കുന്ന ജോലി? എന്തുകൊണ്ട്?
ഒട്ടും ആലോചിക്കാതെ മാനുഷി പറഞ്ഞു: അമ്മ. “അമ്മയാണ് ഏറ്റവും ബഹുമാനിക്കപ്പെടേണ്ട വ്യക്തി. എന്‍റെ ഏറ്റവും വലിയ പ്രചോദനം അമ്മയാണ്. അമ്മ നല്കുന്ന സ്നേഹവും പരിഗണനയും പണംകൊണ്ട് അളക്കാവുന്നതല്ല. സ്നേഹമായും ആദരവായും ഏറ്റവുമധികം പ്രതിഫലം ലഭിക്കേണ്ട ജോലി അമ്മയുടേതാണ്’. 
 
ആ ഒരൊറ്റ ചോദ്യത്തിലൂടെ വിധികർത്താക്കൾക്ക് വിജയി ആരാണെന്ന് പ്രഖ്യാപിക്കാൻ അധികം സമയം വേണ്ടി വന്നില്ല. മാനുഷിയുടെ ഉത്തരം ശരിവെയ്ക്കുന്നതിനോടൊപ്പം പലർക്കും ചോദിക്കാനുള്ള ഒരു ചോദ്യമുണ്ടാകും. ചെയ്യുന്ന ജോലികൾക്കും കടമകൾക്കും അക്ഷരാർത്ഥത്തിൽ അമ്മയ്ക്ക് പ്രതിഫലം ലഭിക്കുന്നുണ്ടോ?. 
 
ഒരു മെഷീൻ കണക്കെ പണിയെടുക്കുന്ന അമ്മമാരും ഉണ്ട്. അവർക്ക് വലുത് അവരുടെ ജീവിതമല്ല, മറിച്ച് ഭർത്താവിന്റേയും മക്കളുടെയും സന്തോഷവും ജീവിതവുമാണ്. അമ്മമാർ ചെയ്യുന്നത് അവരുടെ കടമയാണെന്നും അതിനു പ്രതിഫലമായി പണമൊന്നും നൽകേണ്ടെന്നും പറയുന്നവരുണ്ട്. 
 
പ്രതിഫലമെന്നാൽ പണം മാത്രമാണെന്ന് കരുതുന്നവർക്ക് ഇങ്ങനെയേ ചിന്തിക്കാൻ കഴിയൂ. പ്രതിഫലമെന്നാൽ പണം മാത്രമല്ല, മാനുഷി പറഞ്ഞത് പോലെ സ്നേഹവും പരിഗണനയും കരുതലുമാണ്. അമ്മയോളം മഹത്വമുള്ള മറ്റൊരാൾ ഭൂമിയിൽ ഇല്ല. അമ്മ നൽകുന്ന സ്നേഹത്തിനു അളവുകോൽ ഇല്ല. 
 
പ്രതിഫലം അർഹിക്കുന്ന ജോലി തന്നെയാണ് അമ്മയുടേത്. പക്ഷേ, സമയവും സന്ദർഭവും അനുസരിച്ച് ആർക്കും ആരേയും സ്നേഹിക്കാൻ കഴിയില്ലെന്നതും വസ്തുത തന്നെയാണ്. തിരക്കുള്ള ലോകത്ത്, തിരക്കുള്ള ജീവിതം നയിക്കുമ്പോൾ അമ്മയ്ക്ക് നൽകേണ്ടുന്ന പ്രതിഫലം പോയിട്ട് അമ്മയെ തന്നെ ഓർമ വന്നുവെന്ന് വരില്ല. പണം മാത്രമല്ല പ്രതിഫലമെന്നത് വൈകി തിരിച്ചറിയരുത്. സ്നേഹവും കരുണയുമാണ് യഥാർത്ഥ പ്രതിഫലം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍