ചൈനയെ മറികടക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞോ? എത്ര ഓടിയാലും ഒപ്പമെത്തില്ലെന്ന് ചൈന !

വെള്ളി, 17 ഫെബ്രുവരി 2017 (16:39 IST)
വിക്ഷേപണ  രംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഐഎസ്ആർഒ.104 ഉപഗ്രങ്ങളുമായി ഇന്ത്യയുടെ പിഎസ്എല്‍വി–സി 37 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്നും കഴിഞ്ഞ ദിവസമാണ് കുതിച്ചുയർന്നത്. ഒരു ലോക റെക്കോര്‍ഡ് കൂടിയാണിത്. 
 
രാജ്യാന്തര ബഹിരാകാശചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്.
വിക്ഷേപണം പൂർണ വിജയമായാൽ ഒറ്റയടിക്ക് ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച രാജ്യമെന്ന റെക്കോർഡ് ഇന്ത്യയ്ക്ക് സ്വന്തമാകുകയും ചെയ്യും.
 
അതേസമയം, 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിച്ചത് വലിയ കാര്യമാണെങ്കിലും ഇപ്പോഴും ഇന്ത്യ ചൈനയുടേയും അമേരിക്കയുടേയും പിന്നിലാണെന്നും ഇന്ത്യന്‍ ബഹിരാകാശ സാങ്കേതിക വിദ്യ പൂര്‍ണതോതില്‍ വികസിച്ചിട്ടില്ലെന്നും ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് പത്രം പറയുന്നു. 
 
വലിയ ബഹിരാകാശ ദൗത്യങ്ങള്‍ക്കാവശ്യമായ റോക്കറ്റ് സാങ്കേതികവിദ്യ ഇപ്പോഴും ഇന്ത്യയുടെ കൈവശമില്ല. മാത്രമല്ല ഇന്ത്യക്കാരായ ബഹിരാകാശ യാത്രികരോ സ്വന്തമായ ബഹിരാകാശ നിലയം ഇതുവരെ ഉണ്ടാക്കാന്‍ തുടങ്ങുകയോ ചെയ്തിട്ടില്ലെന്നും ഇന്ത്യയെ ഇകഴ്ത്തിക്കൊണ്ട് പത്രം വിലയിരുത്തുന്നു.

വെബ്ദുനിയ വായിക്കുക