ലോകം അടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലാണോ? ആശങ്കകളും അഭ്യൂഹങ്ങളും പറയാന്‍ ശ്രമിക്കുന്നത് അതുതന്നെയാണോ? എന്താണ് ചൈന മറയ്ക്കാന്‍ ശ്രമിക്കുന്നത്. തകരുമ്പോള്‍ എല്ലാവരെയും തകര്‍ക്കുകയാണോ ചൈനയുടെ ലക്ഷ്യം? ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് ഇന്ന് ലോകത്താകമാനമുള്ള സാമ്പത്തിക വിദഗ്ധര്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. മാന്ദ്യത്തിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് ലോകമെമ്പാടുമുള്ള ഓഹരിവിപണികള്‍ തകര്‍ന്നു തുടങ്ങിയതാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
അമേരിക്കയേയും യൂറോപ്പിനേയും ബാധിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ അലയൊലിയില്‍ നിന്ന് ലോകരാജ്യങ്ങള്‍ പലതും കരകയറിക്കഴിഞ്ഞിട്ടില്ല. അതിനുമുന്പ് മറ്റൊരു ആഘാതം താങ്ങാനുള്ള ശേഷി ഇന്ത്യയ്ക്കോ മറ്റ് ലോക ശക്തികള്‍ക്കോ തന്നെ ഇല്ല എന്നതാണ് പരമാര്‍ഥം. ഇതിനെല്ലാം കാരണമായി ഭവിക്കുന്ന ചൈനയുടെ സാമ്പത്തിക മേഖലയിലുണ്ടായ തളര്‍ച്ചയും അതിനെ മറികടക്കാന്‍ അവര്‍ നടത്തുന്ന സാമ്പത്തിക യുദ്ധവുമാണ്.
ദീര്‍ഘകാലമായി അമ്പരപ്പിക്കുന്ന വളര്‍ച്ച നേടിയ ചൈനയുടെ സമ്പദ്ഘടന ഇപ്പോള്‍ മന്ദഗതിയിലാണ്. 2010 വരെയുള്ള മൂന്നു ദശകക്കാലം 10%എന്ന തോതിലായിരുന്നു വാര്‍ഷിക വളര്‍ച്ച. അതിപ്പോള്‍ പ്രകടമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 7.45 മായിരുന്നു ചൈനീസ് സമ്പദ്ഘടനയുടെ വളര്‍ച്ച. ഈ വര്‍ഷം 6.8% വും 2016 ല്‍ 6.3% വും ആയിരിക്കുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) പ്രവചനം.
വില കുറഞ്ഞ സാധങ്ങളുടെ കയറ്റുമതിയായിരുന്നു ചൈനീസ് സമ്പദ്ഘടനയുടെ അമ്പരപ്പിക്കുന്ന വളര്‍ച്ചയുടെ പ്രധാന ഘടകം. ഇതുമൂലം ലോകത്തിലെ ഏതു രാജ്യവുമായുള്ള വ്യാപാര ബന്ധത്തിലും ചൈനക്ക് അനുകൂലമായ വ്യാപാര മിച്ചമാണ് ഉണ്ടായത്. 2007 ല്‍ ഇത് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. അന്ന് ചൈനയുടെ ജിഡിപിയുടെ 10% ആയിരുന്നു വ്യാപാരമിച്ചം. കഴിഞ്ഞ വര്‍ഷം അത് 2% ആയിരുന്നു. ചൈനക്ക് 200 ബില്യന്‍ ഡോളറില്‍ കൂടുതല്‍ വിദേശ നാണയ കരുതല്‍ ശേഖരമുണ്ട്.
ചൈനയുടെ സമ്പദ്ഘടന ലോകത്തിലെ ഒന്നാമത്തെയോ അല്ലെങ്കില്‍ രണ്ടാമത്തെയോ ആണ്. എന്നാല്‍ ഇപ്പോള്‍ ഇതൊന്നുമല്ല സ്ഥിതിവിശേഷം. 2008, 2009കളില്‍ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ചൈനയുടെ കടം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് ചൈനയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയേയാണ് പ്രതികൂലമായി ബാധിക്കുക. ചൈനയുടെ ജിഡിപിയുടെ 20%ത്തോളം റിയല്‍ എസ്‌റ്റേറ്റ് വിപണിയാണ്. ഇതിനുണ്ടാകുന്ന തകര്‍ച്ച അതിര്‍ത്തി കടന്നു മറ്റു രാജ്യങ്ങളിലേക്കും ബാധിക്കും. അതാണ് ഇപ്പോല്‍ ഉണ്ടായിരിക്കുന്നത്.
അതിനു പിന്നാലെ വ്യാവസായിക മേഖലയില്‍ ഉണ്ടായിരിക്കുന്ന തളര്‍ച്ചയും ഉത്പാദനത്തിലും കയറ്റുമതിയിലും വിപണി വിഹിതത്തിലും രാജ്യം പിന്നോക്കം പോവുകയും ചെയ്യുന്നു. ചൈന ഒട്ടേറെ ഇറക്കു മതിയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ചൈനയിലെ ഇപ്പോഴത്തെ മന്ദഗതി ലോകത്തിനു ആശങ്ക ഉളവാക്കുന്നത്. ചരക്കുകളും വാണിജ്യ സേവനങ്ങളും ഇറക്കു മതി ചെയ്യുന്നതില്‍ രണ്ടാം സ്ഥാനത്താണ് ചൈന. എണ്ണയും മറ്റു ഉല്‍പ്പന്നങ്ങളും വന്‍തോതില്‍ വാങ്ങുന്ന രാജ്യമാണ് ചൈന. എണ്ണയുടെ വിലയിടിവില്‍ ചൈനയിലെ മാന്ദ്യവും ഒരു ഘടകമാണ്. അതിനാല്‍ ദീര്‍ഘമായ ഒരു കാലയളവില്‍ ചൈനീസ് സമ്പദ്ഘടനയുടെ വളര്‍ച്ച മന്ദഗതിയിലായാല്‍ പല രാജ്യങ്ങളെയും അത് പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ചും ചരക്കുകള്‍ കയറ്റുമതി ചെയ്യുന്ന രാഷ്ട്രങ്ങളെ.
സാമ്പത്തികവളര്‍ച്ചയുടെ വിവരങ്ങള്‍ ഒരോ മൂന്നു മാസങ്ങള്‍ കൂടുമ്പോഴും ചൈന പുറത്ത് വിടാറുണ്ട്. 2015 ലെ ആദ്യത്തെ മൂന്നു മാസങ്ങളിലെ വളര്‍ച്ച മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7% കൂടുതലായിരുന്നു. അതിനു മുമ്പുള്ള 3 മാസങ്ങളേക്കാള്‍ 1.3% കൂടുതലാണ് വളര്‍ച്ച. എന്നാല്‍ ചൈന പുറത്ത് വിടുന്ന കണക്കുള്‍ നിലവില്‍ ആരും വിശ്വസിക്കുന്നില്ല.അതില്‍ പറയുന്നതിലും ഗുരുതരമാണ് ആ രാജ്യത്തെ അവസ്ഥയെന്നാണ് ലോകം കരുതുന്നത്.
അതിനിടെയാണ് സ്വന്തം കറന്‍സിയുടെ മൂല്യം ചൈന കുറച്ചത്. രാജ്യത്തെ കയറ്റുമതിക്കാരെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യം 1.9 ശതമാനത്തോളൊഅം ചൈന ഈ കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ കുറച്ചിരിക്കുന്നത്. കയറ്റുമതിയെ അപേക്ഷിച്ചി ഇറക്കുമതി കുറവായതിനാല്‍ ചൈനയ്ക്ക് ഇത് തല്‍ക്കാലം പ്രശ്നങ്ങള്‍ ഉണ്ടാക്കില്ല. എന്നാല്‍ അത് ആഘാതമേല്‍പ്പിക്കുന്നത് ഏഷ്യന്‍ രാജ്യങ്ങളേയാണ്. സമീപ രാജ്യങ്ങളുടെ കറന്‍സികളുടെ വിനിമയ മൂല്യം ഇടിയാന്‍ ഇത് കാരണമാകും.
ഇത് ബാധിക്കുക ഇന്ത്യയേപ്പോലെ വികസ്വര രാജ്യങ്ങളേയാണ്. കറന്‍സിയുടെ മൂല്യം കുറയുന്നതുമൂലം ചൈനയുഇല്‍ കയറ്റുമതി വര്‍ധിക്കും. ഇത് കുറഞ്ഞ വിലയ്ക്ക് ചിഅനീസ് ഉത്പന്നങ്ങള്‍ ലോക വിപണിയില്‍ എത്തിക്കും. മറ്റ് രാജ്യങ്ങളുടെ വിപണി വിഹിതം കൂടി ഭാവിയില്‍ ചൈഅന പിടിച്ചെടുത്തേക്കാം. അങ്ങേന്‍ വന്നാല്‍ സാമ്പത്തികാമായി വലിയ തിരിച്ചടികളാകും ഇന്ത്യയേപ്പോലെയുള്‍ല രാജ്യങ്ങള്‍ക്ക് നേരിടേണ്ടിവരിക.
ലോകത്തെ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയില്‍ ഉയര്‍ന്നു വരുന്ന തകര്‍ച്ച ആഗോള സാമ്പത്തികരംഗത്തും പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. പ്രമുഖ ബാങ്കുകളുടെ കരുതല്‍ ധനാനുപാതത്തില്‍ ചൈന കുറവു വരുത്തിയതും ആശങ്കയോടെ ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നു. 2008ലെ മാന്ദ്യത്തിനു ശേഷം ആദ്യമായാണ് ചൈന അടിസ്ഥാനനിരക്കുകള്‍ ഇത്രയും താഴ്ത്തി നിശ്ചയിക്കുന്നത്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ആറു വര്‍ഷത്തെ കുറഞ്ഞ നിരക്കിലെത്തിയതും നയരൂപീകരണത്തില്‍ ജാഗ്രത വേണമെന്ന സൂചനകള്‍ നല്‍കുന്നു.
ചൈനയിലെ മാന്ദ്യം ഇന്ത്യന്‍ കയറ്റുമതിക്കാരെ പ്രതികൂലമായി ബാധിക്കും. കാരണം വന്‍കിട ഉല്‍പ്പാദക രാജ്യമായ ചൈനയിലെ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കുറയും. ഉല്‍പ്പാദനം കൂടുകയും ഉപഭോഗം കുറയുകയും ചെയ്യുമ്പോള്‍ വിപണിയിലെ ഡിമാന്റ്-സപ്ലൈ അനുപാതം തെറ്റും. കുറഞ്ഞ നിരക്കിലുള്ള ചൈനീസ് ഉല്‍പ്പന്നങ്ങളില്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വരുന്നത് ഇന്ത്യന്‍ കയറ്റുമതിക്കാരുടെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിക്കും. ചൈനയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി മൊത്തം കയറ്റുമതിയുടെ വളരെ ചെറിയ ശതമാനമായതിനാല്‍ ഹ്രസ്വകാലത്തേക്ക് ഇതിന്റെ പ്രത്യാഘാതം പരിമിതമായിരിക്കും. പക്ഷേ ചൈനയില്‍ നിന്ന് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വന്ന് നിറയുന്നത് പ്രാദേശിക വിപണിയില്‍ ശ്രദ്ധയൂന്നുന്ന ഇന്ത്യന്‍ കമ്പനികളെ പ്രതികൂലമായി ബാധിക്കാനിടയണ്ടുണ്ട്.
ചൈനയുടെ സാമ്പത്തിക മാന്ദ്യം ഈ വര്‍ഷം നവംബറില്‍ തുര്‍ക്കിയില്‍ ചേരുന്ന ജി20 ഉച്ചകോടിയിലും ഒക്ടോബറില്‍ പെറുവില്‍ ചേരുന്ന ഐഎംഎഫ് വാര്‍ഷിക സമ്മേളനത്തിലും വലിയ ചര്‍ച്ചയാകും. എന്നാല്‍ ഈ സമ്മേളനങ്ങള്‍ക്ക് അതില്‍ ഒന്നും തന്നെ ചെയ്യാനില്ല. ചൈനയുടെ മാന്ദ്യം ആഗോള സാമ്പത്തിക ഭൂപടത്തെ ആകെത്തന്നെ വരുന്ന നിരവധി വര്‍ഷങ്ങള്‍ ബാധിക്കും. എന്നാല്‍ അത് അനിവാര്യമാണ്. ചൈന അതിനെ ലാഘവത്തോടെ തരണം ചെയ്യുകയാണെങ്കില്‍ ലോകത്തിന് അതിനു നലൊകേണ്ടിവരിക വലിയ വിലയായിരിക്കും.