മാധ്യമ അടിയന്തിരാവസ്ഥ: നാവുകള്‍ക്ക് വിലങ്ങു വീഴുന്നതിനു മുന്നേ നാം ശബ്ദമുയര്‍ത്തണം

തിങ്കള്‍, 1 ഓഗസ്റ്റ് 2016 (12:22 IST)
നാലു പതിറ്റാണ്ട് മുമ്പ് ഇന്ത്യന്‍ ജനാധിപത്യത്തെ കരിനിഴലിലേക്ക് തള്ളിയിട്ടുകൊണ്ട് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ജനാധിപത്യ സംവിധാനങ്ങളെ ഇല്ലാതാക്കുകയും പൗരാവകാശങ്ങള്‍ ഭരണഘടനയില്‍ മാത്രം ഒതുക്കുകയും ചെയ്ത അക്കാലയളവില്‍ പല മാധ്യമങ്ങളും അടച്ചു പൂട്ടി, പത്രസ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡും നരനായാട്ടും അരങ്ങേറി. പ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ അത്രത്തോളം വരില്ലെങ്കിലും ഇപ്പോള്‍ അപ്രഖ്യാപിത മാധ്യമ അടിയന്തിരാവസ്ഥ കേരളത്തില്‍ നടമാടുന്നു. ജനങ്ങളുടെ ജിഹ്വയായ മാധ്യമങ്ങളുടെ മേലുള്ള അടിയന്തിരാവസ്ഥ എല്ലാ അര്‍ത്ഥത്തിലും ജനങ്ങള്‍ക്ക് മേലുള്ള അപ്രഖ്യാപിത അടിയന്തിരാവസ്ഥ തന്നെ.
 
പാര്‍ലമെന്ററി ജനാധിപത്യത്തോടും ജനാധിപത്യസംവിധാനത്തോടും കേരളത്തിലെ ഭരണ വര്‍ഗത്തിന്റെ നിലപാട് ഇതില്‍ നിന്നു വ്യക്തം. പൗരാവകാശധ്വംസനവും ജനാധിപത്യകശാപ്പും ഭരണവര്‍ഗം നടത്തുമ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി എല്ലാകാലത്തും ശബ്‌ദമുയര്‍ത്തിയിട്ടുള്ളത് മാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അടിയന്തിരാവസ്ഥയില്‍ പൗരാവകാശങ്ങളാകെ പ്രത്യക്ഷത്തില്‍ തന്നെ അടിച്ചമര്‍ത്തപ്പെട്ടുവെങ്കില്‍ ഇപ്പോള്‍ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി വീണ്ടും അവകാശധ്വംസനങ്ങള്‍ അരങ്ങേറുന്നു. 
 
സംസ്ഥാന സര്‍ക്കാര്‍ പ്രതികൂട്ടിലാകുന്ന ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്ന കോടതിക്കു മുമ്പിലാണ് യാതൊരു മുന്നറിയിപ്പും കൂടാതെ മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടിയത്. കോടതി പരിസരത്ത് മാധ്യമ വിലക്കോ, ന്യായാധിപന്റെ ഉത്തരവോ ഉണ്ടായിരുന്നെങ്കില്‍ അത് മാധ്യമ പ്രവര്‍ത്തകരെ എന്തുകൊണ്ട് അറിയിച്ചില്ലെന്നതും ശ്രദ്ധേയമാണ്. സുപ്രീംകോടതി മുതല്‍ താഴോട്ടുള്ള എല്ലാ കോടതികളിലെയും വാര്‍ത്താപ്രാധാന്യമുള്ള വിചാരണകളും വിധികളും ഇന്ത്യയിലെ മുഴുവന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തു വരുന്നതാണ്. എന്നാല്‍, കേരളത്തിലെ കോടതികള്‍ക്ക് ഉള്ളില്‍ മാത്രം മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്നുള്ള ഒരു കൂട്ടം അഭിഭാഷകരുടെ ധാര്‍ഷ്ട്യം പൊലീസിലേക്കും പകര്‍ന്നിരിക്കുന്നു.
 
വിവിധ കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാതെ സംഘര്‍ഷം സൃഷ്‌ടിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനിടയിലാണ് പൊലീസും ഇതേ നിലപാടുമായി രംഗത്തെത്തിയത്. ഇനി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരെയും രംഗത്തിറക്കാനാണ് നീക്കം. ഒരു വിഭാഗം അഭിഭാഷകര്‍ ഇതിനായി ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ''നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ പേടിക്കേണ്ട. ആശുപത്രിയിലേക്കോ നിങ്ങളുടെ ചേംബറിലേക്കോ അവരെ കയറ്റുകയും വേണ്ട. അതുകൊണ്ട് നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കേസ് നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്'' ഇത്തരം സന്ദേശങ്ങളാണ് നവമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. 
 
ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്ന് കശ്മീരില്‍ സംഘര്‍ഷം പൊട്ടിപുറപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ക്ക് ആറ് ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനം പിന്‍വലിച്ച് പത്രസ്ഥാപനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി മാപ്പു ചോദിക്കുകയും ചെയ്തു. കശ്മീര്‍ പോലെ അതിര്‍ത്തി തര്‍ക്കവും ഭീകരാന്തരീക്ഷവും നിലനില്‍ക്കുന്ന പ്രദേശമല്ല കേരളം. എന്നിട്ടും മാധ്യമങ്ങള്‍ക്കെതിരെ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നു. ഇത്തരത്തില്‍ മാധ്യമങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം മുളയിലെ നുള്ളേണ്ടിയിരിക്കുന്നു. ഇത് അനുവദിച്ചു കഴിഞ്ഞാല്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ചരിത്രത്തില്‍ മാത്രമായി ഒതുങ്ങും. പൗരാവകാശങ്ങള്‍ ഹനിക്കപ്പെടും. ജനങ്ങളുടെ ജിഹ്വയാകാന്‍ മാധ്യമങ്ങളില്ലെങ്കില്‍ ജനാധിപത്യ രാജ്യം ഏകാധിപത്യ രാജ്യമായി മാറാന്‍ കാലതാമസമുണ്ടാകില്ല. 
 
ജനാധിപത്യത്തിന്റെ നാലാം തൂണായാണ് മാധ്യമങ്ങളെ കണക്കാക്കുന്നത്. വാര്‍ത്തകള്‍ നിര്‍ഭയമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം മാധ്യമങ്ങള്‍ക്കു നിഷേധിക്കുമ്പോള്‍ അതു ജനാധിപത്യത്തിന്റെ വായ മൂടിക്കെട്ടുന്നതിനു തുല്യമായിരിക്കും. അറിയാനുള്ള അവകാശത്തെ കയ്യൂക്കുകൊണ്ടു നേരിടുന്നത് ആര്‍ക്കും ഭൂഷണമല്ല. മാധ്യമപ്രവര്‍ത്തകരെ ജോലി ചെയ്തതിന് ജയിലിലടക്കുന്ന സംഭവങ്ങള്‍ അടിയന്തരാവസ്ഥ കാലത്തു മാത്രമാണ് അരങ്ങേറിയത്. പൊലീസ് സ്റ്റേഷനുകളില്‍ മാധ്യമങ്ങള്‍ക്ക് മാത്രം കര്‍ഫ്യു ഏര്‍പ്പെടുത്തുന്നതിന്റെ തന്ത്രമാണ് മനസിലാകേണ്ടത്.

വെബ്ദുനിയ വായിക്കുക