ഇന്ന് ലോക ഭക്ഷ്യദിനം. ഐക്യരാഷ്ട്ര സഭയുടെ ‘ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്ഗനൈസേഷന്’ (എഫ്എഒ) ആണ് ഈ ദിനം ആചരിക്കുന്നത്. ‘ലോക ഭക്ഷ്യ സുരക്ഷ: അന്തരീക്ഷ മാറ്റത്തിന്റെയും ജൈവ ഊര്‍ജ്ജത്തിന്റെയും വെല്ലുവിളികള്‍’ ആണ് ഈ വര്‍ഷത്തെ ഭക്ഷ്യദിനത്തിന്റെ ചിന്താവിഷയം.
ഇത്തവണ ഭക്ഷ്യദിനമാചരിക്കുമ്പോള് സമീപകാലത്തെ ഇന്ധന വിലവര്‍ദ്ധനയും അനുബന്ധ ഭക്ഷ്യവിലവര്ദ്ധനയും തമ്മില്‍ കൂട്ടിച്ചേര്‍ത്ത് വായിക്കുന്നത് നന്നായിരിക്കും. ഇതിനെ കുറിച്ച് ബിബിസി അടുത്തിടെ നടത്തിയ ഒരു സര്‍വെയുടെ വിവരങ്ങള്‍ പരിശോധിച്ചാല്‍ ഭക്ഷണവില വര്‍ദ്ധന ലോകരാജ്യങ്ങളെ എങ്ങനെ ബാധിച്ചു എന്ന് മനസ്സിലാക്കാം.
മൊത്തം 26 രാജ്യങ്ങളില്‍ നടത്തിയ സര്‍വെയില്‍ പങ്കെടുത്ത 60 ശതമാനം ആളുകളും കൂടിയ ഭക്ഷണ, ഇന്ധനവിലകള്‍ തങ്ങളെയും കുടുംബത്തെയും ബാധിച്ചു എന്ന് പറഞ്ഞു. അതായത്, ദരിദ്ര രാജ്യങ്ങളിലെ ജനങ്ങളുടെ ഭക്ഷണ ശീലത്തില്‍ വിലവര്‍ദ്ധന മാറ്റമുണ്ടാക്കി എന്ന് പറഞ്ഞാല്‍ ഇതിന്റെ വ്യാപ്തി മനസ്സിലായേക്കും.
വില വര്‍ദ്ധനയെ തുടര്‍ന്ന് ഫിലിപ്പീന്‍സിലും പനാമയിലും 63 ശതമാനം ആളുകളും കെനിയയില്‍ 61 ശതമാനം ആളുകളും നൈജീരിയയില്‍ 58 ശതമാനം ആളുകളും ഭക്ഷണം കുറച്ചു എന്ന് സര്‍വെയോട് പ്രതികരിച്ചു.
വിലവര്‍ദ്ധന കാരണം കഴിക്കുന്ന ഭക്ഷണത്തിന്റെ തരവും മാറ്റാന്‍ കാരണമായി എന്ന് സര്‍വെയോട് പ്രതികരിച്ച 27,319 ആളുകളില്‍ 43 ശതമാനവും പറഞ്ഞു. പനാമ (71%), ഈജിപ്ത് (67%) , കെനിയ (64%) , ഫിലിപ്പീന്‍സ് (63%) തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് ഭക്ഷണ തരത്തില്‍ മാറ്റം വരുത്തി വിലവര്‍ദ്ധന പ്രതിരോധിക്കാന്‍ ശ്രമിച്ചത്.
PTI
PTI
എന്നാല്‍ വികസ്വര രാജ്യങ്ങളില്‍ വിലവര്‍ദ്ധന ആഹാര ശീലത്തില്‍ പ്രത്യക്ഷ മാറ്റമൊന്നും വരുത്തിയിട്ടില്ല. സ്പെയിനില്‍ 17 ശതമാനവും പോളണ്ടില്‍ 19 ശതമാനവും ജര്‍മ്മനിയില്‍ 24 ശതമാനവും മാത്രമാണ് ആഹാര രീതിയില്‍ അല്‍പ്പമെങ്കിലും മാറ്റം വരുത്തിയതെന്ന് സര്‍വെ സൂചിപ്പിക്കുന്നു.
വിലക്കയറ്റം നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നടപടികളില്‍ സര്‍വെയില്‍ പങ്കെടുത്ത 70 ശതമാനം ആളുകളും അസംതൃപ്തരാണ്. ഇതില്‍ ഈജിപ്തുകാരാണ് അസംതൃപ്തിയുടെ പരകോടിയില്‍, 88ശതമാനം. ഫിലിപ്പീന്‍സ് (86%), ലബനന് (85%) എന്നിങ്ങനെ അസംതൃപ്തിയുടെ നിരക്കുകള്‍ പ്രതിഫലിക്കുമ്പോള്‍ വികസിത രാജ്യങ്ങളും വിലവര്‍ദ്ധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരാജയമാണെന്ന സൂചനയാണ് നല്‍കിയത്. സര്‍ക്കാര്‍ നടപടികളെ കുറിച്ച് ഫ്രാന്‍സ് (79%), റഷ്യ (78%), ഇറ്റലി (74%) എന്നീ വികസിത രാജ്യങ്ങളും അസംതൃപ്തി രേഖപ്പെടുത്തി.
ഇന്ധന വില വര്‍ദ്ധനയും ജീവിതത്തെ പ്രാതികൂലമായി ബാധിച്ചു എന്ന് സര്‍വെയില്‍ പങ്കെടുത്തവര്‍ പറയുന്നു. ഫിലിപ്പീന്‍സ്, ഈജിപ്ത്, ഇന്തോനേഷ്യ, കെനിയ, ലബനന് എന്നീ രാജ്യങ്ങളാണ് ഇന്ധന വില വര്‍ദ്ധന ഏറ്റവും കൂടുതല്‍ ബാധിച്ചു എന്ന് പ്രതികരിച്ചത്. വികസിത രാജ്യങ്ങളായ ഫ്രാന്‍സും അമേരിക്കയും ഇന്ധന വില വര്‍ദ്ധന പ്രതികൂലമായി ബാധിച്ചു എന്ന് അംഗീകരിക്കുന്നു.
2008 ജൂലൈ എട്ടിനും സെപ്തംബര്‍ 15 നും ഇടയില്‍ 26 രാജ്യങ്ങളിലാണ് ബിബിസി സര്‍വെ നടത്തിയത്.