സിനിമയിലെ ചിത്രകാരന്‍, ലാല്‍ ജോസ്!

വെള്ളി, 22 ഫെബ്രുവരി 2013 (13:59 IST)
PRO
PRO
മലയാള സിനിമയുടെ സൌന്ദര്യം അതിന്റെ പച്ചപ്പാണ്. ഭരതന്‍ ചിത്രങ്ങളില്‍ കാണാറുള്ള പച്ചപ്പുള്ള ഫ്രെയിമുകള്‍ പിന്നീട് അത്രയും മനോഹാരിതയോടെ കാണാന്‍ കഴിഞ്ഞത് ലാല്‍ജോസ് ചിത്രങ്ങളിലാണ്. മലയാള സിനിമയുടെ ഗ്രാമീണത ഇപ്പോഴും നിലനിര്‍ത്തുന്ന അപൂര്‍വ സംവിധായകരില്‍ ഒരാളായ ലാല്‍ ജോസിന് ലഭിച്ച അംഗീകാരം മലയാളത്തനിമയ്ക്ക് ലഭിച്ച അംഗീകരമാണ്. ഇംഗ്ലീഷ് ടൈറ്റിലുകള്‍ ഫാഷനായി കരുതുന്ന ന്യൂ ജനറേഷന്‍ സിനിമക്കാര്‍ക്കിടയില്‍ തലയുയര്‍ത്തിനിന്ന് തന്‍റെ സിനിമയ്ക്ക് ‘അയാളും ഞാനും തമ്മില്‍’ എന്ന് പേരിട്ടിടത്ത് തുടങ്ങുന്നു ആ സിനിമയുടെ വ്യത്യസ്തതയും വിജയവും.

അടുത്തകാലത്തായി മലയാളത്തില്‍ നഗരകേന്ദ്രീകൃത സിനിമകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പുതുമയുള്ള ചിത്രങ്ങളെന്ന പേരില്‍ പുറത്തുവരുന്ന ചിത്രങ്ങളില്‍ അധികവും വിദേശ ചിത്രങ്ങളുടെ കോപ്പിയുമാണ്. ഈ സാഹചര്യത്തിലാണ് ലാല്‍‌ ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രം വേറിട്ടുനില്‍ക്കുന്നത്. വളരെ പുതുമയുള്ള ഒരു പ്രമേയം നന്‍‌മ ഒട്ടും ചോര്‍ന്നു പോകാതെ അവരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍.

മലയാളിയുടെ ഗൃഹാതുരതയെ തൊടുന്ന ചിത്രങ്ങളാണ് ലാല്‍ ജോസ് എപ്പോഴും ഒരുക്കാറുള്ളത്. ഇടയ്ക്കിടെ വഴിമാറി സഞ്ചരിക്കാറുണ്ടെങ്കിലും നന്മയുടെ പച്ചപ്പുള്ള സിനിമകളുടെ സംവിധായകനായിട്ടാണ് ലാല്‍ജോസിനെ മലയാള മനസ് സ്വീകരിച്ചിട്ടുള്ളത്. ഫ്രെയിമില്‍ ചാരുതയുള്ള ചിത്രങ്ങള്‍ വരയ്ക്കുന്ന ചിത്രകാരന്‍ തന്നെയാണ് ലാല്‍ ജോസ്.

ആദ്യ സിനിമയായ മറവത്തൂര്‍ കനവിലൂടെയാണ് ലാല്‍ ജോസ് എന്ന സംവിധായകന്റെ കരവിരുത് മലയാളികളുടെ കണ്‍‌വെട്ടത്തെത്തുന്നത്. മറവത്തൂര്‍ എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആ സിനിമ. വെള്ളം കിട്ടാത്ത തരിശുഭൂമിയില്‍ പച്ചപ്പുണ്ടാക്കുന്ന നായകനെയാണ് അതില്‍ ലാല്‍ ജോസ് അവതരിപ്പിക്കുന്നത്.

തുടര്‍ന്ന് അദ്ദേഹം സംവിധാനം ചെയ്ത സിനിമകളില്‍ സൂപ്പര്‍ ഹിറ്റായത് മീശമാധാവനായിരുന്നു. രണ്ടാംഭാവം എന്ന ആക്ഷന്‍ ചിത്രം ഒരുക്കിയെകിലും പ്രേക്ഷകര്‍ വേണ്ടവിധം സ്വീകരിച്ചില്ല. അതിന് മുന്‍‌പ് ഇറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ ചേക്ക് എന്ന കുഗ്രാമത്തെ അവതരിപ്പിച്ച മീശമാധവന്‍ ലാല്‍ജോസിന്റെ കരിയറിലെ നാഴികക്കല്ലായി മാറുകയായിരുന്നു.

കടലിന്റെ നീലിമയായിരുന്നു ചാന്തുപൊട്ട് എന്ന ചിത്രത്തിന് ലാല്‍ ജോസ് നല്‍കിയത്. അതില്‍ അദ്ദേഹം വിജയം കണ്ടു. അമരത്തിലൂടെ കടലിന്റെ കഥ പറഞ്ഞ ഭരതനെ പോലെ ലാല്‍ജോസും കടലിനെ കഥാപാത്രമാക്കി. തുടര്‍ന്ന് ഇറങ്ങിയ അച്ഛനുറങ്ങാത്ത വീടാണ് സംവിധായകനെന്ന നിലയില്‍ ലാല്‍ജോസിന് ഏറെ നിരൂപക പ്രശംസ നേടിക്കൊടുത്തത്.

ഗ്രാമങ്ങളില്ലാത്ത പ്രമേയങ്ങളാണ് പിന്നീട് ലാല്‍ ജോസ് സ്വീകരിച്ചത്. എന്നാല്‍ ക്ലാസ്മേറ്റ്സും അറബിക്കഥയും വീണ്ടും വിസ്മയ വിജയങ്ങള്‍ സൃഷ്ടിച്ചു. ക്ലാസ്മേറ്റ്സ് കലാലയ ഓര്‍മ്മകള്‍ തിരികെക്കൊണ്ടു വന്നെങ്കില്‍, അറബിക്കഥ മലയാളികളുടെ ഗള്‍ഫ് ജീവിതത്തിലേക്കാണ് ക്യാമറ തിരിച്ചുവച്ചത്.

ഗ്രാമീണതയുടെ സൌന്ദര്യം അദ്ദേഹത്തിന്‍റെ സിനിമയില്‍ പിന്നീട് കണ്ടത് എല്‍‌സമ്മ എന്ന ആണ്‍കുട്ടിയിലാണ്. തിരക്കഥയുടെ പിഴവിലും ആ ചിത്രം വിജയമായത് ലാല്‍ ജോസ് എന്ന ക്രാഫ്റ്റ്സ്മാന്‍റെ കൈയടക്കം.

സ്പാനിഷ് മസാല എന്ന മസാല സിനിമയുടെ വന്‍‌പരാജയത്തിന് ശേഷമാണ് ലാല്‍ജോസ് ഡയമണ്ട് നെക്ലേസ് ചെയ്തത്. ആ സിനിമ വിജയമായി. അറബിക്കഥയുടെ എക്സ്റ്റന്‍ഷന്‍ എന്ന നിലയിലാണ് മലയാളികള്‍ ആ ചിത്രം സ്വീകരിച്ചത്.

സാധാരണയായി, തനിക്ക് ഇഷ്ടപ്പെടുന്ന ഒരു പ്രമേയം സിനിമയാക്കാനാണ് ലാല്‍ ജോസ് എന്നും ആഗ്രഹിക്കുന്നത്. കഥ തെരഞ്ഞെടുക്കുന്നതെല്ലാം സ്വന്തം ഇഷ്ടത്തിന് തന്നെ. എന്നാല്‍ ‘അയാളും ഞാനും തമ്മില്‍’ ലാല്‍ ജോസിനെ തേടിയെത്തിയ സിനിമയാണ്. തിരക്കഥാകൃത്തുക്കളായ സഞ്ജയും ബോബിയും പൃഥ്വിരാജിനോടാണ് ഈ സിനിമയുടെ കഥ ആദ്യം പറഞ്ഞത്. പൃഥ്വിയാണ്, ഇങ്ങനെയൊരു കഥയുണ്ടെന്നും സംവിധാനം ചെയ്യണമെന്നും ലാല്‍ ജോസിനോട് അഭ്യര്‍ത്ഥിക്കുന്നത്. സ്വന്തം ഗുരുനാഥനായ കമലിനെ മറികടന്ന് ഈ സിനിമയിലൂടെ സംസ്ഥാനത്തെ മികച്ച സംവിധായകനായി മാറിയിരിക്കുകയാണ് ലാല്‍ ജോസ്. എന്നാല്‍ അപ്പോഴും ഗുരുത്വം മറക്കുന്നില്ല ഈ പ്രതിഭ. ‘ഈ അവാര്‍ഡ് കമല്‍ സാറിനുള്ളതാണ്. അദ്ദേഹമാണ് സിനിമയിലെ എന്‍റെ അച്ഛന്‍. വെറും മരക്കഷ്ണം മാത്രമായിരുന്ന ലാലു എന്ന ചെറുപ്പക്കാരനെ പത്തുവര്‍ഷത്തോളം കൂടെക്കൊണ്ടുനടന്ന് ഇന്നത്തെ ലാല്‍ ജോസാക്കിയത് കമല്‍ സാറാണ്” - ഈ മനസാണ്, ഈ മനസിന്‍റെ പച്ചപ്പാണ് മലയാളികളുടെയും മലയാള സിനിമയുടെയും ഭാഗ്യം.

വെബ്ദുനിയ വായിക്കുക