കോണ്‍ഗ്രസ് രാഷ്ട്രീയം ആകെ ഇളകി മറിയുകയാണ്. ആര്‍ക്കൊക്കെ സീറ്റുണ്ടാകും എന്നതിനെപ്പറ്റി ആര്‍ക്കും ഒരറിവുമില്ല. ഇനി ഉമ്മന്‍ചാണ്ടി തന്നെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കാനുള്ള സാധ്യത പോലും കാണുന്നുണ്ട്. എന്തായാലും അരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന നടന്‍ സിദ്ദിക്കിന് സീറ്റ് ലഭിക്കില്ല എന്ന വാര്‍ത്തയാണ് സിനിമാ പ്രേമികളെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഇപ്പോള്‍ ഒരുപോലെ നിരാശരാക്കുന്നത്.
അരൂർ മണ്ഡലത്തിൽ സ്ഥാനാർഥിയായി സിദ്ദിഖിനെ കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. എന്നാൽ, സീറ്റ് വിഭജന ചർച്ചയിൽ അരൂർ മണ്ഡലം ആർ എസ് പിക്ക് നൽകാൻ കോൺഗ്രസ് തീരുമാനിച്ചതോടെയാണ് അരൂരിൽ സിദ്ദിഖ് മത്സരിക്കില്ല എന്ന് ഉറപ്പായത്.
സി പി എമ്മിലെ സിറ്റിങ് എം എൽ എ ആയ എ എം ആരിഫിനെതിരെ അരൂരിൽ സിദ്ദിഖിനെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ആദ്യം തീരുമാനിച്ചത്. ഇതുമായി ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ ആലപ്പുഴ ഡി സി സി എതിർപ്പുമായി രംഗത്ത് വന്നതിനെതുടർന്നാണ് കൂടുതൽ ചർച്ചകൾക്കായി മാറ്റിവെച്ചത്. തുടർന്ന് നടന്ന സീറ്റ് വിഭജന ചർച്ചയിലാണ് അരൂർ മണ്ഡലം ആർ എസ് പിക്ക് നൽകാൻ കോൺഗ്രസ് തീരുമാനിച്ചത്.