ല‌ക്‍ഷ്യം ഇടുക്കി: മാണി കോണ്‍ഗ്രസ് പൊട്ടിത്തെറിയില്‍?

വ്യാഴം, 26 ഏപ്രില്‍ 2012 (12:52 IST)
PRO
PRO
അഞ്ചാം മന്ത്രിക്കാര്യത്തില്‍ യു ഡി എഫില്‍ രൂപപ്പെട്ട പ്രശ്നങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്നേ മുന്നണിയില്‍ മറ്റൊരു പൊട്ടിത്തെറി ഉണ്ടാകാന്‍ സാധ്യത. ഇതിന് മുന്നോടിയായാണ് കേരളാ കോണ്‍ഗ്രസ് നേതാവും പി ജെ ജോസഫിന്റെ വിശ്വസ്തനുമായ ഫ്രാന്‍സിസ് ജോര്‍ജ് കഴിഞ്ഞ ദിവസം പി സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത് എന്നാണ് സൂചന. നാട്ടുകാരെ പുലഭ്യം പറയുന്നതിന്‌ വേണ്ടിയാണ്‌ പി സി ജോര്‍ജ്‌ സമയം കണ്ടെത്തുന്നതെന്നും അദ്ദേഹത്തെ നേതാവെന്ന്‌ വിളിക്കാന്‍ തനിക്കാകില്ലെന്നുമാണ് കഴിഞ്ഞ ദിവസം ഫ്രാന്‍സിസ്‌ ജോര്‍ജ്‌ തുറന്നടിച്ചത്.

കേരള കോണ്‍ഗ്രസിന്റെ പാരമ്പര്യത്തിന്‌ ചേരുന്ന നടപടികളല്ല പി സി ജോര്‍ജിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്‌. പി സി ജോര്‍ജിനെ ജയിപ്പിച്ച ജനങ്ങളും ഇതേക്കുറിച്ച്‌ ചിന്തിക്കണമെന്നും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ പറഞ്ഞിരുന്നു. എന്നാല്‍ ഫ്രാന്‍സീസ് ജോര്‍ജിന്റെ പൊട്ടിത്തെറി മന്ത്രി പി ജെ ജോസഫിന്റെ അറിവും സമ്മതത്തോടും കൂടിയെന്നാണ് സൂചന.

പി ജെ ജോസഫിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചുകൊണ്ടിരിക്കുന്ന പി സി ജോര്‍ജിനെ നിലക്കുനിര്‍ത്താന്‍ ജോസഫ്‌ വിഭാഗം പലതവണ ആവശ്യപ്പെട്ടിട്ടും കെ എം മാണിയുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകാത്തതിന്റെ നിരാശയില്‍ കഴിയുന്ന ജോസഫ് അനുയായികള്‍ ജോര്‍ജിനെതിരെ രണ്ടും കല്‍പ്പിച്ചിറങ്ങാന്‍ നീക്കം തുടങ്ങിയെന്നാണ് സൂചന.

ഫ്രാന്‍സിസ് ജോര്‍ജിന്റെ വിമര്‍ശനത്തിന് പി സി ജോര്‍ജിന്റെ മറുപടി എന്താണെന്ന് കാത്തിരിക്കുകയാണ് ജോസഫും അനുയായികളും. ഇതേത്തുടര്‍ന്ന് എന്തെങ്കിലും പൊട്ടിത്തെറി ഉണ്ടായാല്‍ മുന്നണി വിടാന്‍ തന്നെയാണ് ജോസഫിന്റെ നീക്കം. എന്നാല്‍ ജോസഫിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് എല്‍ ഡി എഫ് ഇതുവരെ അനുകൂലമായ നിലപാട് എടുത്തിട്ടില്ല. എല്‍ ഡി എഫിന്റെ നിലപാട് എന്താണെന്ന് മനസിലാക്കിയിട്ടെ ജോസഫ് സുപ്രധാനമായ ഒരു തീരുമാനത്തില്‍ എത്തൂ.

അതേസമയം, നെയ്യാറ്റിന്‍കരയില്‍ യു ഡി എഫ് തോറ്റാല്‍ ജോസഫും മറ്റ് രണ്ട് എം എല്‍ എമാരും എല്‍ ഡി എഫില്‍ ചേക്കാറുനുള്ള സാധ്യത തെളിയുന്നുണ്ട്. ജോസഫ് എല്‍ ഡി എഫിലേക്ക് ചേക്കേറിയാല്‍ ഏറ്റവും ഗുണം ലഭിക്കുന്നത് ഫ്രാന്‍സിസി ജോര്‍ജിനാണ്. യു ഡി എഫില്‍ തുടര്‍ന്നാല്‍ ഇടുക്കി ലോകസഭാ സീറ്റ് ലഭിക്കില്ലെന്ന് ഫ്രാന്‍സീസ് ജോര്‍ജിന് നന്നായി അറിയാം. അതിനാല്‍ ഫ്രാന്‍സിസ് ജോര്‍ജ് തന്നെയാണ് മുന്നണിമാറ്റത്തിന് തീവ്രമായി ശ്രമം നടത്തുന്നത് എന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക