മുഹമ്മദ്‌ നബിയെ പറ്റി യേശു പ്രവചിച്ചിരുന്നു!

തിങ്കള്‍, 27 ഫെബ്രുവരി 2012 (12:29 IST)
PRO
PRO
മുസ്ലീം മത സ്ഥാപകനായ മുഹമ്മദ് നബിയെ പറ്റി യേശു ക്രിസ്തു പ്രവചിച്ചിരുന്നു എന്നതിന് തെളിവ് ലഭിച്ചു. യേശുവിന്റെ ശിഷ്യനായ ബര്‍ണബാസ് എഴുതിയ സുവിശേഷമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അവസാനത്തെ പ്രവാചകനായി മുഹമ്മദ് നബി വരും എന്ന് ക്രിസ്തു പറഞ്ഞതായി ഈ സുവിശേഷത്തില്‍ പരാമര്‍ശമുണ്ട്.

യേശുവിന്റെ സംസാരഭാഷയായിരുന്ന അരാമിയയില്‍ സുവിശേഷം എഴുതിയിരിക്കുന്നത്. യേശുക്രിസ്തു ആദ്യകാലങ്ങളില്‍ നടത്തിയ അനുശാസനങ്ങളും പ്രവചനങ്ങളുമാണ്‌ മൃഗത്തോലില്‍ എഴുതിയ സുവിശേഷത്തിലെ പ്രതിപാദ്യ വിഷയം. കള്ളക്കടത്തുകാരെ പിടികൂടുന്നതിനു നടത്തിയ നീക്കത്തിനിടെ 12 വര്‍ഷം മുമ്പാണ് തുര്‍ക്കി പോലിസ് ഈ സുവിശേഷം കണ്ടെത്തിയത്. സര്‍ക്കാര്‍ രഹസ്യമായി ഈ സുവിശേഷം സൂക്ഷിക്കുകയായിരുന്നു.

യേശു ക്രിസ്തു (ഇസാ നബി) അന്ത്യപ്രവാചകനെക്കുറിച്ച്‌ അനുയായികള്‍ക്ക്‌ അറിയിപ്പു നല്‍കിയിട്ടുണ്ടെന്നും അന്ത്യ പ്രവാചകന്‍ വരുമ്പോള്‍ അവരില്‍ വിശ്വസിക്കണമെന്നും യേശു പറഞ്ഞതായാണ്‌ ഇസ്ലാമിക വിശ്വാസം. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് തുര്‍ക്കി സര്‍ക്കാരിന്റെ കൈവശമുള്ള സുവിശേഷം.

നിലവിലെ ബൈബിളിലേതുമായി വൈരുധ്യങ്ങളുള്ളതിനാല്‍ ക്രൈസ്തവനേതൃത്വം ഈ സുവിശേഷം പൂഴ്ത്തിവച്ചു എന്ന് തുര്‍ക്കി സാംസ്കാരിക മന്ത്രി ഉര്‍ത്തുഗ്രുല്‍ ഗുനായ്‌ പറയുന്നു. എന്നാല്‍ ഈ സുവിശേഷം നശിച്ചുപോയില്ലെന്നും ലോകത്തോട് സത്യം വിളിച്ചോതാന്‍ സര്‍ക്കാരിന്റെ കയ്യില്‍ ലഭിക്കുകയായിരുന്നുവെന്നും മന്ത്രി വെളിപ്പെടുത്തുന്നു.

ഈ പുരാതന ഗ്രന്ഥത്തിന് നിലവില്‍ കോടികള്‍ വിലമതിക്കും. ലഭിച്ചിട്ടുള്ള സുവിശേഷത്തിന് 15 നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്തായാലും, പുസ്തകം കാണാന്‍ ക്രൈസ്തവ വിശ്വാസികളുടെ ആത്മീയ നേതാവ് പോപ്പ്‌ ബെനഡിക്റ്റ്‌ പതിനാറാമന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്‌. സുവിശേഷത്തിന്റെ പകര്‍പ്പ് തുര്‍ക്കി സര്‍ക്കാര്‍ പോപ്പിന് നല്‍‌കും എന്നറിയുന്നു.

വെബ്ദുനിയ വായിക്കുക