മമ്മൂട്ടിയെ വി എസ് ലക്‍ഷ്യം വയ്ക്കുന്നു?

ചൊവ്വ, 26 ജൂലൈ 2011 (17:31 IST)
PRO
ജോണ്‍ ബ്രിട്ടാസിനെ കൈരളി ടി വിയില്‍ നിന്ന് വി എസ് അച്യുതാനന്ദന്‍ പുകച്ചു പുറത്തുചാടിച്ചത് മലയാളികള്‍ മറക്കാറായിട്ടില്ല. വി എസിനോട് ഏറ്റുമുട്ടാന്‍ നില്‍ക്കാതെ ബ്രിട്ടാസ് ഏഷ്യാനെറ്റിലേക്ക് ചാടി സ്വയരക്ഷ നേടി. ബ്രിട്ടാസിനെ പുകച്ചതുകൊണ്ടു മാത്രം വി എസിന് തൃപ്തി വന്നിട്ടില്ല എന്ന് സൂചന. കൈരളി ടി വിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മമ്മൂട്ടിയെ നീക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ വി എസ് നടത്തുന്നതായാണ് അറിയുന്നത്.

ചില പരസ്യങ്ങളില്‍ അഭിനയിക്കരുതെന്ന് വി എസ് നിര്‍ദ്ദേശിച്ചത് മമ്മൂട്ടി പണ്ട് അനുസരിച്ചിട്ടുണ്ടെങ്കിലും കടുത്ത പിണറായി പക്ഷക്കാരനാണ് മമ്മൂട്ടിയെന്ന് അറിയാത്തവര്‍ ചുരുക്കം. അതുകൊണ്ടുതന്നെ, കൈരളിയില്‍ നിന്ന് മമ്മൂട്ടിയെ പുറത്തുചാടിച്ച് പിണറായിക്ക് ആഘാതമേല്‍പ്പിക്കാനാണ് വി എസ് ഒരുങ്ങുന്നത്.

ഏഷ്യാനെറ്റില്‍ ഉണ്ണി ബാലകൃഷ്ണന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മമ്മൂട്ടിക്കെതിരായ നീക്കത്തിന്‍റെ സൂചനകള്‍ വി എസ് നല്‍കിയത്. കൈരളി ചെയര്‍മാനായ മമ്മൂട്ടിയുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയ സംഭവം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും തന്‍റെ അഭിപ്രായം അപ്പോള്‍ അറിയിക്കുമെന്നുമാണ് വി എസ് അറിയിച്ചിരിക്കുന്നത്.

“എത്ര പ്രമാണിയായ ആളായാലും പെട്ടെന്ന്‌ ഇങ്ങനെയൊരു റെയ്‌ഡൊക്കെ നടക്കുമ്പോള്‍ അതില്‍ കഴമ്പില്ലാതിരിക്കില്ല” - എന്നാണ് വി എസ് പ്രതികരിച്ചത്. മമ്മൂട്ടി ആദായ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും അത്തരമൊരാളെ പാര്‍ട്ടി ചാനലിന്‍റെ തലപ്പത്ത് വച്ചുകൊണ്ടിരിക്കാനാവില്ലെന്നുമുള്ള കടുത്ത നിലപാട് വി എസ് സ്വീകരിക്കുമെന്നാണ് അറിയുന്നത്.

ഉടന്‍ ചേരാന്‍ പോകുന്ന ഉള്‍പാര്‍ട്ടി യോഗങ്ങളില്‍ മമ്മൂട്ടിക്കെതിരെ വി എസ് നിലപാട് ശക്തമാക്കും. മമ്മൂട്ടിയെ എതിര്‍ത്തുകൊണ്ട് വി എസ് പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തിയാല്‍ പിണറായി പക്ഷത്തിന് അത് എത്രകണ്ട് നേരിടാന്‍ കഴിയുമെന്ന് കണ്ടറിയണം. മമ്മൂട്ടിയുടെ രാജ്യസഭാ പ്രവേശന സാധ്യതയ്ക്കും ഇതോടെ മങ്ങലേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക