മന്നം സ്മരണയില്‍ കേരളം

ബുധന്‍, 2 ജനുവരി 2008 (11:48 IST)
WD
സ്വാതന്ത്ര്യ സമര സേനാനി, സാമൂഹ്യ പരിഷ്കര്‍ത്താവ് എന്നിങ്ങനെ പൊതു രംഗത്ത് മായാത്ത പേര് പതിപ്പിച്ച വ്യക്തിയാണ് എന്‍ എസ് സ്ഥാപകനായ മന്നത്ത് പദ്മനാഭന്‍. 2007 ജനുവരി രണ്ട് അദ്ദേഹത്തിന്‍റെ നൂറ്റി മുപ്പത്തിയൊന്നാം ജന്‍‌മ ദിനമാണ്.

1878 ജനുവരി രണ്ടിന് നിലവന ഇല്ലത്തെ ഈശ്വരന്‍ നമ്പൂതിയുടെയും മന്നത്ത് പാര്‍വതി അമ്മയുടെയും മകനായി പദ്മനാഭന്‍ ജനിച്ചു. ഒരു സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകനായി തൊഴില്‍ ജീവിതം തുടങ്ങിയ മന്നം വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുപത്തിയേഴാം വയസ്സില്‍ അഭിഭാഷകവൃത്തി സ്വീകരിച്ചു.

1914 ഒക്ടോബര്‍ 31 ന് പെരുന്നയിലെ മന്നത്ത് ഭവനില്‍ വച്ച് 14 അംഗങ്ങള്‍ മന്നത്ത് പദ്മനാഭന്‍റെ നേതൃത്വത്തില്‍ സമുദായ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കാനെടുത്ത തീരുമാനമാണ് പില്‍ക്കാലത്ത് നായര്‍ സര്‍വീസ് സൊസൈറ്റി എന്ന പേരിലുള്ള ബൃഹദ് സംഘടനയായി പരിണമിച്ചത്. സമുദായഉന്നമനത്തെ ലക്‍ഷ്യമിട്ട് തുടങ്ങിയ ‘നായര്‍ ഭൃത്യജന സംഘം’ ആണ് നായര്‍ സര്‍വീസ് സൊസൈറ്റി ആയി മാറിയത്.

സംഘടന രൂപീകരിച്ചതു കൊണ്ട് പ്രവര്‍ത്തന മേഖല ചുരുക്കാന്‍ പദ്മനാഭന്‍ ഒരുക്കമായിരുന്നില്ല. 1924 ല്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് തൊട്ടുകൂടായ്മയ്ക്കെതിരെയുള്ള ഐതിഹാസിക സമരത്തിലും അദ്ദേഹം പങ്കാളിയായി. 1947 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗമായ അദ്ദേഹം തിരുവിതാം കൂര്‍ ദിവാനായ സര്‍ സി പിയുടെ ഏകാധിപത്യ ഭരണത്തിനെതിരെയുള്ള പ്രക്ഷോഭത്തിലും പങ്കാളിയായി.

1949 ല്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ മന്നത്ത് പദ്മനാഭന്‍ തിരുവിതാംകൂര്‍ ലെജിസ്ലേറ്റിവ് അസംബ്ലിയിലെത്തി. 1959 നടത്തിയ വിമോചന സമരം സംസ്ഥാന സര്‍ക്കാരിനെ നിലം‌പൊത്തിച്ചു. കമ്യൂണിസ്റ്റ് മന്ത്രി സഭയിലെ വിദ്യാഭയാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശേരി കൊണ്ടുവന്ന വിദ്യാസ ബില്ല് കടുത്ത എതിര്‍പ്പിന് പാത്രമാവുകയും വിമോചന സമരത്തില്‍ കലാശിക്കുകയും ആയിരുന്നു.

വിമോചന്‍ സമരത്തെ തുടര്‍ന്ന് 1959 ജൂലൈ 31 ന് ഇ എം എസിന്‍റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രി സഭ വീണു. തുടര്‍ന്ന് കേരളത്തില്‍ രാഷ്ട്രപതി ഭരണം നടത്തി.

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സെക്രട്ടറിയായി 31 വര്‍ഷവും പ്രസിഡന്‍റായി മൂന്ന് വര്‍ഷവും സേവനം അനുഷ്ഠിച്ച മന്നത്ത് പദ്മനാഭന്‍ 1970 ഫെബ്രുവരി 25 ന് നിര്യാതനായി. ഇന്ത്യന്‍ രാഷ്ട്രപതിയില്‍ നിന്ന് ‘ഭാരത കേസരി’ പുരസ്കാരം നേടിയ മന്നത്തിന് 1966ല്‍ പദ്മഭൂഷണും ലഭിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക