ബോബനും മോളിക്കും അമ്പത് വയസ്സ്

Webdunia
FILEFILE
മലയാളികളെ ഏറെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ബോബനും മോളിയ്ക്കും അമ്പത് വയസ്സ് തികയുന്നു. കാര്‍ട്ടൂണിസ്റ്റ് ടോംസാണ് ബോബന്‍റെയും മോളിയുടെയും വരയ്ക്ക് പിന്നില്‍.

മലയാളികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച കാര്‍ട്ടൂണുകളില്‍ ഒന്നാണ് ബോബനും മോളിയും. ജീവിച്ചിരിക്കുന്ന കഥാ‍പാത്രങ്ങളാണ് ബോബനും മോളിയും എന്നതാണ് ഈ കാര്‍ട്ടൂണിന്‍റെ പ്രത്യേകത. കുട്ടനാട്ടിലെ വെളിയനാട് ഗ്രാമത്തിലാണ് കാര്‍ട്ടൂണിലെ കഥാപാത്രങ്ങളുള്ളത്. ടോംസിന്‍റെ ജന്മനാട് കൂടിയാണിത്.

കാര്‍ട്ടൂണില്‍ ബോബനും മോളിക്കും ഒപ്പം എപ്പോഴുമുള്ള നായക്കുട്ടിപോലും തന്‍റെ വീട്ടില്‍ ഉണ്ടായിരുന്നതാണെന്ന് ടോംസ് പറയുന്നു. ചെറുപ്പകാലത്ത് വീട്ടില്‍ വെറുതെയിരിക്കുന്ന സമയത്ത് നേരമ്പോക്കിന് വേണ്ടിയാണ് അയലത്തെ വീട്ടിലെ കൊച്ചുകുട്ടികളായ ബോബന്‍റെയും മോളിയുടെയും ചിത്രങ്ങള്‍ വരച്ചത്.

FILEFILE
ഉണ്ടക്കണ്ണുകളും ചുരുണ്ട മുടിയുമൊക്കെയുള്ള ബോബന്‍റെയും മോളിയുടെയും പടം വീ‍ട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വളരെയധികം ഇഷ്ടപ്പെട്ടു. ഇവരുടെ തല മാത്രമാണ് ആദ്യം വരച്ചിരുന്നത്. പിന്നീടാണ് അവരുടെ ശരീരം വരയ്ക്കാന്‍ തുടങ്ങിയത്. അവര്‍ ഓടുന്നതും ചിരിക്കുന്നതും വള്ളത്തില്‍ കയറുന്നതുമായ ഒട്ടേറെ ചിത്രങ്ങള്‍ വരച്ചു.

അതിന് ശേഷമാണ് ഇത് ഒരു ആഴ്ചപ്പതിപ്പില്‍ വരയ്ക്കാന്‍ തുടങ്ങിയത്. അരപ്പേജില്‍ മാത്രമാണ് ബോബനും മോളിയും ഇതിലുണ്ടായിരുന്നത്. ഇത് കേരളത്തിലെമ്പാടുമുള്ളവര്‍ രണ്ട് കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. കാര്‍ട്ടൂണില്‍ ബോബനും മോളിയും ഇപ്പോഴും കൊച്ചുകുട്ടികളാണ്.

എന്നാല്‍ ജീവിതത്തില്‍ ഇവര്‍ വളര്‍ന്ന് വലുതാവുകയും മക്കളും കൊച്ചുമക്കളുമായി കഴിയുകയാണെന്നും ടോംസ് പറയുന്നു. ബോബനും മോളിയും കാര്‍ട്ടൂണിന്‍റെ അമ്പതാം വാര്‍ഷികം നവംബറില്‍ ഡല്‍ഹിയിലാണ് ആഘോഷിക്കുന്നത്. വിപുലമായ ആഘോഷ പരിപാടികള്‍ നടത്താനാണ് ടോംസിന്‍റെ തീരുമാനം.

വാര്‍ഷികത്തിന്‍റെ ഭാഗമായി ഒരു പുസ്തകവും ടോംസ് പുറത്തിറക്കിയിട്ടുണ്ട്. ടോംസിന്‍റെ ബോബനും മോളിയെയും ആസ്പദമാക്കി ഒരു സീ‍രിയലും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. കേരള ദേശം മൂവിയാണ് ബോബനും മോളിയും എന്ന പേരില്‍ മെഗാ സീരിയല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

മല്ലിക സുകുമാരന്‍, മഞ്ജുപിള്ള, ബാബു സ്വാമി, മണിയന്‍ പിള്ള രാജു എന്നിവര്‍ ഇതില്‍ അഭിനയിക്കുന്നു.