ബെര്‍ളിതോമസിനെ പത്രപ്രവര്‍ത്തക യൂണിയന്‍ പുറത്താക്കി
ചൊവ്വ, 28 ഫെബ്രുവരി 2012 (12:09 IST)
PRO
PRO
കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ് എന്ന പത്രപ്രവര്‍ത്തക യൂണിയനെതിരെ സ്വന്തം ബ്ലോഗില്‍ രൂക്ഷ വിമര്‍ശനവുമായി വന്ന സീനിയര്‍ പത്രപ്രവര്‍ത്തകനെ സംഘടനയില്‍ നിന്നും പുറത്താക്കി. പത്രപ്രവര്‍ത്തക യൂണിയനില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നതാണ് ബെര്‍ളി തന്‍റെ ബ്ലോഗായ ബെര്‍ളിത്തരങ്ങള്‍ എന്നതിലൂടെ വെളിപ്പെടുത്തുന്നത്. മലയാള മനോരമ കോഴിക്കോട് ബ്യൂറോയിലെ സബ് എഡിറ്ററായ ബെര്‍ളി തോമസ് പത്രപ്രവര്‍ത്തക യൂണിയന്‍ പത്രപ്രവര്‍ത്തകരുടെ ക്ഷേമത്തിനും താല്‍പര്യത്തിനും എതിരാണെന്നാണ് തന്റെ ബ്ലോഗിലൂടെ പറഞ്ഞത്. പോസ്റ്റ് വിവാദമായതിന്‍റെ അടിസ്ഥാനത്തില്‍ ബെര്‍ളിയെ സംഘടനയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമ്മറ്റിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
"ഇതു നിങ്ങളുദ്ദേശിക്കുന്ന പോലൊരു സംഘടനയല്ല" എന്നാണ് ബ്ലോഗിലെ ആര്‍ട്ടിക്കിളിന്‍റെ തലക്കെട്ട്. ബ്ലോഗിലെ ചില പ്രസക്‌തഭാഗങ്ങള്‍ ഇവിടെ കുറിച്ചിടാം.
"സംഘടനയില്‍ നിന്നുള്ള നാറുന്ന കഥകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വേറെ ആരുമില്ലാത്തതുകൊണ്ട് പത്രക്കാരാണ് ലോകത്തിലെ ഏറ്റവും മികച്ചവന്മാര്‍ എന്നൊരു ധാരണ സാധാരണ ജനത്തിനുണ്ടായിട്ടുണ്ട്. സത്യം അങ്ങനെയാണെന്നു തോന്നുന്നില്ല. പത്രപ്രവര്‍ത്തക യൂണിയനിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിനു മുമ്പ് വോട്ടുകള്‍ ഏതോ പ്രബുദ്ധ പ്രവര്‍ത്തകന്‍ മോഷ്ടിച്ചതും തിരഞ്ഞെടുപ്പ് അസാധുവായതിനെത്തുടര്‍ന്നു വീണ്ടും വോട്ടെടുപ്പു നടത്തിയപ്പോള്‍ മറ്റൊരു പ്രബുദ്ധ പത്രപ്രവര്‍ത്തകന്‍ കള്ളവോട്ടു ചെയ്യാന്‍ ചെന്നതുമൊക്കെ ഒരുപാട് കാലം മുമ്പല്ല."
വേജ് ബോര്‍ഡിന്‍റെ വിഷയം വന്നപ്പോള്‍ പത്രപ്രവര്‍ത്തകരുടെ ക്ഷേമത്തിന് വേണ്ടി പ്രവത്തിക്കേണ്ടിയിരുന്ന യൂണിയന്‍ ഭാരവാഹികള്‍ പത്രമുതലാളിമാരുടെ കയ്യില്‍ നിന്ന് കാശുവാങ്ങി യൂണിയന്‍ അംഗങ്ങളെ മുഴുവന്‍ ഒറ്റുകൊടുത്തിരിക്കുകയാണെന്നും ബെര്‍ളി ആരോപിക്കുന്നു. ഭാരവാഹികള്‍ പത്രപ്രവര്‍ത്തകരെ മുതലാളിമാര്‍ക്കു വിറ്റു കാശാക്കുകയാണെന്ന ആരോപണവും സംഘടനയില്‍ ഉണ്ടായതായി ബെര്‍ളി പറയുന്നു.
"ഇങ്ങനെയുള്ള നാറിയ സംഘടനയില്‍ അംഗമായിരിക്കുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു" - എന്ന് പറഞ്ഞാണ് ബെര്‍ളി ബ്ലോഗ് അവസാനിപ്പിക്കുന്നത്.
അതേസമയം, ബെര്‍ളി തോമസിനെ യൂണിയനില്‍ നിന്ന് പുറത്താക്കിയെന്ന വാര്‍ത്ത തെറ്റാണെന്നും വിശദീകരണം തേടാന്‍ മാത്രമേ തീരുമാനമെടുത്തിട്ടുള്ളൂവെന്നും കെയുഡബ്ലിയുജെ സംസ്ഥാന കമ്മറ്റിയംഗം കമാല്‍ വരദൂര്‍ പറഞ്ഞു.