ബിജു താടിയും മുടിയും വടിച്ചു, തിരിച്ചറിഞ്ഞത് പെട്രോള്‍ പമ്പില്‍ വച്ച്, ലാപ്ടോപ്പ് വില്‍ക്കുന്നതിനിടെ പിടിയിലായി!
തിങ്കള്‍, 17 ജൂണ്‍ 2013 (17:24 IST)
PRO
സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ പിടിയിലാകുമ്പോള്‍ താടിയും മുടിയും വടിച്ച് ആളെ തിരിച്ചറിയാത്ത നിലയിലായിരുന്നു. രൂപം മാറിയിരുന്നെങ്കിലും ഞായറാഴ്ച ഒരു പെട്രോള്‍ പമ്പില്‍ വച്ച് യാദൃശ്ചികമായി ബിജു രാധാകൃഷ്ണനെ പൊലീസ് സംഘം തിരിച്ചറിഞ്ഞു. എന്നാല്‍ അവിടെനിന്ന് രക്ഷപ്പെട്ട ബിജുവിനെ പിന്നീട് വളരെ സമര്‍ത്ഥമായി പൊലീസ് പിന്തുടരുകയായിരുന്നു.
കോയമ്പത്തൂരില്‍ ക്രോസ് റോഡിലുള്ള ഒരു മൊബൈല്‍ ഷോപ്പില്‍ വച്ചാണ് ബിജു ഒടുവില്‍ പിടിയിലാകുന്നത്. തന്‍റെ ലാപ്ടോപ് വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് ബിജുവിനെ അറസ്റ്റ് ചെയ്യുന്നത്. ആ സമയത്ത് ബിജുവിനൊപ്പം ഒരു സഹായി ഉണ്ടായിരുന്നു. ബിജുവിന്‍റെ ഭാര്യയുടെ ബന്ധു സെല്‍വപുരം സ്വദേശി ചന്ദ്രനാണ് ഒപ്പമുണ്ടായിരുന്നത്. എന്നാല്‍ ഇയാള്‍ക്ക് സോളാര്‍ പാനല്‍ തട്ടിപ്പോ ബിജു നടത്തിയ മറ്റേതെങ്കിലും തട്ടിപ്പുകളുമായോ ബന്ധമില്ലെന്ന് കണ്ട് വിട്ടയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊല്ലം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോയമ്പത്തൂരിലെ ക്യൂ ബ്രാഞ്ച് പൊലീസുമായി കൈകോര്‍ത്ത് നടത്തിയ ഓപ്പറേഷനിലാണ് ബിജു രാധാകൃഷ്ണന്‍ കുടുങ്ങിയത്.
അടുത്ത പേജില്‍ - കോയമ്പത്തൂരില്‍ വന്‍ സുഹൃദ്സംഘം, ഇന്നലെ രാത്രിയിലെ ഓപ്പറേഷന്‍ പരാജയമായി
PRO
മൊബൈല്‍ ഫോണാണ് ബിജു രാധാകൃഷ്ണന് വിനയായത്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് ടെലിഫോണിലൂടെ ബിജു രാധാകൃഷ്ണന്‍ ഒരുമണിക്കൂറോളം അഭിമുഖം നല്‍കിയിരുന്നു. അതോടെയാണ് ബിജുവിന്‍റെയും സുഹൃത്തുക്കളുടെയും മൊബൈല്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
കോയമ്പത്തൂരില്‍ വലിയ സൌഹൃദ സംഘമാണ് ബിജു രാധാകൃഷ്ണനുള്ളത്. അതുകൊണ്ടുതന്നെ ബിജു കോയമ്പത്തൂരില്‍ എവിടെയെങ്കിലും ഉണ്ടാകുമെന്ന നിഗമനം പൊലീസിനുണ്ടായിരുന്നു. ഇക്കാര്യത്തേക്കുറിച്ച് കൂടുതലായി അന്വേഷിക്കാന്‍ കോയമ്പത്തൂര്‍ ക്യൂ ബ്രാഞ്ച് പൊലീസിനെ ഏല്‍പ്പിച്ചിരുന്നു.
ബിജു രാധാകൃഷ്ണന്‍ എത്താന്‍ സാധ്യതയുള്ള ഇടങ്ങളിലെ ഓട്ടോ ഡ്രൈവര്‍മാരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പെടോള്‍ പമ്പില്‍ വച്ച് ബിജുവിനെ കാണാന്‍ കഴിഞ്ഞെങ്കിലും പിടികൂടാനായില്ല. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ ഇയാളെ പിടികൂടാന്‍ എല്ലാ സന്നാഹങ്ങളും ഒരുക്കിയെങ്കിലും അത് പരാജയപ്പെട്ടു.
അടുത്ത പേജില്‍ - അവിനാശി ഗ്രാന്‍ഡ് റീജന്‍സിയില്‍ 2 ദിവസം, പിന്നീട് മധുര - ഡിണ്ടുഗല്‍ റൂട്ടില്‍ ചുറ്റിയടിച്ചു!
PRO
ജൂണ്‍ നാലാം തീയതി ചൊവ്വാഴ്ച തൃശൂരില്‍ നിന്ന് മുങ്ങിയ ബിജു രാധാകൃഷ്ണന്‍ അഞ്ചാം തീയതിയാണ് കോയമ്പത്തൂരിലെത്തിയത്. രണ്ട് ദിവസം അവിനാശി ഗ്രാന്‍ഡ് റീജന്‍സി ഹോട്ടലില്‍ താമസിച്ചു. ഡിണ്ടുഗല്‍, മധുര ഭാഗങ്ങളിലേക്ക് തുടര്‍ച്ചയായി സഞ്ചരിച്ചു.
ജൂണ്‍ 10ന് കോയമ്പത്തൂരില്‍ നിന്ന് മധുര വഴി നാഗര്‍കോവിലിലെത്തി. 11ന് മധുരയില്‍ വച്ച് ഒരു ലാന്‍ഡ് ലൈന്‍ ഫോണില്‍ നിന്ന് ചിലരെ വിളിക്കാന്‍ ശ്രമിച്ചു. പിന്നീട് മരുതമലയില്‍ സന്ദര്‍ശനം നടത്തിയ ബിജു താടിയും മുടിയും വടിച്ചു.
കൈയില്‍ ഉണ്ടായിരുന്ന മൂന്ന് മൊബൈല്‍ ഫോണുകള്‍ ഒരു കടയില്‍ എക്സ്ചേഞ്ച് ചെയ്ത് ബ്ലാക്ബെറി ഫോണ്‍ സ്വന്തമാക്കി. കഴിഞ്ഞ ദിവസം ഭാര്യയുടെ ബന്ധുവായ ചന്ദ്രനെ ബന്ധപ്പെട്ട് ഒരു കാര്‍ വേണമെന്നറിയിച്ചു, അയാള്‍ കൊണ്ടുവന്ന ടാറ്റ ഇന്‍ഡിക്ക കാറിലായിരുന്നു ഇന്ന് കറക്കം.
ബിജു പോലും അറിയാതെ ബിജുവിന്‍റെ പല ഫോണ്‍ നമ്പരുകളും കോയമ്പത്തൂര്‍ ക്യൂ ബ്രാഞ്ച് പൊലീസ് ട്രാക്ക് ചെയ്ത് വരികയായിരുന്നു. ഇന്ന് ഉച്ചയോടെ ഉക്കടം ഭാഗത്തുനിന്ന് ഇതില്‍ ഒരു നമ്പരിന്‍റെ സിഗ്നല്‍ കിട്ടി. തുടര്‍ന്ന് വന്‍ പൊലീസ് സംഘം നടത്തിയ തെരച്ചിലില്‍ ഉച്ചയ്ക്ക് 1.45ന് ബിജു കുടുങ്ങുകയായിരുന്നു.
കോയമ്പത്തൂരില്‍ ഗാന്ധിനഗറിനടുത്ത് തന്‍റെ ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ മുമ്പ് കയറി പരിചയമുണ്ടായിരുന്ന ഒരു മൊബൈല്‍ കടയിലെത്തി ലാപ്ടോപ് വില്‍ക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് ബിജു പിടിയിലായത്.