ബജറ്റ് സമ്മേളനം കഴിഞ്ഞാല്‍ മാണി രാജിവയ്ക്കും ?

വെബ്‌ദുനിയ പൊളിറ്റിക്കല്‍ ഡെസ്ക്
ശനി, 21 മാര്‍ച്ച് 2015 (18:28 IST)
ആരോപണങ്ങളും ആക്ഷേപങ്ങളും നെഞ്ചിലേക്ക് ഏറ്റുവാങ്ങി ഒട്ടും വളയാതെ നില്‍ക്കുകയാണ് ധനമന്ത്രി കെ എം മാണി. പക്ഷേ, നാട്ടുകാരുടെ തല്ല് കൊണ്ടു വരുമ്പോള്‍ വീട്ടുകാരും ഒരു കൈ വെച്ചാലോ. ഏതാണ്ട്, അതേ അവസ്ഥയിലാണ് മാണിയുടെ കാര്യവും. യു ഡി എഫില്‍ മാണിക്കെതിരെ പലരും തലപൊക്കിക്കഴിഞ്ഞു. കോണ്‍ഗ്രസ് വക്താക്കള്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്), ആര്‍ എസ് പി, ഡി സി സി നേതാക്കള്‍ എന്നിവര്‍ പരസ്യമായി തന്നെ മാണിക്കെതിരെ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിട്ടുണ്ട്. കെ പി സി സി വക്താവ് ആയ പന്തളം സുധാകരന്‍ വളരെ ‘മൃദു’വായ ഒരു ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മാണിക്കെതിരെയുള്ള വികാരം വ്യക്തമാക്കിയത്. അഴിമതിക്കെതിരെ പ്രതികരിക്കരുതെന്ന് നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ്, മാണിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കി തന്റെ നിലപാട് മറ്റൊരു കോണ്‍ഗ്രസ് വക്താവായ അജയ് തറയില്‍ വ്യക്തമാക്കിയത്. ഏതായാലും കഴിഞ്ഞദിവസം കെ പി സി സി അധ്യക്ഷന്‍ കോണ്‍ഗ്രസ് വക്താക്കളെയെല്ലാം വിളിച്ചു ചേര്‍ത്ത് നാക്കിനൊരു വിലങ്ങിട്ടിട്ടുണ്ട്. പക്ഷേ, ഏതു നിമിഷം വേണമെങ്കിലും ആ വിലങ്ങ് പൊട്ടാം.
 
എന്തൊക്കെ പറഞ്ഞാലും, കെ എം മാണിക്ക് കേരളത്തില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. മാണിയെ ഒന്ന് നേരിട്ട് കണ്ടാല്‍, ഒരു കോടി കടം ചോദിക്കുമെന്ന് പറയുന്നവരാണ് കേരളത്തില്‍ കൂടുതല്‍. എന്തുകൊണ്ട്, ഇത്രയൊക്കെ ആരോപണങ്ങള്‍ കേട്ടിട്ടും രാജിവെക്കുന്നില്ലെന്ന് ചോദിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. രാഷ്‌ട്രീയത്തിലെ ധാര്‍മ്മികത എന്നതിന്റെ അതിര് ഏതാണെന്ന് ചോദിക്കാനും വോട്ട് ചെയ്തവരില്‍ ചിലര്‍ ആഗ്രഹിക്കുന്നു. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളുടെയും മനസ്സിലുള്ളതാണ് ഈ പുറത്തുവരുന്നത്. എന്തിന് മാണിയെ അനുകൂലിക്കുന്നവരിലും ‘ഒന്ന് രാജി വയ്ക്കെന്ന്’ പറയാന്‍ ആഗ്രഹിക്കുന്നവരുണ്ട്.
 
കാരണം വേറൊന്നുമല്ല, നിലവില്‍ മാണിയുടെ ഇമേജ് എത്രത്തോളം താഴാമോ, അതിനേക്കാള്‍ ഒരു നൂറടി കൂടി താഴ്ന്നിട്ടുണ്ട്. കാരണം, ബജറ്റ് അവതരിപ്പിച്ച് മിടുക്കു കാട്ടാമെന്ന് മാണി കരുതിയെങ്കില്‍ നിയമസഭയില്‍ ഉണ്ടായ എല്ലാ അലമ്പിനും കാരണം അടിസ്ഥാനപരമായി മാണിയാണെന്ന് ജനസംസാരം ഉണ്ട്. ഈ സാഹചര്യത്തില്‍ രാജിവെച്ച് തല്‍ക്കാലത്തേക്ക് ഒന്ന് മാറിനില്‍ക്കുന്നതാണ് നല്ലതെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിനുള്ളിലും ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഈ സാഹചര്യത്തില്‍ ബജറ്റ് സമ്മേളനം കഴിയുമ്പോഴേക്കും മാണി രാജി വയ്ക്കുമെന്നാണ് പാലായില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
 
ബജറ്റ് അവതരണത്തിന്റെ തൊട്ടുമ്പുള്ള ദിവസമായിരുന്നു മാണിയുടെ നിയമസഭാ ജീവിതത്തിന് അമ്പതാണ്ട് തികഞ്ഞത്. പതിമൂന്നാം നിയമസഭയുടെ ബജറ്റ്, ധനമന്ത്രി കെ എം മാണി അവതരിപ്പിക്കുന്ന പതിമൂന്നാം ബജറ്റ്, പതിമൂന്നാം തിയതി അവതരിപ്പിക്കുന്ന ബജറ്റ് തുടങ്ങി 13ന്റെ ഒരു മേളമായിരുന്നു മാണിയുടെ ഇത്തവണത്തെ ബജറ്റിന്. നിയമസഭാജീവിതത്തിന് അമ്പതാണ്ട് തികയുന്ന സമയത്ത് ആരോപണങ്ങള്‍ കേട്ട് രാജിവച്ച് ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ മാണിയുടെ മനസ്സ് അനുവദിച്ചില്ല. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള ധനമന്ത്രിയാണ് കെ എം മാണി. ഇക്കാരണത്താല്‍ തന്നെ ജീവന്‍ പണയം വെച്ചും ബജറ്റ് അവതരിപ്പിക്കുമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്.
 
മാണി ബജറ്റ് അവതരിപ്പിച്ചാല്‍ ആ ബജറ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യില്ലെന്ന് ആദ്യമേ തന്നെ പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. 12 ബജറ്റ് മുമ്പ് അവതരിപ്പിച്ചിട്ടുള്ള മാണി, പക്ഷേ അതിനൊരു മറുമരുന്ന് ആലോചിച്ചു. നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി ചുമത്തി. എത്ര മൌനവ്രതത്തിലായി പോകുന്നയാളും വാ തുറന്നു പോകുന്ന രീതിയിലുള്ളതായിരുന്നു ബജറ്റ്. ബജറ്റില്‍ കൊത്തില്ല എന്ന് പറഞ്ഞ പ്രതിപക്ഷം നികുതി ചുമത്തിയ വിവരം പിറ്റേദിവസം പത്രങ്ങളിലൂടെയാണ് അറിഞ്ഞത്. പക്ഷേ, ഒന്നും മിണ്ടണ്ട എന്ന കാര്യത്തില്‍ അവര്‍ ഉറച്ചു നിന്നു.
 
ഏതായാലും, ഞായറാഴ്ച രാത്രി തന്നെ അവയ്‌ലബിള്‍ യു ഡി എഫ് ചേര്‍ന്ന് (മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി) നിത്യോപയോഗ സാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കാന്‍ തീരുമാനിച്ചു. പക്ഷേ, ആ തീരുമാനം വന്നപ്പോള്‍ കണ്ണൂരില്‍ നിന്നുള്ള ഒരു എം എല്‍ എ സഖാവ് അറിയാതെ ബജറ്റില്‍ കയറി കൊത്തി. തങ്ങളുടെ പ്രതിഷേധം കാരണമാണ് നികുതി എടുത്തുമാറ്റിയത് എന്നായിരുന്നു പ്രതികരണം. ഈ മറുപടി കേട്ട് സന്തോഷിച്ചത് സാക്ഷാല്‍ മാണിയായിരുന്നു. ഒന്നും മിണ്ടില്ലെന്ന് പറഞ്ഞവര്‍ എന്തെങ്കിലുമൊക്കെ ഒന്ന് മിണ്ടിയല്ലോ? പ്രതിപക്ഷത്തിന് കൊത്താന്‍ വേണ്ടി മാത്രമായിട്ടാണ് നികുതിയുടെ ഇര ബജറ്റെന്ന ചൂണ്ടയില്‍ കൊരുക്കുന്നതെന്ന് ഭരണപക്ഷത്തെ ചീഫ് പ്രതിപക്ഷത്തിന് ചോര്‍ത്തി കൊടുത്തെന്നും അതുകൊണ്ടാണ് പ്രതിപക്ഷം മിണ്ടാതിരുന്നതെന്നും തിരുവനന്തപുരത്ത് നിന്ന് അഭ്യൂഹങ്ങളുണ്ട്.
 
ഏതായാലും, മാണിയുടെ ആഗ്രഹങ്ങള്‍ എല്ലാം സാധിച്ചു. നിയമസഭാ ജീവിതത്തില്‍ അമ്പതാണ്ട് തികച്ച വര്‍ഷം ബജറ്റ് അവതരിപ്പിക്കണമെന്ന ആഗ്രഹവും നടന്നു. ഇനി ഈ സര്‍ക്കാരിന് ബജറ്റ് അവതരിപ്പിക്കാന്‍ അവസരം ഇല്ല. പിന്നെ, പാലായ്ക്കായി മനസ്സില്‍ ഉണ്ടായിരുന്ന പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇനി ഒന്ന് രാജി വെച്ചാലും അത് അത്ര വലിയ ക്ഷീണമാകില്ലെന്നാണ് കണക്കു കൂട്ടല്‍. അങ്ങനെയാണെങ്കില്‍ ഈ ബജറ്റ് സമ്മേളനം കഴിയുന്നതോടെ മാണി രാജി വെയ്ക്കും. മാണി രാജിവെയ്ക്കണമെന്ന ആവശ്യം മുന്നണിക്കുള്ളില്‍ എന്നപോലെ പൊതുസമൂഹത്തിലും ശക്തമാണ്. ഈ സാഹചര്യത്തില്‍ മാറി നില്‍ക്കുകയാണെങ്കില്‍ അത് മാണിയുടെ ഇമേജ് ഒന്ന് മോടി പിടിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ‘കോഴ ഇമേജി’ല്‍ നിന്ന് മുക്തി നേടാനും മാണിക്ക് കഴിഞ്ഞേക്കും.