പോള്‍ വധം; കള്ളന്‍ കപ്പലില്‍ തന്നെ

ഞായര്‍, 30 ഓഗസ്റ്റ് 2009 (12:31 IST)
PRO
സൌഹൃദം ഭാവിച്ച് പോളിനോടൊപ്പം കൂടിയ ഗുണ്ടാത്തലവന്‍ ഓം‌പ്രകാശും പുത്തന്‍പാലം രാജേഷും മനുവും ചേര്‍ന്നാണ് പോളിനെ ഇല്ലാതാക്കിയതെന്ന് കുന്നേല്‍ ജയന്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പോലീസിലെ ഒരു വിഭാഗം ഈ രീതിയില്‍ ചിന്തിക്കുന്നതായി കഴിഞ്ഞ റിപ്പോര്‍ട്ടില്‍ ഞാന്‍ എഴുതിയിരുന്നു. ആഭ്യന്തരവകുപ്പും കോടിയേരിയും പറയുന്ന പോലെ, ചങ്ങനാശേരി ക്വട്ടേഷന്‍ സംഘമല്ല പോളിനെ കൊന്നിരിക്കുന്നതെന്നും കള്ളന്‍ കപ്പലില്‍ തന്നെയാണെന്നുമാണ് ഇപ്പോഴത്തെ സൂചന.

പോള്‍ എന്‍‌ഡവര്‍ കാറിനുള്ളില്‍ വച്ചുതന്നെ കൊല്ലപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയത് കാരി സതീഷിന്റെ ‘ബോസ്’ എന്ന് അറിയപ്പെടുന്ന കുന്നേല്‍ ജയനാണ്. പോള്‍ കൊല്ലപ്പെട്ട രാത്രി എന്‍ഡവര്‍ കാറിനെ പിന്തുടര്‍ന്നു തടഞ്ഞുനിര്‍ത്തി ഡോര്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനുള്ളില്‍ നിന്ന്‌ ആരോ കത്തിവീശിയെന്നും അപ്പോഴാണു കൈയ്ക്കു മുറിവേറ്റതെന്നും കാരി സതീഷ് ജയനോട് പറഞ്ഞിരുന്നുവെത്രെ.

എസി റോഡില്‍ ബൈക്ക്‌ യാത്രക്കാരനെ എന്‍ഡവര്‍ ഇടിച്ചിട്ടതു കണ്ടുകൊണ്ടാണു കാരി സതീഷും സംഘവും ടെമ്പോ ട്രാവലറില്‍ എന്‍ഡവറിനെ പിന്തുടരുമ്പോള്‍ മറ്റൊരു വാഹനം സതീഷിനെയും കൂട്ടരെയും പിന്തുടര്‍ന്നിരുന്നു. ജ്യോതി ജംക്ഷനില്‍ വച്ചാണ് എന്‍ഡവറിനെ പിടിക്കാന്‍ പറ്റിയത്. ഡോര്‍ തുറക്കാന്‍ നോക്കിയപ്പോള്‍ ഒരാള്‍ കത്തിവീശി. കാരിയുടെ കൈ മുറിഞ്ഞു. കാറിനുള്ളില്‍ വേറെയും ചിലരുണ്ടായിരുന്നു. ആരും പുറത്തിറങ്ങിയില്ല. അപ്പോള്‍ തൊട്ട് പിന്നില്‍ മറ്റൊരു വാഹനം കണ്ടതായി കാരി എന്നോട് പറഞ്ഞു - ജയന്‍ വെളിപ്പെടുത്തുന്നു.

അടുത്ത പേജില്‍ വായിക്കു“പൊലീസ് തിരക്കഥയില്‍ കാരി സതീഷ്”

PRO
എന്‍ഡവര്‍ ഓടിച്ചിരുന്നത് പോളല്ല എന്ന് കാരി സതീഷ് പറഞ്ഞതായും ജയന്‍ പറയുന്നു. നടന്ന സംഭവങ്ങളെല്ലാം പൊലീസിനോട് പറഞ്ഞുവെങ്കിലും ‘പൊലീസ് തിരക്കഥ’ അഭിനയിച്ചാല്‍ മതിയെന്ന് സമ്മര്‍ദമുണ്ടായതിനെ തുടര്‍ന്നാണ് കാരി സതീഷ് കുറ്റമേറ്റതെന്നും ജയന്‍ പറയുന്നു. എന്നാല്‍, ഓം‌പ്രകാശും ചങ്ങനാശേരി ക്വട്ടേഷന്‍ സംഘവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ജയന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

സി‌പി‌എം ഗുണ്ടയായ ഓം‌പ്രകാശും ആര്‍ എസ് എസ് ഗുണ്ടയായ ജയനും തമ്മില്‍ സൌഹൃദം ഉണ്ടായിരുന്നുവെന്നും ഓം‌പ്രകാശ് വിളിച്ചതിനെ തുടര്‍ന്നാണ് കാരി സതീഷിനെയും സംഘത്തെയും ജയന്‍ അയച്ചതെന്നുമാണ് പൊതുവെയുള്ള നിഗമനം. ആര്‍ എസ് എസുകാരാണ് പോള്‍ വധത്തിന് പിന്നില്‍ എന്ന പിണറായിയുടെയും ആഭ്യന്തരവകുപ്പിന്റെയും പ്രസ്താവനയാണ് ജയനെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. എന്നാല്‍ പിന്നെ, സി‌പി‌എം ഗുണ്ടയായ ഓം‌പ്രകാശിനിട്ട് ‘ഒരു പണി’ കൊടുക്കാം എന്ന ചിന്തയാണെത്രെ ജയന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നില്‍.

ഏറെ പ്രത്യാഘാതങ്ങളും പുതിയ വെളിപ്പെടുത്തലുകളും ഉണ്ടാക്കാവുന്ന ‘ട്വിസ്റ്റ്’ ആണ് പോള്‍ വധക്കേസിന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സി‌പി‌എം ഗുണ്ടകളെ, ആര്‍ എസ് എസ് ഗുണ്ടകള്‍ കൈവിട്ടതോടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളുടെ ശരമാരി പ്രതീക്ഷിക്കാം. ‘കളി കൈവിട്ട് പോയി’ എന്നറിഞ്ഞതോടെയാവണം ഓം‌പ്രകാശ് കളം വിട്ടോടി രക്ഷപ്പെട്ടത്.

വെബ്ദുനിയ വായിക്കുക