പോള്‍ ‘വധക്കഥ’ക്കെതിരെ പൊലീസിലെ വിഭാഗം

വ്യാഴം, 27 ഓഗസ്റ്റ് 2009 (17:15 IST)
PRO
PRO
മുത്തൂറ്റ് പോള്‍ വധക്കേസിനെ പറ്റി ഇപ്പോള്‍ വന്നിരിക്കുന്ന ‘ഔദ്യോഗികഭാഷ്യം’ സാമാന്യയുക്തിക്ക് നിരക്കുന്നതല്ലെന്നും കെട്ടിച്ചമച്ചതാണെന്നും പൊലീസിലെ ഒരു വിഭാഗം കരുതുന്നു. ഗുണ്ടാത്തലവന്‍ ഓം‌പ്രകാശും പുത്തന്‍പാലം രാജേഷും മനുവും ചേര്‍ന്നാണ് പോളിനെ ഇല്ലാതാക്കിയതെന്നും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരു പ്രമുഖന് വേണ്ടിയായിരുന്നു ഈ കൊല ഇവര്‍ നടത്തിയതെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചില പൊലീസ് ഉദ്യോഗസ്ഥര്‍ അനുമാനിക്കുന്നു.

പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട് പ്രകാരം പോളിന്റെ ശരീരത്തില്‍ നെടുകെയുള്ള വലിയ മുറിവുകള്‍ ഇല്ല. ആഴത്തിലുള്ള, ചെറിയ മുറിവുകളാണ് ശരീരത്തില്‍ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വടിവാള്‍ പോലുള്ള വലിയ ആയുധങ്ങളൊന്നും കൊലയ്ക്ക് ഉപയോഗിച്ചിരുന്നില്ല എന്ന് കരുതാം. അതായത്, എന്‍‌ഡവര്‍ പോലുള്ള ഒരു വാഹനത്തിന് ഉള്ളില്‍ വച്ച് ഒരാളെ കൊല്ലാന്‍ പാകത്തിലുള്ള ആയുധങ്ങളാണ് കൊലപാതകത്തിന് ഉപയോഗിച്ചിരിക്കുന്നത്.

കൊല്ലപ്പെടുമ്പോള്‍ സ്വന്തം കാ‍റിലായിരുന്നില്ല മുത്തൂറ്റ് പോള്‍ എന്ന് മനുവും കാരി സതീഷും മൊഴി നല്‍‌കിയിട്ടുണ്ട്. മനുവിന്റെ പേരില്‍ പുത്തന്‍പാലം രാജേഷ് വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് വാങ്ങിയ എന്‍‌ഡവറിലാണ് കൊല നടന്നിരിക്കുന്നത്. പോളിനെ കൊല്ലാനുള്ള ആയുധങ്ങളെല്ലാം മുമ്പുതന്നെ എന്‍‌ഡവറില്‍ തയ്യാറാക്കി വയ്ക്കുകയും പിന്നീട് എന്‍‌ഡവറിലേക്ക് പോളിനെ ക്ഷണിക്കുകയുമായിരുന്നു.

സ്വന്തം കാറുള്ളപ്പോള്‍ എന്തിന് പോള്‍ എന്‍‌ഡവറിലേക്ക് വന്നു എന്നതിന്റെ ഉത്തരമാണ് എന്‍‌ഡവറില്‍ ഉണ്ടായിരുന്ന നടിയും പ്രമുഖനും. ‘സ്ത്രീ’ വിഷയത്തില്‍ അല്‍‌പം വീക്ക് ആയിരുന്ന പോളിനെ നടിയെ കാണിച്ച് പ്രലോഭിപ്പിച്ച് ഈ പ്രമുഖന്‍ എന്‍‌ഡവറിലേക്ക് വരുത്തിയിരിക്കാം. മാരാരിക്കുളത്ത് നിന്ന് നല്ലവണ്ണം മദ്യപിച്ചിട്ടുണ്ടായിരുന്നതിനാല്‍ പോള്‍ ചെറിയ പ്രലോഭനത്തില്‍ പോലും വീഴുന്ന അവസ്ഥയില്‍ ആയിരുന്നിരിക്കാം.

വണ്ടിയില്‍ ഉണ്ടായിരുന്ന പ്രമുഖന്‍ റിസോര്‍ട്ട് വില്‍‌പനയ്ക്കായി പോളുമായി ഇടക്കിടെ ബന്ധപ്പെട്ടിരുന്ന ആളായിരിക്കാം. റിസോര്‍ട്ടിന്റെ കാര്യത്തില്‍ പോളിന്റെ അന്തിമ തീരുമാനം എന്തായിരിക്കും എന്ന് അറിയുക കൂടി പ്രമുഖന്റെ ലക്‌ഷ്യം ആയിരുന്നിരിക്കാം. താന്‍ വിചാരിച്ച രീതിയില്‍ പോള്‍ വഴങ്ങില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ തീര്‍ത്തുകളയാന്‍ അയാള്‍ ഓം‌പ്രകാശിനോടും പുത്തന്‍പാലം രാജേഷിനോടും ആവശ്യപ്പെടുകയായിരുന്നു..

വന്‍കിടക്കാര്‍ക്കുവേണ്ടിയുള്ള ഓപ്പറേഷനുകള്‍ കൃത്യമായും വ്യക്തമായും ഓപ്പറേറ്റുചെയ്യാന്‍ കഴിവുള്ള ഓം‌പ്രകാശിന് ആര്‍ക്കും ഒരു തെളിവും അവശേഷിപ്പിക്കാതെ പോളിനെ ഇല്ലാതാക്കാന്‍ വളരെ എളുപ്പം സാധിച്ചു. സ്പോട്ടില്‍ നിന്ന് രക്ഷപ്പെടാനും എന്തെങ്കിലും തുമ്പ് കണ്ടെത്തുകയാണെങ്കില്‍ കുറ്റമേല്‍‌ക്കാനുമാണ് ഓം‌പ്രകാശും രാജേഷും ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തെ വിളിച്ചുവരുത്തിയത്.

ഓം‌പ്രകാശിന്റെ ആസൂത്രണ വൈഭവത്തില്‍, സ്കെച്ചിട്ട രീതിയില്‍ കൃത്യമായി കാര്യങ്ങള്‍ നീങ്ങി. ബൈക്കുകാരനെ ഇടിച്ചിട്ട എന്‍‌ഡവര്‍‌ക്കാരോട് പ്രതികാരം ചെയ്യാന്‍ ‘ഓം‌പ്രകാശ് പരിശീലിപ്പിച്ച പോലെ’ കാരി സതീഷും കൂട്ടരുമെത്തി. അതിനുള്ളില്‍, പോളിന്റെ കഥ കഴിഞ്ഞിരുന്നു. കാരി സതീഷും കൂട്ടരും എന്‍‌ഡവര്‍ തടഞ്ഞ് നിര്‍ത്തുകയും അലമ്പുണ്ടാക്കുന്നതായി അഭിനയിക്കുകയും ചെയ്തു, വഴിയാത്രക്കാര്‍ കണ്ടാല്‍ ‘അസല്‍’ എന്ന് പറയണമല്ലോ!

എല്ലാം കഴിഞ്ഞതോടെ, പ്രമുഖനും നടിയും ഓം‌പ്രകാശും രാജേഷുമെല്ലാം ചങ്ങനാശ്ശേരി സംഘത്തിന്റെ സഹായത്തോടെ രക്ഷപ്പെട്ടു. തുടര്‍ന്ന്, ഓം‌പ്രകാശ് എഴുതിയ തിരക്കഥയിലെ ബാക്കിഭാഗം ആഭ്യന്തരവകുപ്പും പൊലീസും അഭിനയിക്കാനും തുടങ്ങി.

വെബ്ദുനിയ വായിക്കുക