പിറവത്ത് വ്യാഴാഴ്ച പ്രചാരണം അവസാനിക്കുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ മറ്റേതൊരു ഉപ തെരഞ്ഞെടുപ്പിനേക്കാളും പ്രാധാന്യം പിറവം തെരഞ്ഞെടുപ്പിനുണ്ട്. അതുകൊണ്ടുതന്നെ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാടാനുള്ള തയ്യാറെടുപ്പിലാണ്. എന്തായാലും പിറവം പ്രവചനാതീതമാണെന്ന് ഇരുമുന്നണികളും രഹസ്യമായി സമ്മതിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
PRO
PRO
തുടക്കത്തില്‍ ഇരു മുന്നണികളും പരസ്പരം തൊടുത്തിരുന്ന വിമര്‍ശനാസ്ത്രങ്ങളെല്ലാം പഴഞ്ചനാവുകയും പുതിയ സംഭവ വികാസങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഉരുത്തിരിയുകയും ചെയ്തതാണ് പിറവത്തെ പ്രവചനാതീതമാക്കുന്നത്.
‘പ്രസ്റ്റീജ്’ തെരഞ്ഞെടുപ്പ് എന്നതായിരുന്നു ആദ്യ ഘട്ടത്തില്‍ ഇരു മുന്നണികളുടെയും പ്രചാരണ തന്ത്രം. ജേക്കബിന്റെ നിര്യാണത്തെ സഹതാപ തരംഗമാക്കാന്‍ വലതുമുന്നണിയും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തെ വിലയിരുത്താന്‍ ജനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ട് ഇടതുമുന്നണിയും പ്രചരണ പരിപാടികള്‍ക്ക് തുടക്കമിട്ടു.
ഭരണപക്ഷത്തിരുന്നിട്ടും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനം തങ്ങളെ അപ്പാടെ കൈവിട്ടില്ല എന്ന ആത്മവിശ്വാസം ഇടതുമുന്നണിക്ക് ഉണ്ടായിരുന്നു. വെറും നാമമാത്രമായ വോട്ടിനാണ് അന്തരിച്ച പിറം എംഎല്‍എ ടിഎം ജേക്കബ് വിജയിച്ചത് എന്നതും ഇടതുമുന്നണിക്ക് ആശ്വാസമേകുന്ന വസ്തുതയായിരുന്നു. അതിനിടയിലാണ് അരുണ്‍കുമാറിനെ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ തിരുകിക്കയറ്റാന്‍ വിഎസ് ശ്രമിച്ചെന്ന ആരോപണവും തുടര്‍ന്നുള്ള സംഭവങ്ങളും അരങ്ങേറിയത്. പ്രചാരണ തന്ത്രങ്ങളുടെ സമവാക്യങ്ങള്‍ അതോടെ മാറി.
ഇടിത്തീ പോലെ ഉണ്ടായ ശെല്‍വരാജിന്റെ രാജി, വലതുമുന്നണി സ്ഥാനാര്‍ഥി അനൂപ് ജേക്കബ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ സത്യം മറച്ചുവച്ചെന്ന വാര്‍ത്ത, സിന്ധു ജോയിയെ പരാമര്‍ശിച്ചു അച്യുതാനന്ദന്‍ നടത്തിയ വിവാദ പ്രസ്താവന, തിരുകേശ വിവാദത്തെ സാംസ്കാരിക ചര്‍ച്ചയാക്കിയ പിണറായിയുടെ ഇടപെടല്‍, ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്ത വനിതകള്‍ക്കെതിരേ കേസെടുത്ത സംഭവം, റെയില്‍വേ ബജറ്റില്‍ സംസ്ഥാനത്തെ പഴയപോലെ കേന്ദ്രം ചതിച്ച കഥ എന്നീ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പിറവം തെരഞ്ഞെടുപ്പ് അരങ്ങേറാന്‍ ഇരിക്കുന്നത്.
PRO
PRO
പുതിയ പശ്ചാത്തലത്തില്‍ നിര്‍ണായകമാവുക ശെല്‍വരാജിന്റെ രാജിയാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. പാര്‍ട്ടിക്കുള്ളിലെ പിടലപ്പിണക്കം കൊണ്ടാണ് ശെല്‍വരാജ് രാജിവച്ചത് എന്ന് വലതുമുന്നണിയും വലതുമുന്നണി നടത്തിയ ‘കുതിരക്കച്ചവടം’ ആയിരുന്നു രാജിയെന്ന് ഇടതുമുന്നണിയും പറയുന്നു.
വിവിധ വിഷയങ്ങള്‍ പ്രചാരണരംഗങ്ങളില്‍ സജീവമാകുമ്പോഴും പിറവത്തിന്റെ മനസ്സ് ആര്‍ക്കും പിടികൊടുക്കാതെ നില്‍ക്കുകയാണ്. കാരണം, സാധാരണ ജനങ്ങള്‍ ഏതൊക്കെ വിഷയങ്ങള്‍ ‘സെന്‍സിറ്റീവ്’ ആയി എടുക്കുമെന്ന് ആര്‍ക്കും പറയാനാകില്ല. വിലക്കയറ്റം, മുല്ലപ്പെരിയാര്‍ വിഷയം, തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വയറ്റത്തടിക്കാനിരിക്കുന്ന വൈദ്യുതി പ്രതിസന്ധി എന്നിവയൊക്കെയാകാം ചിലപ്പോള്‍ സാധാരണ വോട്ടര്‍മാരെ സ്വാധീനിച്ചേക്കുക.
മാര്‍ച്ച് 17-ന് (ശനിയാഴ്ച) വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലേക്ക് മാര്‍ച്ച് ചെയ്യുകയും തെരഞ്ഞെടുപ്പ് ഫലം 21-ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതോടെ ‘ഇടത് - വലത്’ പോരാട്ടം നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലേക്ക് നീങ്ങും. ആരാണ് വര്‍ദ്ധിതവീര്യത്തോടെ നെയ്യാറ്റിന്‍കരയിലേക്ക് നീങ്ങുകയെന്ന് അറിയാന്‍ കേരളമൊട്ടാകെ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയാണ്.