മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് കോടതിയുത്തരവ് വന്നതോടെ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായി. ഏത് അന്വേഷണവും നേരിടുമെന്നും രാജിയില്ലെന്നുമൊക്കെ മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനുള്ളില്‍ തന്നെ വലിയ പടയൊരുക്കം നടക്കുന്നുണ്ട്. ഇതിന് നേതൃത്വം നല്‍കുന്നത് ഐ ഗ്രൂപ്പാണ്.
നേതൃമാറ്റം വേണം, അല്ലെങ്കില്‍ നിയമസഭ പിരിച്ചുവിടണം എന്ന ആവശ്യമാണ് ഐ ഗ്രൂപ്പ് ഉയര്‍ത്താനൊരുങ്ങുന്നത്. ആലപ്പുഴയിലെ പരിപാടികളെല്ലാം റദ്ദാക്കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരത്തേക്ക് തിരിച്ചു. തിരുവനന്തപുരത്ത് വലിയ തോതിലുള്ള ചര്‍ച്ചകള്‍ നടക്കും.
സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രിയുമായോ കെ പി സി സി അധ്യക്ഷനുമായോ ചര്‍ച്ച നടത്താനല്ല ചെന്നിത്തല തിരുവനന്തപുരത്തേക്ക്ക് പോകുന്നത് എന്നത് ശ്രദ്ധേയമാണ്. സുധീരന്‍ ഇപ്പോള്‍ കോട്ടയത്തും ഉമ്മന്‍ചാണ്ടി മലപ്പുറത്തുമാണുള്ളത്. അതുകൊണ്ടുതന്നെ ഐ ഗ്രൂപ്പ് നേതാക്കളുമായി ചെന്നിത്തല തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്.
അതേസമയം, ഇപ്പോഴത്തെ പ്രതിസന്ധി മുറിച്ചുകടക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും ആലോചിക്കുകയാണ്. എത്രയും പെട്ടെന്ന് ഉത്തരവിന് സ്റ്റേ കിട്ടിയാല്‍ നേതൃമാറ്റം എന്ന ആവശ്യത്തിന് തടയിടാമെന്ന ചിന്തയിലാണ് അവര്‍.
മാത്രമല്ല, തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ കൂട്ടായ ആക്രമണത്തിന് എ ഗ്രൂപ്പ് നേതാക്കള്‍ ശ്രമിക്കുകയും ചെയ്യുന്നു. അതേസമയം, ഹൈക്കമാന്‍ഡിന്‍റെ നിലപാട് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ നിര്‍ണായകമാകും. എ കെ ആന്‍റണിയുമായും മുകുള്‍ വാസ്നിക്കുമായും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിരന്തരം ബന്ധപ്പെട്ടുവരികയാണ്.